ദോഹ: ഖത്തറെന്ന കൊച്ചുരാജ്യം ഒത്തിരി നേട്ടങ്ങളുമായാണ് 2018ലെ പ്രയാണം തുടങ്ങുന്നത്. ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ജൂലൈ 21നാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് സംസാരിച്ചത്.
ഗൾഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഖത്തറിെൻറ ഭാവി എന്തായിരിക്കുമെന്നാണ് അമീർ ജനങ്ങളോടുള്ള പ്രസംഗത്തിൽ ഉൗന്നൽ നൽകിയത്. പരമാധികാരമെന്ന ചുകപ്പ് രേഖയിൽ നിന്നും ഒരടി പിന്നോട്ട് പോകാതെ പ്രതിസന്ധിക്കുള്ള പരിഹാരത്തിന് ഖത്തർ സന്നദ്ധമാണെന്നും അമീർ ലോകത്തോട് വിളിച്ചു പറഞ്ഞു. സെപ്തംബർ 19ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന ജനറൽ അസംബ്ലിയിലും പരമാധികാരത്തെ പരസ്പരം മാനിച്ചു കൊണ്ടുള്ള സമാധാന ചർച്ചകൾക്ക് ഖത്തർ സന്നദ്ധമാണെന്ന് അമീർ വ്യക്തമാക്കിയിരുന്നു.
അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ 2018
ഖത്തറിെൻറ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വർഷം കൂടിയായിരിക്കും 2018 എന്നാണ് പോയ വർഷത്തിലെ ബജറ്റുകൾ പറയുന്നത്. 21.8 ബില്യൻ റിയാൽ ആണ് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി പൊതുമരാമത്ത് വകുപ്പായ അശ്ഗാൽ നീക്കിവെച്ചത്. 2022 ഫിഫ ലോകക്കപ്പ് സ്റ്റേഡിയങ്ങളിലേക്കുള്ള 90ശതമാനം റോഡുകളും ഈ വർഷം പൂർത്തിയാക്കുമെന്ന് അശ്ഗാൽ പ്രഖ്യാപിച്ചു കഴിഞ്ഞു. 12 മേഖലകളിലായി 19 ബൃഹത് പദ്ധതികളാണ് ഈ വർഷം പൂർത്തിയാക്കുക. 113 കിലോമീറ്റർ ഹൈവേയും 20 പുതിയ പ്രധാന ഇൻറർസെക്ഷനുകളും ഇതിെൻറ കൂടെ പൂർത്തിയാക്കും. ആരോഗ്യം, വിദ്യാഭ്യാസം മേഖലകളിൽ ഒമ്പത് പദ്ധതികളാണ് പൂർത്തീകരിക്കാനുള്ളത്. കൂടാതെ ഖത്തറിെൻറ വ്യവസായ മേഖലയുടെ കുതിപ്പ് ലക്ഷ്യമാക്കി 47 ഫാക്ടറികളുടെ നവീകരണ പ്രവൃത്തിയും ഈ വർഷം അശ്ഗാലിെൻറ മുൻഗണനയിലുണ്ട്. ഹൈവേ നിർമ്മാണത്തിനായി 11.8 ബില്യൻ റിയാലും അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ വികസനങ്ങൾക്കായി 8.88 ബില്യൻ റിയാലും മലിനജല പമ്പിംഗ് സ്റ്റേഷൻ നിർമ്മാണങ്ങൾക്കായി 1.84 ബില്യൻ റിയാലുമാണ് പുതുവർഷത്തിൽ നീക്കിവെച്ചിരിക്കുന്നത്.
ദേശീയ മേൽവിലാസ വിവരങ്ങൾ
ദേശീയ മേൽവിലാസം സംബന്ധിച്ചുള്ള നിയമമാണ് പോയവർഷത്തിലെ പ്രധാന നിയമങ്ങളിലൊന്ന്. 2017ലെ 24ാം നമ്പർ നിയമമായിക്കൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിയമത്തിന് അംഗീകാരം നൽകിക്കഴിഞ്ഞു. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്ഥിരം മേൽവിലാസമുണ്ടാക്കുന്നതിന് നിയമം അനുശാസിക്കുന്നുണ്ട്. താമസിക്കുന്ന സ്ഥലം, മൊബൈൽ നമ്പർ, ലാൻഡ് ലൈൻ നമ്പർ, ഇ–മെയിൽ വിലാസം, തൊഴിൽ വിലാസം, വിദേശത്തെ സ്ഥിരം മേൽവിലാസം തുടങ്ങിയവ പുതിയ നിയമത്തിെൻറ പരിധിയിൽ പെടുന്നു.
ഭീകരവാദത്തിനെതിരായ ഖത്തർ–അമേരിക്ക ധാരണാപത്രം
ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായം തടയുന്നതിനും അതിനെതിരെ പോരാടുന്നതിനുമായി ഖത്തറും അമേരിക്കയുമായുള്ള ധാരണാപത്രം ഒപ്പുവെക്കൽ ഖത്തറിെൻറ ഭീകരവാദവിരുദ്ധ പോരാട്ടത്തിലെ മികച്ച നാഴികക്കല്ലാണ്. 2017 ജൂലൈ 11നാണ് അമേരിക്കയുമൊത്ത് ഖത്തർ ധാരണാപത്രം ഒപ്പുവെച്ചത്. ഭീകരവിരുദ്ധ പോരാട്ടത്തിൽ ഖത്തറിെൻറ നീക്കം മറ്റുരാജ്യങ്ങൾക്ക് മാതൃകയാണെന്ന് അമേരിക്ക പറഞ്ഞു.
പുതിയ ആശുപത്രി കോംപ്ലക്സിെൻറ ഉദ്ഘാടനം
ആരോഗ്യരംഗത്തും പോയ വർഷത്തിൽ ഖത്തറിന് നേട്ടങ്ങളേറെയാണ്. ഹമദ് മെഡിക്കൽ കോർപറേഷെൻറ പുതിയ ആശുപത്രി കോംപ്ലക്സ് അമീർ ഡിസംബറിൽ ഉദ്ഘാടനം ചെയ്തത് ഇതിൽ പ്രധാനപ്പെട്ട സംഭവമാണ്. മേഖലയിലെ തന്നെ ഏറ്റവും വലിയ ആശുപത്രി വികസന പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്. ആശുപത്രിയിൽ 500 പുതിയ ബെഡുകളും 3000ഓളം മികച്ച പരിശീലനം ലഭിച്ച ക്ലിനിക്കൽ, അഡ്മിൻ സ്റ്റാഫുകളും ഉണ്ടാകും. മുമ്പെങ്ങുമില്ലാത്ത രീതിയിൽ രോഗികൾക്ക് മികച്ച അനുഭവങ്ങൾ പുതിയ ആശുപത്രി കോംപ്ലക്സ് മുന്നോട്ട് വെക്കുന്നുണ്ട്.
വൈസ് പുരസ്കാരം
ഉപരോധം കൊടുമ്പിരികൊള്ളുന്ന സമയത്തും ഖത്തർ ഫൗണ്ടേഷൻ സംഘടിപ്പിച്ച വൈസ് ഉച്ചകോടി ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. സമാപനത്തിൽ വിദ്യാഭ്യാസ മേഖലയിലും മറ്റു മേഖലകളിലും കഴിവു തെളിയിച്ചവർക്കുള്ള പുരസ്കാരദാനം ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസർ നടത്തി.
ദേശീയ ലൈബ്രറി
ഖത്തർ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ എജ്യുക്കേഷൻ സിറ്റിയിൽ നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് സമർപ്പിച്ച ഖത്തർ ദേശീയ ലൈബ്രറി വിദ്യാഭ്യാസമേഖലയിലെ മികച്ച നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. സാംസ്കാരിക, ഗവേഷണ, പഠന രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് സഹായകമാകുന്ന ഖത്തർ ദേശീയ ലൈബ്രറി മേഖലയിലെ പൈതൃകങ്ങളുടെ രക്ഷാധികാരിയായും വിലയിരുത്തപ്പെടുന്നുണ്ട്.
മെഗാ ജല സംഭരണ പദ്ധതി
ജല സുരക്ഷ ഉറപ്പുവരുത്താനായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മെഗാ ജല സംഭരണ പദ്ധതിയും ഖത്തറിന് നേട്ടമുണ്ടാക്കും. 17 ബില്യൻ റിയാലെന്ന ഭീമമായ തുകയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ജലസംഭരണി ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലസംഭരണികളൊന്നായാണ് ഭാവിയിൽ അറിയപ്പെടുക.
പുതിയ ലേബർ ക്യാമ്പുകൾ
തൊഴിലാളികളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം അവരുടെ ജീവിത സാഹചര്യങ്ങളിൽ കൂടി നിലവാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തിൽ നിന്നാണ് പുതിയ സ്ഥിരം ലേബർ ക്യാമ്പുകൾക്കായി രാജ്യത്തിെൻറ ഏഴ് പ്രധാന ഭാഗങ്ങളിൽ മന്ത്രാലയം സ്ഥലം അനുവദിച്ചിരിക്കുന്നത്. 6,545,157 ചതുരശ്രമീറ്ററിലായി ഉൾക്കൊള്ളുന്ന ലേബർ ക്യാമ്പുകളിൽ 197000 തൊഴിലാളികളെ ഉൾക്കൊള്ളാൻ സാധിക്കുമെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു കഴിഞ്ഞു. തൊഴിൽ രംഗത്തെ പരിഷ്കരണങ്ങളും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും നിയമഭേദഗതികളും ഇതിനകം തന്നെ ലോക തൊഴിൽ സംഘടനയുടെയും വിവിധ അന്തർദേശീയ തൊഴിലാളി സംഘടനകളുടെയും കൈയടി നേടിക്കൊടുത്തിട്ടുണ്ട്.
അമീറിെൻറ ആഫ്രിക്കൻ പര്യടനം
ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രണ്ട് ഘട്ടങ്ങളിലായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളാണ് കഴിഞ്ഞ വർഷം സന്ദർശിച്ചത്. 2017 ഏപ്രിൽ മധ്യത്തിലാണ് അമീറിെൻറ ആദ്യ ആഫ്രിക്കൻ പര്യടനം. കെനിയ, ദക്ഷിണാഫ്രിക്ക, എത്യോപ്യ രാജ്യങ്ങളിലാണ് ഈ ഘട്ടത്തിൽ അമീർ സന്ദർശനം നടത്തിയത്. സുഡാനിന് സമീപത്തിലുള്ള സബ്–സഹാറൻ ആഫ്രിക്കയിലേക്കുള്ള അമീറിെൻറ ആദ്യ സന്ദർശനം കൂടിയായിരുന്നു ഇത്.
കഴിഞ്ഞ മാസമാണ് അമീറിെൻറ പശ്ചിമാഫ്രിക്കൻ പര്യടനം നടന്നത്. ആറ് രാജ്യങ്ങളാണ് ഈ ഘട്ടത്തിൽ അമീർ സന്ദർശിച്ചത്. സെനഗൽ, ഗ്വിനിയ, മാലി, ഐവറി കോസ്റ്റ്, ബുർകിനാഫാസോ, ഘാന രാജ്യങ്ങളാണ് സന്ദർശിച്ചത്. പശ്ചിമാഫ്രിക്കയിലേക്കുള്ള അമീറിെൻറ ആദ്യ സന്ദർശനമായിരുന്നു ഇത്. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഖത്തർ ആഫ്രിക്കൻ രാജ്യങ്ങളുമായി ഒപ്പുവെച്ചു.
തുർക്കി, ജർമനി, ഫ്രാൻസ് സന്ദർശനം
യൂറോപ്യൻ രാജ്യങ്ങളുമായി കൂടുതൽ ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തി ഫ്രാൻസ്, തുർക്കി, ജർമനി രാഷ്്ട്രങ്ങളും കഴിഞ്ഞ വർഷം അമീർ സന്ദർശിച്ചു. ഖത്തറിനെതിരായി അയൽരാജ്യങ്ങൾ ഒരുമിച്ച് ഏർപ്പെടുത്തിയ ഉപരോധത്തിൽ ഖത്തറിന് പിന്തുണ നൽകുന്നതിൽ ഈ സന്ദർശനം നിർണായക പങ്കാണ് വഹിച്ചത്.
ഖത്തർ വാർത്താ ഏജൻസി ഹാക്കിംഗും ഉപരോധവും
ഖത്തറിനെ സംബന്ധിച്ച് കഴിഞ്ഞ വർഷത്തെ പ്രധാന സംഭവങ്ങളിലൊന്നാണ് ഖത്തർ വാർത്താ ഏജൻസിയുടെ വെബ്സൈറ്റ് ഹാക്കിംഗും അതിന് പിന്നാലെയെത്തിയ ഉപരോധവും.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടേതായി തെറ്റായ പ്രസ്താവനകൾ ഹാക്കർമാർ വെബ്സൈറ്റിലൂടെ പുറത്ത് വിട്ടത് വലിയ വിവാദങ്ങൾക്കിടയാക്കി. ഇതോടെ ഖത്തർ വാർത്താ ഏജൻസിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിർത്തലാക്കാൻ തീരുമാനിച്ചു. വെബ്സൈറ്റ് ഹാക്കിംഗിന് പിന്നിൽ പ്രവർത്തിച്ച അഞ്ച് പേരെ തുർക്കിയിൽ അറസ്റ്റ് ചെയ്തതായി അറ്റോണി ജനറൽ ഡോ. അലി ബിൻ ഫതീസ് അൽ മറി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഉച്ചകോടികളിലെ അമീറിെൻറ സാന്നിദ്ധ്യം
കഴിഞ്ഞ വർഷം നടന്ന പ്രധാന ഉച്ചകോടികളിലെല്ലാം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. സെപ്തംബറിൽ നടന്ന അമേരിക്ക–ഇസ്ലാമികലോകം ഫോറത്തിലും ഡിസംബറിൽ കുവൈത്തിൽ നടന്ന ജി.സി.സി ഉച്ചകോടിയിലും ജറൂസലം വിഷയത്തിൽ തുർക്കിയിൽ നടന്ന ഒ.ഐ.സി അസാധാരണ ഉച്ചകോടിയിലും അമീർ നേരിട്ട് പങ്കെടുത്തു.
നിർണായകമായ നിയമനിർമ്മാണങ്ങൾ
ഖത്തറിെൻറ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകമായേക്കാവുന്ന പുതിയ നിയമനിർമ്മാണങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിൽ നേരിട്ടുള്ള ഇടപാടുകൾക്കും രാജ്യത്തെ ഭൂമി, കെട്ടിട ഉടമസ്ഥതക്കും വിദേശികൾക്ക് അനുവാദം നൽകുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതും പോയ വർഷത്തിലെ മികച്ച അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്. പ്രവാസികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള രണ്ട് നിയമങ്ങളിലൊന്നാണ് ഇത്. നേരത്തെ ഖത്തരികളല്ലാത്തവർക്ക് പ്രത്യേക മാനദണ്ഡങ്ങൾക്കനുസൃതമായി സ്ഥിരം താമസാനുമതി നൽകിക്കൊണ്ടുള്ള കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പുതിയ പൊതു ശുചിത്വ നിയമം, ദേശീയ ടൂറിസം കൗൺസിൽ സംബന്ധിച്ച കരട് നിയമം, ദേശീയ മേൽവിലാസ നിയമം തുടങ്ങിയവ പ്രധാനകാൽവെപ്പായി.
ആരോഗ്യരംഗം
നിരവധി നേട്ടങ്ങൾ ആരോഗ്യരംഗത്തും ഖത്തർ നേടിയെടുത്ത വർഷമായിരുന്നു 2017. പുതിയ ആശുപത്രി കോംപ്ലക്സിെൻറ ഉദ്ഘാടനം, 30 വർഷം പിന്നിടുന്ന സുരക്ഷിതമായ അവയവദാനം, സിദ്റ മെഡിസിെൻറ ഉദ്ഘാടനം, ഖത്തർ ബയോബാങ്കിലെ 10000ാമത് പങ്കാളിത്തം, കാൻസറിനെതിരായ പോരാട്ടം, പ്രഥമ തുർക്കി ആശുപത്രിയുടെ ഉദ്ഘാടനം തുടങ്ങിയവ ആരോഗ്യ രംഗത്തെ പ്രധാന നേട്ടങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.