ഫുട്ബാളിന്റെ കാര്യത്തിൽ ഞങ്ങളുടെ നാടായ തൃശൂരിലെ കേച്ചേരി ഒരു മിനി മലപ്പുറമാണ്. കുട്ടികളും മുതിർന്നവരും പ്രായമായവരും സ്ത്രീകളും ഉൾപ്പെടെ എല്ലാവർക്കും ഫുട്ബാൾ ഇവിടെയൊരു വികാരമാണ്. ആ മണ്ണിൽനിന്നാണ് എന്റെയും വരവ്. കണ്ടും കേട്ടും നാട്ടിൻപുറത്ത് കളിച്ചും വളർന്ന്, പിന്നീട് കോളജ്-യൂനിവേഴ്സിറ്റി തലത്തിലും ശേഷം, വിവ കേരളയിലൂടെ ക്ലബ് ഫുട്ബാളിന്റെയും ഭാഗമായശേഷമാണ് പ്രവാസത്തിലേക്ക് വിമാനം കയറുന്നത്.
ഖത്തർ ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനൊരുങ്ങുമ്പോൾ ഓർമയിലേക്ക് ഗോളടിച്ചുകയറുന്ന ആദ്യ ലോകകപ്പ് 1994ലെ അമേരിക്കയാണ്. അന്ന് പത്തു വയസ്സായിരുന്നു. ബ്രസീൽ ജേതാക്കളായ ആ ലോകകപ്പ് നിറംമങ്ങിയ ഒരു ഓർമ മാത്രമാണ്. ഫുട്ബാൾ പ്രേമിയായ അമ്മാവനും കൂട്ടുകാർക്കുമൊപ്പമായിരുന്നു ടെലിവിഷൻ സെറ്റിന് മുന്നിലിരുന്ന് കളി കണ്ടത്. ബ്രസീലിന്റെ വിജയവും റോബർട്ടോ ബാജിയോ പാഴാക്കിയ പെനാൽറ്റി കിക്കിന്റെ വിഷമവുമെല്ലാമായി ആ ലോകകപ്പ് ഓർമകൾ ഒതുങ്ങും.
എന്നാൽ, കളിയെല്ലാം സജീവമായി, അൽപം മുതിർന്നപ്പോഴെത്തിയ 1998 ഫ്രാൻസ് ലോകകപ്പിന് തിളക്കമേറെയാണ്. അർജന്റീനയായിരുന്നു ഇഷ്ട ടീം. റോബർട്ടോ അയാളയും ഡീഗോ സിമിയോണിയും ഏരിയൽ ഒർട്ടേഗയും യുവാൻ വെറോണും ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുമെല്ലാം നിറഞ്ഞുനിന്ന അർജന്റീന ഡീഗോ മറഡോണ യുഗത്തിനുശേഷം കരുത്തരായ ടീമായി മാറിയ കാലമായിരുന്നു അത്. കിരീടപ്രതീക്ഷയോടെയായിരുന്നു ആരാധകരുടെ ഇഷ്ട ടീമായി അന്ന് അവർ പാരിസിലെത്തിയത്. ഗ്രൂപ് റൗണ്ടിലെയും പ്രീക്വാർട്ടറിലെയും വിജയങ്ങളോടെ ക്വാർട്ടറിലെത്തിയപ്പോൾ ടീം കിരീടത്തിലേക്കുള്ള യാത്രയിലാണെന്ന് ഞങ്ങളും ഉറപ്പിച്ചു. പക്ഷേ, നെതർലൻഡ്സിനോടേറ്റ ക്വാർട്ടറിലെ തോൽവി ഓർമയിൽനിന്ന് ഒരിക്കലും മായില്ല. ആദ്യം ഗോൾ വഴങ്ങിയശേഷം, ഹാവിയർ ലോപസിലൂടെ തിരിച്ചടിച്ച അർജന്റീന ജയത്തിന്റെ വക്കിലെത്തിയപ്പോഴാണ് അവസാന മിനിറ്റിൽ ഒർട്ടേഗ ബുദ്ധിമോശം കാണിക്കുന്നത്. എതിർ ഗോളി എഡ്വിൻ വാൻഡർസറുടെ മുഖത്ത് തലകൊണ്ടിടിച്ച് വീഴ്ത്തിയതിന് ഡയറക്ട് റെഡ് കാർഡ്. അവസാന മിനിറ്റിലെ ഈ പുറത്താകലാണ് അടുത്ത രണ്ടു മിനിറ്റിനുള്ളിൽ നെതർലൻഡ്സിന് ബെർകാംപിലൂടെ വിജയ ഗോൾ കുറിക്കാൻ വഴിയൊരുക്കിയതെന്ന് ഞങ്ങളെപ്പോലുള്ള അർജന്റീന ആരാധകർ ഇന്നും വിശ്വസിക്കുന്നു.
അർജന്റീനയുടെ പല തോൽവികളും വേദനിപ്പിച്ചെങ്കിലും അന്നത്തെ ആ തോൽവി വലിയ വേദനയായി മാറി. നാട്ടിൽ ഞങ്ങളുടെ ആരാധക കൂട്ടായ്മയുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയ അർജന്റീന ബോർഡുകളും കൊടികളും അഴിച്ചുമാറ്റി. പിന്നെയും, പല ലോകകപ്പുകളും അർജന്റീന വിജയത്തിനായി ഓരോ മത്സരത്തിലും ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നു. ഒടുവിൽ 2014 ബ്രസീൽ ലോകകപ്പിന്റെ ഫൈനലിലെ തോൽവിയോടെ അർജന്റീനയോടുള്ള ഇഷ്ടം കുറഞ്ഞു. കഴിഞ്ഞ റഷ്യ ലോകകപ്പിൽ ഫ്രാൻസിനെയായിരുന്നു പിന്തുണച്ചത്. അവർ കപ്പടിച്ചതോടെ, ഇഷ്ടം വെറുതെയായില്ല. ഇക്കുറി ഖത്തറിൽ ലോകകപ്പ് എത്തുമ്പോൾ ആദ്യമായി ലോകകപ്പ് ഗാലറിയിലെത്തി കാണാനുള്ള കാത്തിരിപ്പിലാണ്.
(എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അഡ്മിൻ ആൻഡ് ഫെസിലിറ്റീസ് മേധാവിയാണ് മുൻ ഫുട്ബാൾ താരം കൂടിയായ മുഹമ്മദ് റാഷിദ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.