ദോഹ: 2024 ആദ്യ പാദത്തിൽ ഖത്തർ പുതിയ ഭക്ഷ്യസുരക്ഷ പദ്ധതി അവതരിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഡയറക്ടർ ഡോ. മസ്ഊദ് ജാറല്ല അൽ മർറി അറിയിച്ചു.ഖത്തർ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം 2024-2030 ഏഴു വർഷത്തേക്ക് ഖത്തർ ദേശീയ വിഷൻ 2030ന് അനുസൃതമായി
നടപ്പാക്കുമെന്നും ഡോ. മസ്ഊദ് ജാറല്ല അൽ മർറി കൂട്ടിച്ചേർത്തു. പുതിയ ഭക്ഷ്യസുരക്ഷ തന്ത്രം അന്തിമഘട്ടത്തിലാണെന്നും, അധികാരികളുടെ അംഗീകാരം നേടിയതിനുശേഷം അടുത്ത വർഷം ആദ്യ പാദത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
2030 എന്ന ലക്ഷ്യത്തിലേക്ക് ഏഴുവർഷത്തെ അകലമാണുള്ളത്. മുൻ പദ്ധതികളിൽനിന്നും ലഭിച്ച അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ടാണ് പുതിയ തന്ത്രം രൂപകൽപന ചെയ്തിരിക്കുന്നതെന്നും അതിന്റെ തുടർച്ചയോടൊപ്പം വികസിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.സുസ്ഥിരത കൈവരിക്കുക, ആധുനിക സാങ്കേതികവിദ്യകളെ ആശ്രയിക്കുക, കാർഷിക മേഖലയിലെ നൂതന സമ്പ്രദായങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ ഭക്ഷ്യ സുരക്ഷ പദ്ധതി വികസിപ്പിക്കുന്നത്.
വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും വിൽപന കേന്ദ്രങ്ങൾ വിപുലീകരിക്കാനും വില നിലനിർത്തുമ്പോൾ തന്നെ അവ പ്രചരിപ്പിക്കാനും വിപണി സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിൽ പുതിയ തന്ത്രം നിർണായകമാകും.
സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിലും പ്രാദേശിക ഉൽപാദനം മെച്ചപ്പെടുത്തുന്നതിലും പുതിയ കാർഷിക രീതികൾ വികസിപ്പിക്കുന്നതിലും ആധുനിക കാർഷിക രീതികൾ അവലംബിക്കുന്നതിലും രാജ്യത്തിന്റെ ശ്രമഫലമായി ആഗോള ഫുഡ് സെക്യൂരിറ്റി സൂചികയിൽ ഖത്തർ
മികച്ച റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. കാർഷിക, ഭക്ഷ്യസുരക്ഷ മേഖലകൾ ഉൾപ്പെടെ രാജ്യത്തെ സാമ്പത്തിക മേഖലകൾ വികസിപ്പിക്കുന്നതിന് ഖത്തർ വലിയ പ്രാധാന്യമാണ് നൽകുന്നത്. രാജ്യത്തിന്റെ കാർഷികമേഖലയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് മികച്ച വിവരങ്ങളും കൃത്യമായ സ്ഥിതിവിവരക്കണക്കുകളും നൽകുന്നതിന് 20 വർഷത്തിനിടെ ആദ്യമായി കാർഷിക സെൻസസും മുനിസിപ്പാലിറ്റി മന്ത്രാലയം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.