ദോഹ: ഖത്തർ എനർജിയുടെ പുതിയ ദ്രവീകൃത പ്രകൃതി വാതക കപ്പലുകളുടെ പ്രവർത്തന മേൽനോട്ടം സംബന്ധിച്ച് ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ടേഷൻ കമ്പനിയായ നാഖിലാത്തുമായി കരാറിൽ ഒപ്പുവെച്ചു. 25 എൽ.എൻ.ജി കപ്പലുകളുടെ പ്രവർത്തനം സംബന്ധിച്ചാണ് ടൈം ചാർട്ടർ പാർട്ടി കരാർ.
ദോഹയിൽ ഖത്തർ എനർജി ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയും പ്രസിഡന്റുമായ സഅദ് ശെരീദ അൽ കഅ്ബി, നാഖിലാത്ത് സി.ഇ.ഒ അബ്ദുല്ല അൽ സുലൈത്തി എന്നിവർ കരാർ ഒപ്പുവെച്ചു. ഖത്തർ എനർജി, ഖത്തർ എനർജി എൽ.എൻ.ജി, നാഖിലാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
25 എൽ.എൻ.ജി കപ്പലുകളിൽ 17 എണ്ണം ദക്ഷിണ കൊറിയയിലെ ഹ്യൂണ്ടായ് ഹെവി ഇൻഡസ്ട്രീസ് (എച്ച്.എച്ച്.ഐ) കപ്പൽശാലയിലാണ് നിർമിക്കുന്നത്. ബാക്കി എട്ട് കപ്പലുകൾ ഹാൻവാ ഓഷ്യനിലാണ് നിർമാണം. പുതിയ എൽ.എൻ.ജി കപ്പലുകളുടെ ഓപറേറ്ററായി കഴിഞ്ഞ മാസം നാഖിലാത്തിനെ തിരഞ്ഞെടുത്തിരുന്നു.
ഖത്തർ എനർജിയുടെ എൽ.എൻ.ജി ഷിപ്പിങ് പദ്ധതി നടപ്പാക്കുന്നതിൽ ഒപ്പുവെച്ച കരാറുകൾ വലിയ പങ്ക് വഹിക്കുന്നുവെന്നും, എൽ.എൻ.ജി ഉൽപാദനശേഷി പ്രതിവർഷം 142 ദശലക്ഷം ടണ്ണായി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അൽ കഅ്ബി വ്യക്തമാക്കി.
ഓരോ കപ്പലുകൾക്കും 174000 ക്യൂബിക് മീറ്റർ ശേഷി ഉണ്ടായിരിക്കും. 15 വർഷത്തെ ടി.സി.പി കരാറുകൾക്ക് അനുസൃതമായി ഖത്തർ എനർജിയുടെ അഫിലിയേറ്റുകൾക്ക് നാഖിലാത്ത് ചാർട്ടർ നൽകുകയും ചെയ്യും. ഖത്തർ എനർജിയുമായുള്ള പങ്കാളിത്തത്തിൽ ഏറെ അഭിമാനിക്കുന്നുവെന്നും, ഇതിലൂടെ നോർത്ത് ഫീൽഡ് എൽ.എൻ.ജി വിപുലീകരണ പദ്ധതികളുടെ ആവശ്യകതകൾ നിറവേറ്റുന്നതിൽ സജീവ പങ്കാളികളാകാൻ ആഗ്രഹിക്കുന്നുവെന്നും നാഖിലാത്ത് സി.ഇ.ഒ എൻജി. അബ്ദുല്ല അൽ സുലൈത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.