ദോഹ: കായികലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള പത്ത് വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിന്റെ സ്പോർട്സ് ചാനലായ ബീ ഇൻ സ്പോർട്സ് ചെയർമാനും ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ പ്രസിഡന്റുമായ നാസർ ബിൻ ഗാനിം അൽ ഖിലൈഫി. ലണ്ടൻ ആസ്ഥാനമായ സ്പോർട്സ് പ്രോ തിരഞ്ഞെടുത്ത 2022ലെ ഏറ്റവും സ്വാധീനശക്തികളായ കായികസംഘാടകരുടെ പട്ടികയിലാണ് കരുത്തനായ സംഘാടകൻ ഖിലൈഫി ഇടംനേടിയത്. ലോകകായിക സംഘാടനത്തിലും കായികമേഖലയെ നയിക്കുന്നതിലുമുള്ള കരുത്തിന്റെ അടിസ്ഥാനത്തിലാണ് പത്ത് പേരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഡിസ്കവറി സി.ഇ.ഒയും പ്രസിഡന്റുമായ ഡേവിഡ് സസ്ലാവ്, കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ ചീഫ് എക്സിക്യൂട്ടിവ് കാതി സാഡ്ലിയർ ഉൾപ്പെടെയുള്ള ആഗോള സ്പോർട്സ് കുലപതികൾക്കൊപ്പമാണ് നാസർ ഖിലൈഫിയും ഇടം പിടിച്ചത്. കഴിഞ്ഞ സീസണിൽ ലയണൽ മെസ്സിയെ പി.എസ്.ജിയിലെത്തിച്ചും ഫ്രഞ്ച് ലീഗിലെ ലോകശ്രദ്ധയിലേക്ക് ഉയർത്തിയും ശ്രദ്ധേയനായ ഖത്തറുകരാനായ ഖിലൈഫി നിലവിൽ യുവേഫ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും യൂറോപ്യൻ ക്ലബ് അസോസിയേഷൻ ചെയർമാനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.