ദോഹ: ഖത്തറിലുള്ളവർക്ക് സമീപഭാവിയിൽ തന്നെ പാണ്ടകളെ നേരിൽ കാണാനുള്ള ഭാഗ്യം ലഭിക്കും. അൽഖോറിലെ മൃഗശാലയിലേക്കാണ് ഭീമൻ പാണ്ടകളെ എത്തിക്കുന്നത്. ലോകത്തെ ഏറ്റവും ഓമനത്തമുള്ള ജീവികളായാണ് പാണ്ടകൾ അറിയപ്പെടുന്നത്.
പാണ്ടകൾക്കായുള്ള പ്രത്യേക ആവാസസ്ഥലം ഒരുക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ കഴിഞ്ഞ ദിവസം ടെൻഡർ ക്ഷണിച്ചു. സെപ്തംബർ 4 ആണ് ടെൻഡർ നൽകാനുള്ള അവസാന തിയ്യതി. പദ്ധതി യാഥാർത്ഥ്യമാകുകയാണെങ്കിൽ ഖത്തറിലുള്ളവർക്ക് പാണ്ടകളെ കാണണമെങ്കിൽ ചൈനയിലേക്കോ യൂറോപ്പിലേക്കോ വടക്കേ അമേരിക്കയിലേക്കോ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കോ വിമാനം കയറേണ്ടി വരില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ചൈനയാണ് ഓമനത്തമുള്ള ജീവികളായ പാണ്ടകളുടെ ജന്മരാജ്യം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മൃഗശാലകളിലേക്ക് പാണ്ടകളെ എത്തിക്കുന്നതും ചൈനയിൽ നിന്ന് തന്നെ. 'പാണ്ട ഡിപ്ലോമസി' എന്നാണ് ഇത് അറിയപ്പെടുന്നത്. പാണ്ടക്ക് നാല് വയസ്സ് തികയുന്നതോടെ പ്രജനനം നടത്തുന്നതിനായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് പതിവ്.
വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയിൽ നിന്നും 2016ൽ പാണ്ടകൾ പുറത്തുകടന്നതായി അന്താരാഷ്ട്ര സംഘടനയായ ഐ യു സി എൻ വ്യക്തമാക്കിയിരുന്നു. ഭീമൻ പാണ്ടകളെ സംരക്ഷിക്കുന്നതിനും വംശം നിലനിർത്തുന്നതിനുമായുള്ള ചൈനയുടെ കഠിനപ്രയത്നമാണ് ഇവയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. 1995ൽ ലോകത്ത് ആയിരത്തിൽ താഴെ മാത്രമായിരുന്നു പാണ്ടകളുണ്ടായിരുന്നത്.
10 വർഷം കൊണ്ട് ഇവയുടെ എണ്ണം 1600 കവിഞ്ഞു. 2016ൽ ഐ യു സി എൻ തീരുമാനം വരുമ്പോൾ ഇവയുടെ എണ്ണം രണ്ടായിരത്തിനടുത്തെത്തിയിരുന്നു. നവീകരണത്തിന് ശേഷം ഈ വർഷം ആദ്യത്തിൽ അൽഖോർ ഫാമിലി പാർക്ക് വീണ്ടും കുടുംബങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു. 32 മില്യൻ റിയാലിെൻറ നവീകരണ പ്രവർത്തനങ്ങളാണ് പാർക്കിൽ നടന്നത്.
49 വർഗങ്ങളിൽ നിന്നായി 315 മൃഗങ്ങളും പക്ഷികളുമുൾപ്പെടെയുള്ള മിനി മൃഗശാലയാണ് അൽഖോർ ഫാമിലി പാർക്കിെൻറ പുതിയ സവിശേഷത. കണ്ടാമൃഗം, ജിഫാഫ്, മുതല, കരടി, കടുവ, ചീറ്റപ്പുലി തുടങ്ങിയ അൽഖോർ മൃഗശാലയിലെ പുതിയ അതിഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.