ഖത്തർ-ഇന്ത്യ സാംസ്കാരിക വർഷം
ഖത്തർ-ഇന്ത്യ സാംസ്കാരിക വർഷം കൂടി യാണ് 2019ഓടെ അവസാനിക്കുന്നത്. കതാറയിൽ നടന്ന ‘ടിക്കറ്റ് ടു ബോളിവുഡ്’ പ്രകടനത്തോടെയായിരുന്നു സാംസ്കാരിക വർഷാഘോഷം തുടങ്ങിയത്. ഇന്ത്യയുടെ സമ്പന്നമായ സംസ്കാര വൈവിധ്യത്തെ ആസ്വാദകർക്കു പരിചയപ്പെടുത്തുന്ന നൃത്തപരിപാടിയായിരുന്നു അത്. നിരവധി പരിപാടികളാണ് സാംസ്കാരിക വർഷത്തിെൻറ ഭാഗമായി ഖത്തറിലും ഇന്ത്യയിലും നടന്നത്. ഇന്ത്യയുടെ ചരിത്ര സാംസ്കാരിക വൈവിധ്യം വിളിച്ചറിയിക്കുന്നതായിരുന്നു ഇവ. വിഖ്യാത ക്ലാസിക് ചലച്ചിത്രം ‘മുഗളേ അഅ്സ’മിെൻറ സംഗീത-നൃത്ത നാടകാവിഷ്കാരം ഖത്തർ-ഇന്ത്യ സാംസ്കാരിക വര്‍ഷത്തിന് സമാപനം കുറിച്ച് കഴിഞ്ഞയാഴ്ച നടന്നു.
വാറ്റില്ലാത്ത വർഷം; അമിതഭാരമില്ല, മിച്ച ബജറ്റ്
2019ലും വാറ്റ് (മൂല്യവർധിത നികുതി), വരുമാന നികുതി എന്നിവ രാജ്യത്തുണ്ടായില്ല. മറ്റു ഗൾഫ് രാജ്യങ്ങളടക്കം നികുതി വർധിപ്പിച്ചത് പ്രവാസികൾക്ക് കൂനിൻമേൽ കുരുവായപ്പോഴാണിത്. വരാനിരിക്കുന്നത് രാജ്യത്തിന് മിച്ചബജറ്റും. 4.3 ബില്യണ്‍ റിയാല്‍ മിച്ചം കൈവരിക്കാനാകുമെന്നാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. മൂന്നു വർഷത്തിനിടയിലെ ആദ്യ മിച്ചബജറ്റാണ് വരാൻ പോകുന്നത്.
ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന എനർജി ഡ്രിങ്കുകൾക്കും സിഗരറ്റിനും 2019 ജനുവരി ഒന്നു മുതൽ 100 ശതമാനം നികുതി വർധിപ്പിച്ചതാണ് ശ്രദ്ധേയം. ഇതോടൊപ്പം പഞ്ചസാരയുടെ അളവ് കൂടുതലുള്ള മറ്റു ശീതളപാനീയങ്ങൾക്ക് 50 ശതമാനം നികുതി ഏർപ്പെടുത്തി. ഇത് കോളകൾക്കടക്കം വില കൂടാൻ കാരണമായി. സിഗരറ്റിന് വില കൂടിയതോടെ പുകവലിക്കുന്നവരുടെ എണ്ണം കുറയാൻ തുടങ്ങി. നികുതി ഏർപ്പെടുത്തിയതോടെ ശീഷ വലിക്കൽ േകന്ദ്രങ്ങളിലും തിരക്ക് കുറഞ്ഞു. ശീഷയുടെ വില 15 റിയാൽ ആയിരുന്നത് 30 റിയാൽ ആയി.
ഒപെകിൽ നിന്ന് പിന്മാറി; പ്രകൃതിവാതകത്തിൽ സൂപ്പർ പവറാകും
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുെട അന്താരാഷ്ട്ര സംഘടന (ഒപെക്)യിൽ നിന്ന് 2019 ജനുവരി ഒന്നുമുതൽ ഖത്തർ പിൻവാങ്ങി. സംഘടനയിൽനിന്ന് പിന്മാറുന്ന ആദ്യ ഗൾഫ്രാജ്യമായി. മധ്യ പൗരസ്ത്യ മേഖലയിലും ഒപെകിലും രാഷ്ട്രീയ ചലനമുണ്ടാക്കുന്ന തീരുമാനമായി അത്. ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) കയറ്റുമതിയിൽ ലോകത്തെ മുൻനിരക്കാരെന്ന നിലയിൽ ഇൗ മേഖലയിൽ ആഗോള ശക്തിയാകുകയാണ് രാജ്യത്തിെൻറ ലക്ഷ്യം.
പ്രകൃതിവാതക ഉൽപാദനം പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍നിന്ന് 11 കോടി ടണ്ണാക്കി ഉയര്‍ത്തും. ഇന്ത്യയിലേക്കടക്കം എൽ.എൻ.ജി കയറ്റുമതി രാജ്യം കൂടുതലാക്കി. ഖത്തറിെൻറ പ്രകൃതി വാതക ഉൽപാദനത്തിൽ 70 ശതമാനത്തിലധികവും കയറ്റുമതി ചെയ്യുന്നത് ഏഷ്യൻ രാജ്യങ്ങളിലേക്കാണ്. ഇതിലധികവും ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.
ബ്രസീൽ, മെക്സികോ, അർജൻറീന, സൈപ്രസ്, ദക്ഷിണാഫ്രിക്ക, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി പ്രവർത്തനമേഖല വിപുലീകരിക്കുകയാണ് ഖത്തർ പെേട്രാളിയം. നിലവിലെ ഉൽപാദനത്തിൽ 43 ശതമാനത്തിെൻറ അധിക ഉൽപാദനമാണ് ഖത്തർ പെേട്രാളിയം ലക്ഷ്യമിടുന്നത്. ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള ആവശ്യം വർധിച്ചതിന് പിന്നാലെയാണ് ഉൽപാദനം വർധിപ്പിക്കാനുള്ള ഖത്തറിെൻറ നീക്കം. പ്രകൃതിവാതക ഇറക്കുമതിയുടെ കാര്യത്തിൽ ഖത്തറിനെ അമിതമായി ആശ്രയിക്കുന്ന സാഹചര്യവും ലോകരാജ്യങ്ങൾക്കിടയിലുണ്ട്. പ്രകൃതിവാതക ഉൽപാദനമേഖലയിൽ വമ്പൻ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. പുതിയ 60 പ്രകൃതിവാതക കണ്ടെയ്നർ കപ്പലുകൾ കൂടി വാങ്ങുന്നു. വരാൻപോകുന്ന കയറ്റുമതിയിലെ വർധനവുകൂടി കണക്കിലെടുത്താണിത്.
ലുൽവ രാജ്യത്തിെൻറ ആദ്യ വനിതാ വിദേശകാര്യ സഹമന്ത്രി
വിദേശകാര്യമന്ത്രാലയ വക്താവ് ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിനെ വിദേശകാര്യസഹമന്ത്രിയായി നിയമിച്ചത് രാജ്യം വനിതകൾക്ക് നൽകുന്ന പ്രാധാന്യത്തിെൻറ ഒടുവിലത്തെ ഉദാഹരണമായി. രാജ്യചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത വിദേശകാര്യ സഹമന്ത്രിയാകുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവിെൻറ ചുമതലയും ലുൽവ തുടരും. രാജ്യത്തിെൻറ സകലമേഖലകളിലും വിദേശമന്ത്രാലയത്തിലെ ഉന്നത തസ്തികയിലും ഐക്യരാഷ്ട്രസഭയിലും വനിതകൾ ചുമതലവഹിക്കുന്നുണ്ട്.
വിദേശികൾക്ക് ഭൂമിയിൽ ഉടമസ്ഥാവകാശം; നിക്ഷേപകർക്ക് സ്േപാൺസർ വേണ്ട
വിദേശികൾക്ക് രാജ്യത്ത് ഭൂമിയിൽ നൂറുശതമാനം നിക്ഷേപവും ഉടമസ്ഥാവകാശവും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമം വന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും നിയന്ത്രിക്കുന്ന നിയമവും വന്നു. സ്പാൺസർ ഇല്ലാതെ നിക്ഷേപകർക്ക് രാജ്യത്ത് താമസാനുമതി ലഭിക്കും.
സ്പോൺസർ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാനും തിരിച്ചുപോവാനുമുള്ള അനുമതിയും ആഭ്യന്തരമന്ത്രാലയത്തിന് നൽകാം. അഞ്ച് വർഷത്തേക്കാണ് താമസാനുമതി നൽകുക. 2018ലെ 16ാം നമ്പര്‍ നിയമമാണ് സര്‍ക്കാര്‍ അനുവദിക്കുന്ന മേഖലകളില്‍ വിദേശികള്‍ക്കും ഖത്തറില്‍ ഭൂമി വാങ്ങാന്‍ അനുവാദം നല്‍കുന്നത്. 16 മേഖലകളില്‍ 99 വര്‍ഷത്തേക്ക് ഭൂമി കൈവശംെവച്ച് ഉപയോഗിക്കാൻ അനുവാദവും വിദേശികൾക്ക് നിയമം നല്കുന്നു.
താമസാവശ്യത്തിനുള്ള കെട്ടിടവും വാടകക്ക് നല്കാൻ വില്ലകളും ഫ്ലാറ്റുകളും ഉള്‍പ്പെട്ട സമുച്ചയങ്ങളും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ ഷോപ്പുകളുടെ ഉടമസ്ഥാവകാശവും ഇനി വിദേശികള്‍ക്ക് സ്വന്തമാക്കാം.
വിദേശികൾക്ക് സ്ഥിരം താമസാനുമതി
വിദേശികൾക്ക് ഖത്തറിൽ സ്ഥിരം താമസാനുമതി കിട്ടിത്തുടങ്ങി. ഇത്തരത്തിൽ ആദ്യമായി നടപടിയെടുക്കുന്ന ഗൾഫ് രാജ്യമായി ഖത്തർ മാറി. ഇതുപ്രകാരം സ്ഥിരതാമസാനുമതി (പെർമനൻറ് റെസിഡൻസി കാർഡ് -ആർ.പി കാർഡ്) ലഭിക്കുന്ന വിദേശികൾ, സ്വദേശികൾക്ക് ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങൾക്ക് അർഹരാകും. വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സ്വദേശികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഈ കാർഡ് ലഭിക്കുന്നവർക്കും അനുവദിക്കും. രാജ്യത്ത് മികച്ച സേവനം ചെയ്യുന്നവരും ദീർഘനാളായി ഇവിടെ വിസയുള്ളവരുമായ വിദേശികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിെൻറ ഭാഗമായാണ് അമീറിെൻറ പ്രഖ്യാപനം.
സ്വദേശികൾക്ക് വിദേശികളിലുണ്ടായ കുട്ടികൾ, വിദേശികൾക്ക് സ്വദേശികളിൽ ഉണ്ടായ കുട്ടികൾ, രാജ്യത്തിന് മികച്ച സേവനം ചെയ്യുന്നവർ, രാജ്യത്ത് 20 വർഷം പൂർത്തിയാക്കിയവർ, ഇവിടെ ജനിച്ച വിദേശികളുടെ മക്കളിൽ 10 വർഷം ഇവിടെ ജീവിച്ചവർ എന്നിങ്ങനെയാണ് സ്ഥിരതാമസ കാർഡിന് അപേക്ഷിക്കാനുള്ള പ്രാഥമിക നിബന്ധനകൾ.
ഡബിൾ ലൈക്ക് നേടി ഡ്രൈവിങ് പരിഷ്കാരം
ഇന്ത്യക്കാരടക്കം പതിനായിരക്കണക്കിന് പ്രവാസികൾ ഏറെ ആശ്രയിക്കുന്നതാണ് ഡ്രൈവിങ് മേഖല. രാജ്യത്ത് ഡ്രൈവിങ് െലെസൻസുമായി ബന്ധെപ്പട്ട് നല്ല പരിഷ്കാരങ്ങൾ വന്ന വർഷമാണ് 2019. ഏകീകൃത ൈഡ്രവിങ് സംവിധാനം (ഡി.ടി.എസ്) വഴി രാജ്യത്തെ മുഴുവൻ ൈഡ്രവിങ് സ്കൂളുകളിലെയും ഏകദേശം എല്ലാ കാറുകളും ബന്ധിപ്പിച്ചു. ഡ്രൈവിങ് പഠനത്തിെൻറയും ടെസ്റ്റിെൻറയും എല്ലാ നടപടിക്രമങ്ങളും ഇതിലെ പഠിതാവിന് കൂടി മനസ്സിലാക്കാൻ കഴിയുന്നു. പരീക്ഷാസമയത്ത് കാറിനുള്ളിൽ പൊലീസിെൻറ സാന്നിധ്യമില്ല. ഇത് പരീക്ഷാർഥിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് കാൾ സെൻററും തുടങ്ങി. 2344444 എന്ന നമ്പറിൽ ആവശ്യമായ ഭാഷയിൽ ഉപഭോക്താവിന് സേവനങ്ങളാവശ്യപ്പെടാം. പുതിയ സംവിധാനത്തിലൂടെ ഡ്രൈവിങ് പഠിതാവിന് പരിശീലകരെ സംബന്ധിച്ച് ഡി.ടി.എസ് ആപ്പ് വഴി അധികൃതരെ വിവരങ്ങളറിയിക്കാം. ചട്ടലംഘനം ഉണ്ടോയെന്ന് പുതിയ സംവിധാനം വഴി സദാ നിരീക്ഷിക്കും.
ടെക്നീഷ്യന്മാർക്കും ഡ്രൈവിങ് ലൈസൻസ്
ഡ്രൈവിങ് ലൈസന്‍സിന് അര്‍ഹതയില്ലാത്ത തൊഴിലുകളില്‍നിന്ന് സാങ്കേതിക മേഖലക്കാരെ (ടെക്നീഷ്യന്‍സ്) ഒഴിവാക്കി. ഇൗ ജോലി ചെയ്യുന്നവര്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. ടെക്നീഷ്യന് പ്രഫഷനിലുള്ളവര്ക്കും ഖത്തര്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷിക്കാന്‍ യോഗ്യതയായി. 180ലധികം തൊഴിലുകളെയാണ് ഡ്രൈവിങ് ലൈസന്‍സിന് അര്‍ഹതയില്ലാത്ത വിഭാഗങ്ങളിലുള്പ്പെടുത്തിയത്. ഇതില്‍നിന്നാണ് ഇപ്പോള്‍ ടെക്നീഷ്യന്‍സിനെ ഒഴിവാക്കിയത്.
ടോൾ പിരിവ് ഇപ്പോഴില്ല
രാജ്യത്തെ റോഡുകളിൽ ടോൾ പരിവ് തുടങ്ങുന്നുവെന്നത് പ്രവാസികളെയടക്കം ബാധിക്കുന്ന സംഭവമായിരുന്നു. എന്നാൽ, രാജ്യത്തെ എല്ലാ റോഡ് പദ്ധതികളും പൂർത്തിയായാൽ മാത്രമേ ടോൾ ഗേറ്റുകൾ പ്രവർത്തിക്കൂവെന്ന് അധികൃതർ വെളിപ്പെടുത്തി.
ഏതായാലും രണ്ട് വർഷത്തേക്ക് ടോൾ പിരിവ് ഉണ്ടാകില്ല. 22 ഫെബ്രുവരി സ്ട്രീറ്റിൽ (ദോഹ-ശമാൽ എക്സ്പ്രസ് വേ) ടോൾ ഗേറ്റ് നേരത്തേ സ്ഥാപിച്ചിരുന്നു. ഇതാണ് ടോൾ പിരിവ് തുടങ്ങുന്നുവെന്ന വാർത്ത പ്രചരിക്കാൻ കാരണമായത്.
എക്സിറ്റ് പെർമിറ്റ് ഇല്ലാതായി
രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികൾക്ക് തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് പോകാനുള്ള എക്സിറ്റ് പെർമിറ്റ് ഒഴിവാക്കിയ നിയമം പ്രാബല്യത്തിൽ വന്നത് 2018 ഒക്ടോബറിലാണ്. 2019ൽ ഇത് ഉപയോഗപ്പെടുത്തി അവധിക്കും മറ്റും സ്വദേശത്തേക്ക് മടങ്ങിയത് നിരവധി പേരാണ്. നിസ്സാരകാര്യത്തിനുപോലും തൊഴിലുടമ തൊഴിലാളിക്ക് എക്സിറ്റ് അനുവദിക്കാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാത്തവരുടെ വലിയ സങ്കടങ്ങൾക്കാണ് ഇതോടെ വിരാമമായത്.
ഇന്ത്യൻ സ്കൂളുകളിലെ സെക്കൻഡ് ഷിഫ്റ്റ്: തീരുമാനം റദ്ദായി
ഇന്ത്യൻ സ്കൂളുകളിലടക്കം തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയും അനുമതി നൽകുകയും ചെയ്ത സെക്കൻഡ് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്നതിൽനിന്ന് വിദ്യാഭ്യാസ മന്ത്രാലയം പിൻമാറിയത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ നിരാശനൽകി. സെക്കൻഡ് ഷിഫ്റ്റ് വരുേമ്പാഴുള്ള നിസ്സാരപ്രശ്നങ്ങൾ രക്ഷിതാക്കൾ അടക്കം ഉന്നയിച്ചതും മന്ത്രാലയത്തെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. അഞ്ച് മുതല്‍ ആറുവരെ പുതിയ ഇന്ത്യന്‍ സ്കൂളുകള്‍ അടുത്തവര്‍ഷം ആരംഭിക്കുകയാണെന്നും ഇവിടങ്ങളില്‍ നിരവധി സീറ്റുകള്‍ ലഭ്യമാണെന്നും ഇതിനാലാണ് സെക്കൻഡ് ഷിഫ്റ്റ് തീരുമാനം റദ്ദാക്കിയതെന്നും മന്ത്രാലയം പറയുന്നു. നിലവിൽ നിരവധി ഇന്ത്യൻ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത അവസ്ഥയുണ്ട്. സെക്കൻഡ് ഷിഫ്റ്റുകൾ നടപ്പാക്കിയാൽ ഇൗ പ്രശ്നം വലിയ അളവിൽ പരിഹരിക്കപ്പെടുമായിരുന്നു.
2022ന് മുേമ്പ നിരവധി ലോകമേളകൾ
2022 ലോകകപ്പ് നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുേമ്പ നിരവധി ലോകചാമ്പ്യൻഷിപ്പുകളാണ് ദോഹയിൽ വിജയകരമായി നടന്നത്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പ്, ലോക ബീച്ച് വോളിബാൾ എന്നിവ പ്രധാനം. ലോകമേളകൾ നടത്താനുള്ള ഖത്തറിെൻറ ചങ്കുറപ്പും സൗകര്യങ്ങളും വരച്ചുകാണിക്കുന്നവയായി മേളകളുടെ സംഘാടനം. 2022 ലോകകപ്പിനുള്ള പരിശീലനം കൂടിയായി അവ. നിരവധി രാജ്യാന്തര സമ്മേളനങ്ങൾക്കും 2029ൽ ദോഹ ആതിഥേയത്വം വഹിച്ചു.
ആൺമക്കളുടെ ജോലിക്ക് സ്പോൺസർഷിപ് മാറേണ്ട
പ്രവാസികളുടെ ജോലിയുമായും രാജ്യത്തെ താമസവുമായും ബന്ധപ്പെട്ട് ഖത്തർ തൊഴിൽ സമൂഹിക-ഭരണകാര്യ മന്ത്രാലയം സുപ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച വർഷമാണ് 2019. രാജ്യത്ത് റെസിഡൻറ് പെർമിറ്റിൽ താമസിച്ചുവരുന്ന പ്രവാസികളുടെ 18 വയസ്സായ ആൺമക്കൾക്കും സ്വകാര്യമേഖലയിൽ ജോലിചെയ്യാൻ സ്പോൺസർഷിപ് മാറ്റേണ്ടെന്നതാണ് ഇതിൽ പ്രധാനം.
നിലവിലെ ചട്ടപ്രകാരം ജോലി കിട്ടുന്ന സ്ഥാപനത്തിെൻറ സ്പോൺസർഷിപ്പിലേക്ക് മാറേണ്ടത് അത്യാവശ്യമായിരുന്നു. ഇനി മുതൽ പിതാവിെൻറയോ മാതാവിേൻറയോ സ്പോൺസർഷിപ്പിൽതന്നെ എല്ലാ മക്കൾക്കും മറ്റ് ജോലികളിൽ തുടരാൻ കഴിയും. നിലവിൽ പെൺകുട്ടികൾക്ക് മാത്രമാണ് ഇത്തരമൊരു സൗകര്യമുണ്ടായിരുന്നത്. ചില പ്രഫഷനുകളിൽ താൽക്കാലികമായ പുതിയ വിസകൾ അനുവദിക്കുന്നതിനും തീരുമാനമായി.
ലോകം ശ്രദ്ധിച്ച് അമീറിെൻറ പ്രസംഗങ്ങൾ
ഐക്യരാഷ്ട്രസഭയിലടക്കം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ പ്രസംഗങ്ങൾ സർവതലസ്പർശിയായിരുന്നു. ലോകസംഭവങ്ങളിൽ രാജ്യത്തിെൻറ നിലപാടുകൾ പറഞ്ഞ പ്രസംഗങ്ങൾ ആശയസമ്പുഷ്ടമായിരുന്നു. നീതിയിലധിഷ്ഠിതമായ സ്ഥിരം സമാധാനമാണ് ഗൾഫ്മേഖലയിൽ വേണ്ടതെന്നും ഖത്തറിനെതിരായ ഉപരോധം മേഖലയിൽ അസ്ഥിരത ഉണ്ടാക്കിയെന്നും അമീർ കഴിഞ്ഞ സെപ്റ്റംബറിൽ െഎക്യരാഷ്ട്രസഭയുടെ 74ാമത് പൊതുസഭയിൽ പറഞ്ഞു.
ഭീകരവാദത്തിനും തീവ്രവാദത്തിനും ഖത്തർ എന്നും എതിരാണ്. അത് പുരോഗതിയെ പിറകോട്ട് നയിക്കും. ഖത്തറിനെതിരായ ഉപരോധം ഗൾഫ്മേഖലയെ അസ്ഥരപ്പെടുത്തി. അത് ഒരു രാജ്യത്തിേൻറയും താൽപര്യങ്ങൾക്ക് നല്ലതല്ല. സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കണമെന്നും അമീർ പറഞ്ഞു.
വോട്ടുനേടാൻ ഇസ്ലാം വിരുദ്ധത ചിലർ പ്രയോഗിക്കുന്നുവെന്നും അവികസിതവും ദുര്‍ഭരണവും നടത്തുന്ന ഭരണകൂടങ്ങളാണിവ ചെയ്യുന്നതെന്നും ആത്മവിശ്വാസമില്ലായ്മയും സ്വത്വപ്രതിസന്ധിയും അലട്ടുന്നവര്‍ മതഭ്രാന്തിനെ കൂട്ടുപിടിക്കുകയാണെന്നും അമീർ ക്വാലാലംപുര്‍ ഉച്ചകോടിയില്‍ പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മുസ്ലിംകള്ക്കും ഇസ്ലാമിനും എതിരായ നിലപാടുകള്‍ സ്വീകരിച്ച് അവ വോട്ടുനേടാനുള്ള ഉപകരണമാക്കിയെടുക്കാന് അടുത്ത കാലത്ത് ചിലര്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് പകരം ഇടുങ്ങിയ കാഴ്ചപ്പാടുകള്‍ മാത്രമുള്ള ആഭ്യന്തര രാഷ്ട്രീയ താൽപര്യങ്ങളാണ് ഇത്തരം ഭരണാധികാരികള്‍ സ്വീകരിക്കുന്നതെന്നും അമീർ വെട്ടിത്തുറന്നു പറഞ്ഞു.
മുന്നേറ്റമായി ദോഹ മെട്രോ, വികസനവേലിയേറ്റം
വൻവികസന പ്രവൃത്തികളാണ് രാജ്യത്ത് നടപ്പാക്കിയത്. പൊതുഗതാഗത മേഖലയിൽ നാഴികക്കല്ലായ ദോഹ മെട്രോ പൂർണമായും പ്രവർത്തിക്കുന്നു. റെഡ്, ഗോൾഡ്, ഗ്രീൻ ലൈനുകളിൽ മെട്രോ ഓട്ടം തുടങ്ങി. ദോഹയിൽ എത്തുന്ന ആർക്കും വിമാനമിറങ്ങി നേരെ മെട്രോയിൽ കയറി രാജ്യത്തിെൻറ എല്ലായിടങ്ങളിലും എത്താം. 36 സ്റ്റേഷനുകളും തുറന്നു. 76 കിലോമീറ്ററാണ് മെട്രോയുടെ ആകെ ദൂരം. എല്ലാ ഹൈവേകളെയും ബന്ധിപ്പിക്കുന്ന സുപ്രധാന റോഡ് ആയ അൽ മജ്ദ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. മുമ്പ് ഒാർബിറ്റൽ റോഡ് എന്ന് വിളിച്ചിരുന്ന റോഡ് ഇതോടെ അൽ മജ്ദ് റോഡ് എന്ന് ഒൗദ്യോഗികമായി അറിയപ്പെട്ടു. രാജ്യത്തെ അടിസ്ഥാനസൗകര്യവികസന രംഗത്തെ നാഴികക്കല്ലാണ് ഉംസെയ്ദ് റോഡിൽനിന്ന് റാസ് ലഫാൻ റോഡിലേക്കും അൽഖോർ ഹൈവേയിലേക്കും പോകുന്ന 195 കിലോമീറ്റർ ൈദർഘ്യമുള്ള പുതിയ റോഡ്. ഇതടക്കം ഏറെ വികസനപ്രവൃത്തികൾക്ക് തുടക്കമിടുകയും നിലവിലുള്ളവ തുടരുകയും ചെയ്യുന്നു.
സർക്കാർ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം
വിവിധ മേഖലകളിൽ സ്വദേശിവത്കരണത്തിലേക്കാണ് ഖത്തറും. ഇതു സംബന്ധിച്ച് 2019ൽ കൂടുതൽ നടപടികളാണുണ്ടായത്. സർക്കാർ മേഖലയിൽ ജോലി കാത്തിരിക്കുന്ന ഖത്തരികൾതന്നെ നിയമിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. സ്വദേശിവത്കരണ ഭാഗമായി 2018ൽ നിയമിച്ചത് 3,777 ഖത്തരികളെയാണ്. 3,255 ഖത്തരികൾക്ക് സർക്കാർ മേഖലയിലും 522 പേർക്ക് സർക്കാർ-സ്വകാര്യ സംയുക്ത മേഖലയിലുമാണ് ജോലി ലഭിച്ചത്. ഖത്തർ എയർവേസ് ‘അൽ ദർബ് പ്രോഗ്രാം’ എന്ന പേരിൽ ഖത്തരികൾക്ക് നിയമനം ലഭിക്കാൻ പ്രത്യേക റിക്രൂട്ട്മെൻറുകൾ നടത്തുന്നുണ്ട്. ആഗോള ബിസിനസ്-സാമ്പത്തിക സ്ഥാപനമായ ഖത്തർ ഫിനാൻഷ്യൽ സെൻറർ (ക്യു.എഫ്.സി) ഉയർന്ന തസ്തികകളിൽ ഖത്തരികളെ മാത്രമാണ് നിയമിക്കുന്നത്.
ഖത്തറിെൻറ ഷിപ്പിങ്-മാരിടൈം കമ്പനി ആയ നകിലാത്, സർക്കാർ വിദ്യാഭ്യാസമേഖല എന്നിവയും ഖത്തരിവത്കരണത്തിെൻറ പാതയിലാണ്. ഉയർന്നതും മധ്യത്തിലുള്ളതുമായ തസ്തികകളിൽ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ 80 ശതമാനവും സ്വദേശിവത്കരിക്കപ്പെട്ടിട്ടുണ്ട്. കഹ്റമയും സ്വദേശിവത്കരണത്തിലാണ്. സ്വകാര്യമേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയിലാണ് തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം.
സ്വയംപര്യാപ്തതയും കടന്ന് കയറ്റുമതിയിലേക്ക്
2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം തുടരുേമ്പാഴും രാജ്യം സകലമേഖലയിലും പുരോഗതിയിലാണ്. പ്രാദേശിക വിപണിയിലെ ഫ്രഷ് പൗള്‍ട്രിയുടെ ആവശ്യകത നൂറുശതമാനവും നിറവേറ്റാന്‍ രാജ്യത്തിനാകുന്നുണ്ട്. ഫ്രഷ് ചിക്കനില്‍ 100 ശതമാനവും ക്ഷീരോൽപന്നങ്ങളില് 109 ശതമാനവും സ്വയംപര്യാപ്തത നേടാനായി. ഫാമുകളില്‍നിന്നുള്ള മത്സ്യം, ചെമ്മീന്‍ എന്നിവക്കു പുറമെ കോഴി, ചീസ് ഉല്പന്നങ്ങള് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യത തേടുകയാണ് രാജ്യം. ഖത്തര്‍ ക്ഷീരോൽപന്നങ്ങള് ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജ്യമെന്ന് ഖത്തര്‍ ചേംബര്‍ (ക്യു.സി) ഈയടുത്ത് അറിയിച്ചിരുന്നു. വിദേശ വിപണികളില്‍ സമാന ഉൽപന്നങ്ങളുമായി മത്സരിക്കാന്‍ കഴിയുന്നവിധത്തില്‍ ഉന്നത ഗുണനിലവാരത്തിലാണ് ഖത്തറിെൻറ ക്ഷീരോൽപന്നങ്ങൾ.
നോവായി റഹാനും റിദയും
കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിെൻറയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടേയും മക്കളായ റഹാൻ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവർ സകലരുടേയും നോവായി മാറിയ വർഷം കൂടിയാണ് കൊഴിയുന്നത്. അടുത്ത ഫ്ലാറ്റിൽ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് പ്രയോഗിച്ചതുമൂലമുള്ള വിഷബാധയാണ് കുഞ്ഞുങ്ങളുെട മരണകാരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഛർദിയും ശ്വാസതടസ്സവുംമൂലം അവശനിലയിലായി കുട്ടികൾ മരിക്കുകയായിരുന്നു.
എല്ലാ പ്രവാസികളുടേയും നോവായി മാറിയ സംഭവമായിരുന്നു ഇത്. പ്രവാസികൾ വീടുകളിൽ കീടനാശിനികളും അണുനാശിനികളും പ്രയോഗിക്കുന്നത് പതിവാണ്. മൂട്ട, കൂറ തുടങ്ങിയവയെ ഇല്ലാതാക്കാനാണിത്. ഇങ്ങനെ ചെയ്യുേമ്പാൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറയുന്നു. അയൽവീടുകളിൽ അണുനാശിനി പ്രയോഗം നടന്നാലും അതിജാഗ്രത നിർബന്ധം.
തൊഴിൽ റിക്രൂട്ട്മെൻറിന് പണം വേണ്ട
തൊഴിൽ റിക്രൂട്ട്മെൻറിനെത്തുന്ന തൊഴിലാളികളിൽനിന്ന് പണം ഇൗടാക്കുന്നതിനെതിരെ ശക്തമായ നടപടികൾ. തൊഴിൽ റിക്രൂട്ട്മെൻറുകളിൽ തൊഴിലാളികളിൽനിന്നും പണം ഈടാക്കുന്നത് തിരിച്ചുകൊടുക്കുന്നതിൽ 2022 ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ തീരുമാനം മാതൃകയാണ്. 52.5 മില്യൻ റിയാലാണ് ഇതിനകം ഇത്തരത്തിൽ തൊഴിലാളികൾക്ക് തിരിച്ചുനൽകിയത്. തൊഴിലാളികളിൽനിന്ന് റിക്രൂട്ട്മെൻറ് ഇനത്തിൽ ഫീസ് നിർബന്ധമാക്കുന്നത് ഖത്തർ തൊഴിൽ നിയമം നിരോധിച്ചതാണ്. തൊഴിൽ റിക്രൂട്ട്മെൻറിൽ തൊഴിലാളികളിൽനിന്നും നിർബന്ധിതമായി ഫീസ് ഈടാക്കുന്നതിനെതിരെ ബോധവത്കരണം നടത്തുന്നുമുണ്ട്.
ഏഷ്യൻ കപ്പടിച്ച് തുടങ്ങിയ പടയോട്ടം
ഏഷ്യൻ കപ്പ് ആദ്യമായി ഖത്തർ സ്വന്തം നാട്ടിൽ എത്തിച്ചത് 2019 ഫെബ്രുവരിയിലായിരുന്നു. അബൂദബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി, ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഖത്തർ കിരീടത്തിൽ മുത്തമിട്ടത്. ഇതോടെ ഏഷ്യൻ കപ്പിൽ മുത്തമിടുന്ന ഒമ്പതാമത്തെ രാജ്യമായി ഖത്തർ മാറി.
സൗദിയോടും യു.എ.ഇയോടും കളിക്കളത്തിൽ പടപൊരുതി നേടിയെടുത്തത് ഫൈനലിൽ നഷ്ടപ്പെടുത്താൻ ഖത്തറിെൻറ ചുണക്കുട്ടികൾ തയാറായിരുന്നില്ല. ഫൈനലിൽ മറുഭാഗത്ത് ഫുട്ബാൾ വൻകരയുടെ സൂപ്പർപവറായ ജപ്പാനായിരുന്നിട്ടും മനക്കരുത്തും കാൽക്കരുത്തുംകൊണ്ട് ജപ്പാനെ മലർത്തിയടിക്കുകയായിരുന്നു ഖത്തർ പട്ടാളം.
കാൽപന്തിനാൽ തിരിച്ചുവന്ന സ്നേഹം
മൂന്നാംവർഷത്തേക്ക് കടക്കുന്ന ഖത്തർ ഉപരോധത്തിൽ മഞ്ഞുരുക്കമുണ്ടായ വർഷം കൂടിയാണ് 2019. ഖത്തറിൽ നടന്ന അറേബ്യൻ ഗൾഫ്കപ്പിൽ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ ദേശീയടീമുകൾ പങ്കെടുത്തത് രണ്ടരവർഷക്കാലമായി തുടരുന്ന ഗൾഫ്പ്രതിസന്ധി അയയുന്നതിെൻറ തുടക്കമായിരുന്നു. ഈ ടീമുകൾ ആദ്യം ടൂർണമെൻറിന് ഉണ്ടാവില്ലെന്നായിരുന്നു ഉറച്ചിരുന്നത്. ടൂർണമെൻറിൽ വിജയിച്ച ബഹ്റൈൻ ടീമിന് കിരീടം നൽകിയത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും.
ഉപരോധത്തിനു ശേഷം ആദ്യമായി സൗദിയിൽനിന്നും ബഹ്റൈനിൽനിന്നും നേരിട്ടുള്ള വിമാനങ്ങൾ ദോഹയിൽ ഇറങ്ങി. ഗൾഫ് കപ്പിൽ പങ്കെടുക്കുന്ന സൗദിയുടെയും ബഹ്ൈറെൻറയും ദേശീയ ടീമുകളെ വഹിച്ചുള്ള വിമാനങ്ങളായിരുന്നു അവ. കര-വ്യോമ-കടൽ അതിർത്തികൾ അടച്ചുകൊണ്ടുള്ള ഉപരോധം വന്നശേഷം ഈ രാജ്യങ്ങളിൽനിന്ന് നേരിട്ട് ഒരു വിമാനം ഖത്തറിലേക്കോ തിരിച്ചോ പറന്നിട്ടില്ല. ടൂർണമെൻറ് കാണാനും മറ്റുമായി ഉപരോധരാജ്യങ്ങളിലെ നിരവധി പൗരന്മാരാണ് ഖത്തറിലെത്തിയത്. ബഹ്റൈനിൽനിന്ന് പ്രത്യേക വിമാനങ്ങൾ കാൽപന്താരാധകരെയും വഹിച്ച് എത്തി. എല്ലാവർക്കും സ്നേഹവും ആദരവും ഖത്തർ തിരിച്ചുനൽകി.
കേരളത്തിലും ഖത്തർ വിസ കേന്ദ്രം
ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് നാട്ടില്‍നിന്നുതന്നെ മെഡിക്കല്‍ അടക്കമുള്ള കാര്യങ്ങൾ ചെയ്യാനാകുന്ന ഖത്തർ വിസ കേന്ദ്രം (ക്യു.വി.സി) കേരളത്തിൽ എറണാകുളത്തും തുറന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്ഡിങ്ങിെൻറ താഴത്തെ നിലയിലാണ് (ഡോര്‍ നമ്പര്‍ 384111ഡി) ഇത്. ഇന്ത്യയിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ലഖ്നോ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. മെഡിക്കല്‍ പരിശോധനക്ക് പുറമെ തൊഴില്‍കരാര്‍ ഒപ്പുവെക്കൽ, ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തൽ എന്നിവയും ഈ കേന്ദ്രങ്ങളിലൂടെ നാട്ടിൽനിന്ന് ചെയ്യാനാകുന്നു.
ഉപരോധം അയഞ്ഞ ജി.സി.സി സമ്മേളനം
സൗദിയുടെ തലസ്ഥാനമായ റിയാദിൽ ഡിസംബർ 10ന് സമാപിച്ച ഗൾഫ് സഹകരണ കൗൺസിലിെൻറ (ജി.സി.സി) 40ാമത് സമ്മേളനത്തിൽ ഗൾഫ് പ്രതിസന്ധി അയഞ്ഞതിെൻറ നല്ല സൂചനകളാണ് കണ്ടത്. സമ്മേളനത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയെ സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചത് ഏറെ ശ്രദ്ധേയമായി. ഉപരോധത്തിനു ശേഷം നടന്ന ജി.സി.സി സമ്മേളനങ്ങളിലൊന്നും കാണാത്ത കാഴ്ചയായിരുന്നു ഇത്.
സമ്മേളനത്തിൽ ഖത്തർ ഉപരോധം അവസാനിപ്പിച്ചു എന്ന തരത്തിലുള്ള പ്രഖ്യാപനം ഉണ്ടാവുമെന്ന പ്രതീക്ഷ നേരത്തേയില്ലായിരുന്നു. എന്നാൽ, മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ഉപരോധകാര്യത്തിൽ ഖത്തറും ഉപരോധരാജ്യങ്ങൾക്കുമിടയിൽ മുമ്പത്തേതിൽനിന്ന് ഭിന്നമായ അനുനയ നടപടികളാണ് ഉണ്ടായത്. മുമ്പത്തേതുപോലെ ഖത്തറിനെതിരായ വികാരം എവിടെനിന്നും ഉയർന്നുകണ്ടില്ല എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.