ദോഹ: ലോകമെങ്ങുമുള്ള മലയാളികൾക്കൊപ്പം പ്രവാസത്തിലും ഇന്ന് തിരുവോണപ്പുലരി. ദിവസങ്ങൾ നീണ്ട തയാറെടുപ്പിനൊടുവിൽ, പൂക്കളമിട്ടും ഓണക്കോടിയുടുത്തും സദ്യവിളമ്പിയും ഖത്തറിലെ പ്രവാസി മലയാളികളും ഓണത്തെ വരവേൽക്കുന്നു. ഗൾഫ് നാടുകളിൽ പ്രവൃത്തി ദിനത്തിലാണ് ഓണമെത്തുന്നതെങ്കിലും ആഘോഷങ്ങൾക്ക് ഒട്ടും മാറ്റ് കുറവില്ല.
മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങളെല്ലാം സദ്യ ഒരുക്കിയും പൂക്കളമിട്ടും ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. അതേസമയം, വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ ഓണം കൂടുതൽ കളറായി മാറും. കേരള സാരിയും മുണ്ടും ജുബ്ബയും അണിഞ്ഞും തനി കേരളീയ വേഷത്തിൽ ജോലിക്കെത്തുന്ന മലയാളികളും മറ്റും സംസ്ഥാനക്കാരുമെല്ലാമാണ് ഓണത്തിന്റെ പ്രവാസത്തിലെ വേറിട്ട കാഴ്ച.
ഓണത്തെ വരവേറ്റ് വിപണി നേരത്തേ ഉണർന്നുകഴിഞ്ഞിരുന്നു. കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന ഓണത്തിരക്കിലേക്ക് ഖത്തറിലെ മലയാളി പ്രവാസലോകം അതിവേഗം മടങ്ങിയെത്തുന്ന കാഴ്ചകളാണ് ഇത്തവണയുള്ളത്. ഹൈപ്പർമാർക്കറ്റുകൾ റസ്റ്റാറൻറുകൾ തുടങ്ങി ചെറുകിട ഹോട്ടലുകളിൽ വരെ തിരുവോണ ദിനമായ ചൊവ്വാഴ്ച സദ്യ തയാറാണ്. 25 മുതൽ 40 റിയാൽ വരെ നിരക്കിൽ വൈവിധ്യമാർന്ന കൂട്ടുകളുമായാണ് സദ്യഒരുക്കുന്നത്.
ലുലു, സഫാരി, ഗ്രാൻഡ്, റവാബി തുടങ്ങി ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലെല്ലാം 25 മുതൽ 30 വരെ കൂട്ടുകളോടെ ഓണ സദ്യയുണ്ട്. തിങ്കളാഴ്ച വൈകീട്ട് വരെ ലഭിച്ച ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ തിരുവോണദിനം രാവിലെ 11 മുതലാണ് വിതരണം ആരംഭിക്കുന്നത്.
വിപണികളില്‍ വില്പനത്തിരക്കാണെങ്കില് ഓണാഘോഷത്തിന്റെ നടുവിലാണ് മലയാളി കൂട്ടായ്മകളും. ഖത്തറിലെ ഓണാഘോഷത്തിലേക്ക് അതിഥികളായി നാട്ടില്‍നിന്നുള്ള സിനിമ താരങ്ങളും എത്തിത്തുടങ്ങി. ഞായറാഴ്ച മുതൽ അധ്യയനം ആരംഭിച്ചതോടെ ഇന്ത്യൻ സ്കൂളുകളിലും വൈവിധ്യമാർന്ന ഓണപ്പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പച്ചക്കറി, പൂക്കള്‍, ഓണസദ്യ തുടങ്ങിയ വിപണികള്‍ ഉഷാറായതുപോലെ വസ്ത്രവിപണികളിലും തിരക്കേറി.
സദ്യ കഴിക്കാനുള്ള വാഴയില മുതൽ നാട്ടു പച്ചക്കറികളും പൂക്കളത്തിനുള്ള മല്ലിയും ജമന്തിയും ഉൾപ്പെടെ പൂക്കളുമായും ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഓണച്ചന്തയും തകൃതിയാവുന്നു. വെണ്ടക്ക, പാവക്ക, ബീറ്റ് റൂട്ട്, പടവലങ്ങ, മത്തങ്ങ, വെള്ളരിക്ക, പയര്‍, പച്ചക്കായ, മുരിങ്ങക്ക, കുമ്പളങ്ങ തുടങ്ങി സകല നാട്ടുപച്ചക്കറികളും ഓണച്ചന്തകളിലുണ്ട്.
പോക്കറ്റ് കീറാതെ സദ്യയൊരുക്കാൻ മികച്ച ഓഫറുകളാണ് മിക്കയിടങ്ങളിലും. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഒപ്പം കടല്‍കടന്ന് സദ്യ വിളമ്പാന്‍ വാഴയിലകളും സുലഭം. വാഴയില ഒന്നിന് 75 ദിര്‍ഹം മുതല്‍ ലഭിക്കും.
ദോഹ: നാട്ടിലെ ഓണം അത്തത്തിലെ ആഘോഷത്തിലെ അവസാനിക്കുമ്പോൾ പ്രവാസികളുടെ ആഘോഷങ്ങൾക്ക് തുടക്കമാവുകയാണ്. തിരുവോണനാൾ പ്രവൃത്തി ദിനമായതിനാൽ കൂട്ടായ്മകളുടെ ഓണപ്പരിപാടികൾക്ക് വെള്ളിയാഴ്ചയോടെ തുടക്കമാകും. ഒരാഴ്ച മുമ്പുതന്നെ വിവിധ സംഘടനകൾ പരിപാടികൾക്ക് തുടക്കംകുറിച്ചു. ജോജു ജോർജ് ലവേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയും അടുത്ത വെള്ളിയാഴ്ചയുമായാണ് ഓണാഘോഷം.
കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി പത്തുദിവസമായി ഓൺലൈനില്‍ നടത്തുന്ന ഓണാഘോഷമായ ‘വിരൽ തുമ്പിലോരോണം’ പരിപാടിയിൽ ഖത്തര്‍ ചാപ്റ്ററും പങ്കെടുത്തു. ദോഹ ഒയാസീസ് ബീച്ച് റിസോർട്ടില്‍ ഒത്തുകൂടി പൂക്കളമൊരുക്കിയും തിരുവാതിര അവതരിപ്പിച്ചും ആഘോഷിച്ചു. ഓണ്‍ലൈനില്‍ ഗായകന് അശ്വനിദേവ് സംഗീതക്കച്ചേരി അവതരിപ്പിച്ചു.
ചാപ്റ്റര്‍ ചെയര്മാന് ഫൈസല്‍ മൂസ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അനില്‍കുമാര്‍ സി.എല്‍. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് മന്‍സൂര്‍ അലി ഓണസന്ദേശം കൈമാറി. ഷാജി പീവീസ്, റാഷിദ് സമസ്യ, രശ്മി ശരത്, ധന്യ, ജുനൈദ് അമ്പട്ടേരി, നിസാര്‍ കീഴരിയൂര്‍, റഷീദ് കൂരോളി, ശബീജ് ആര്.എം എസ്., സുനിൽ ഇബ്രാഹിം, രഞ്ജിത്ത്, റഷീദ് മൂടാടി എന്നിവര്‍ നേതൃത്വം നല്കി.
ഗ്ലോബല്‍ ചെയര്മാന് ശിഹാബുദ്ദീന് എസ്.പി.എച്ച് മുഖ്യാതിഥിയായിരുന്നു. ഷാജഹാൻ മുന്ന മാവേലിയായി. കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ ഓണാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 22ന് ഖത്തറിലെ 50 ടീമുകളെ പങ്കെടുപ്പിച്ച് മെഗാ പായസ മത്സരം ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.