ദോഹ: പത്തു വർഷത്തോളമായി ഖത്തറിലെ യാത്രക്കാരുടെ ആശ്രയമായിരുന്ന ഓൺലൈൻ ടാക്സി സർവിസായ കരീമിന്റെ സേവനം ചൊവ്വാഴ്ചയോടെ അവസാനിപ്പിച്ചു.
രജിസ്ട്രേഡ് ഉപയോക്താക്കൾക്ക് ഇ- മെയിൽ വഴിയും ആപ് നോട്ടിഫിക്കേഷൻ വഴിയും അയച്ച സന്ദേശത്തിലാണ് ഫെബ്രുവരി 28 മുതൽ ഖത്തറിലെ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഉപഭോക്താക്കൾക്കുള്ള ബാധ്യതകൾ മാർച്ച് 15നകം പൂർണമായും ലഭ്യമാക്കുമെന്നും അറിയിച്ചു. അല്ലാത്തവർക്ക്, കരീം വെബ്സൈറ്റിൽ പരാതി നൽകാം. ദുബൈ ആസ്ഥാനമായ ഓൺലൈൻ സേവനദാതാക്കളായ കരീം 2013 മുതലാണ് ഖത്തറിൽ സർവിസ് ആരംഭിച്ചത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ യാത്രക്കാരുടെ ഇഷ്ട യാത്രാ സേവനങ്ങളിലൊന്നായി മാറി. ലോകകപ്പ് വേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ സന്ദർശകർക്ക് പ്രധാന ആശ്രയം കൂടിയായിരുന്നു കരീം. കാർ, ഗ്രോസറി, ഫുഡ്, കരീം പേ, കരീം ബൈക്ക്, ഹല ടാക്സി, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ കരീം സേവനങ്ങളുണ്ട്. 2012ൽ ആരംഭിച്ച ‘കരീം’ ഗൾഫ് ഉൾപ്പെടുന്ന മധ്യേഷ്യ, ആഫ്രിക്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ സർവിസ് നടത്തുന്നുണ്ട്. മേഖലയിലെ വിജയകരമായ സാന്നിധ്യമായശേഷം ആഗോള ഓൺലൈൻ ടാക്സി ഭീമനായ ‘ഉബർ’ സ്വന്തമാക്കുകയായിരുന്നു.
നിലവിൽ 300 കോടി ഡോളറിനായിരുന്നു ഉബർ, കരീമിനെ തങ്ങളുടെ മധ്യേഷ്യയിലെ അനുബന്ധ സ്ഥാപനമായി സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.