ദോഹ: ലോകകപ്പിനായി പുതുമോടിയോടെ സജ്ജമായ ദോഹ രാജ്യാന്തര വിമാനത്താവളം (ഓൾഡ് എയർപോർട്ട്) വ്യാഴാഴ്ച മുതൽ സജീവമാകും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 13 എയർലൈൻസുകൾ നാളെ മുതൽ ഡി.ഐ.എയിലേക്കായിരിക്കും സർവിസ് നടത്തുകയെന്ന് ഖത്തർ എയർപോർട്ട് ഓപറേഷൻ ആൻഡ് മാനേജ്മെന്‍റ് അറിയിച്ചു. എയർ അറേബ്യ, എയർ കൈറോ, ബദ്ർ എയർലൈൻസ്, ഇത്യോപ്യൻ എയർലൈൻസ്, ഇതിഹാസ് എയർവേസ്, ഫ്ലൈ ദുബൈ, ഹിമാലയ എയർലൈൻസ്, ജസീറ എയർവേസ്, നേപ്പാൾ എയർലൈൻസ്, പാകിസ്താൻ ഇന്‍റർനാഷനൽ എയർലൈൻസ്, പെഗാസസ് എയർലൈൻസ്, സലാം എയർ, ടാർകോ ഏവിയേഷൻ എന്നിവയുടെ ദോഹയിലേക്കുള്ള വരവും പോക്കും ഇനി കൂടുതൽ സൗകര്യങ്ങളോടെ സജ്ജമായ ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കായിരിക്കും. ലോകകപ്പ് വേദികളിൽനിന്ന് 30 മിനിറ്റ് മാത്രം യാത്രാ ദൂരെയാണ് വിമാനത്താവളം.
ആഗമന, നിർഗമന ടെർമിനലുകളിൽ നിശ്ചിത ഫീസോടൈ കാർ പാർക്കിങ് സൗകര്യമുണ്ടായിരിക്കും. പ്രാർഥന മുറി, ഹൈ സ്പീഡ് വൈഫൈ, ഉരീദു-വൊഡാഫോൺ കിയോസ്കുകൾ, എ.ടി.എം, കറൻസി വിനിമയ സേവനം തുടങ്ങിയ യാത്രക്കാർക്ക് ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ലോകകപ്പിന് വിവിധ രാജ്യങ്ങളിൽനിന്നായി ദശലക്ഷം കാണികൾ ഒഴുകിയെത്തവേ കൂടുതൽ പേരെ ഉൾക്കൊള്ളാനുള്ള ശേഷിയോടെയാണ് ഓൾഡ് എയർപോർട്ട് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്.
ഡി റിങ് റോഡ്, അൽ മാർ സ്ട്രീറ്റ് ജങ്ഷന് അരികിലായാണ് ഓൾഡ് എയർപോർട്ടിലെ പുറപ്പെടൽ ടെർമിനൽ സ്ഥിതിചെയ്യുന്നത്. മണിക്കൂറിൽ 2,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയിലാണ് ടെർമിനൽ സജ്ജീകരിച്ചിരിക്കുന്നത്. 83 ചെക്കിങ് ഡെസ്കുകളും 52 ഇമിഗ്രേഷൻ കൗണ്ടറും 22 ബോർഡിങ് ഗേറ്റുകളും ഉൾപ്പെടുന്നതാണ് പുറപ്പെടൽ ടെർമിനൽ. റെഡ് ലൈനിലെ അൽ മതാർ ഖദീം മെട്രോ സ്റ്റേഷനുമായി പുറപ്പെടൽ ടെർമിനൽ ബന്ധിപ്പിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.
സി റിങ് റോഡിലെ റാസ് അബു അബൂദിലാണ് വിമാനത്താവളത്തിലെ ആഗമന ടെർമിനൽ സ്ഥിതി ചെയ്യുന്നത്. മണിക്കൂറിൽ 2000 യാത്രക്കാരെ സ്വീകരിക്കാൻ ശേഷിയുണ്ട്.
52 ഇമിഗ്രേഷൻ കൗണ്ടറുകളോടെയാണ് പ്രവർത്തിക്കുന്നത്. ഗോൾഡ് ലൈനിലെ നാഷനൽ മ്യൂസിയം മെട്രോ സ്റ്റേഷനിലേക്ക് ടെർമിനലിൽനിന്നും 800 മീറ്റർ ദൂരം. ബസ്, ലിമോസിൻ, ടാക്സി യാത്രാസൗകര്യങ്ങളും ലഭ്യമാണ്.
• ഒരു മണിക്കൂർ പാർക്കിങ്ങിന് 10 റിയാൽ (ആദ്യ അഞ്ചു മണിക്കൂർ വരെ)
• ശേഷമുള്ള ഓരോ മണിക്കൂറിനും അഞ്ചു റിയാൽ വീതം (24 മണിക്കൂർ വരെ)
• 24 മണിക്കൂറിന് 145 റിയാൽ
•പണമായും കാർഡായും പാർക്കിങ് തുക അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.