ദോഹ: അന്താരാഷ്ട്ര റാലി ഡ്രൈവറും സ്കീറ്റ് ഷൂട്ടറുമായ നാസർ അൽ അതിയ്യയെ ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി അംബാസഡറായി നിയമിച്ചു. ഖത്തർ റെഡ്ക്രസന്റിന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രചാരകൻ എന്ന നിലയിലാണ് മേഖലയിലെ ശ്രദ്ധേയ താരത്തെ അംബാസഡറായി നിയമിച്ചത്. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും ഖത്തർ റെഡ്ക്രസന്റിന്റെ സേവനങ്ങളുടെയും സന്നദ്ധപ്രവർത്തനങ്ങളുടെയും പ്രചാരകനായി ഇദ്ദേഹം തുടരും.
മരുഭൂമിയിലെ മണൽ കുന്നുകളും ദുർഘടമായ പാതകളും താണ്ടിയുള്ള ഡാകർ കാർ റാലിയിൽ അഞ്ചു തവണ ജേതാവാണ് ഖത്തറിന്റെ സാഹസിക ഡ്രൈവറായ നാസർ അൽ അതിയ്യ. 2012 ലണ്ടൻ ഒളിമ്പിക്സിൽ സ്കീറ്റ് ഷൂട്ടിങ്ങിൽ വെങ്കലവും നേടിയിരുന്നു. ഖത്തർ കായിക ലോകത്തും യുവാക്കൾക്കിടയിലും മാതൃക വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം.
ഖത്തറിലെയും വിദേശരാജ്യങ്ങളിലെയും റെഡ്ക്രസന്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനുള്ള നിയോഗം അഭിമാനകരമായ ദൗത്യമാണെന്ന് അംബാസഡർ പദവി ഏറ്റെടുത്തുകൊണ്ട് നാസർ അൽ അതിയ്യ പറഞ്ഞു. ഖത്തർ റെഡ്ക്രസന്റ് കുടുംബത്തിലേക്ക് നാസർ അൽ അതിയ്യയെ സ്വാഗതംചെയ്യുന്നതായി ക്യു.ആർ.സി.എസ് ആക്ടിങ് സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.