േദാഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മ ‘യുനീഖ്’ നേതൃത്വത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. അൽ മെഷാഫിലെ പോഡാർ പേൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ‘യുനീഖ്’ പ്രസിഡന്റ് ലുത്ഫി കലമ്പൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, പാട്രൺ നൗഫൽ എൻ.എം, ട്രഷറർ ദിലീഷ് ഭാർഗവൻ, യുനീക് ഉപദേശക സമിതി വൈസ് ചെയർപേഴ്സൻ മിനി സിബി, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് ഹിഷാം അബ്ദുൽ റഹീം, ഹമദ് മെഡിക്കൽ കോർപറേഷൻ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഡയറക്ടർ ഓഫ് നഴ്സിങ് മറിയം നൂഹ് അൽ മുതവ്വ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി വൈസ് പ്രസിഡന്റ് നിഹാദ് അലി, ഖത്തർ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, പി.എൻ. ബാബുരാജ് എന്നിവർ പങ്കെടുത്തു.
നഴ്സസ് ദിനത്തിന്റെ പ്രമേയത്തിൽ നടന്ന ചർച്ചയിൽ ഖത്തറിലെ നഴ്സിങ് മേഖലയിലെ വിദഗ്ധർ പങ്കെടുത്തു. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരും കുടുംബാംഗങ്ങളും അടക്കം എണ്ണൂറോളം ആളുകൾ ആഘോഷത്തിന്റെ ഭാഗമായി. ‘യുനീഖ്’ നഴ്സിങ് എക്സലൻസ് അവാർഡിന് കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള വിമാന യാത്രയിൽ ഹൃദയാഘാതം സംഭവിച്ച രോഗിയെ പ്രഥമ ശുശ്രൂഷ നൽകി രക്ഷപ്പെടുത്തിയ ജാൻസി റെജി, നിഷ പീറ്റർ എന്നിവർ അർഹരായി. ഇന്ത്യൻ സംസ്കാരവും, മലയാളിത്തനിമയും വിളിച്ചോതുന്ന നൃത്തങ്ങളും പാട്ടും നാടകം, ചിത്രരചന, മോണോ ആക്ട് അടക്കം നിരവധി പരിപാടികൾ അവതരിപ്പിച്ചു. ‘കോർഡ് ഫിക്ഷൻ’ മ്യൂസിക് ലൈവ് പെർഫോമൻസും ശ്രദ്ധേയമായി. ഖത്തറിൽ ‘യുനീഖ്’ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നതാണെന്നും ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർമാരായ മുഹമ്മദ് അമീർ, ബിജോ ബേബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.