ദോഹ: രാജ്യത്ത് കാര്യക്ഷമമായ മാലിന്യശേഖരണവും സംസ്കരണ സംവിധാനവും യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് ബിന്നുകളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. ഏറ്റവും പുതിയ ഡിജിറ്റൽ പരിഹാരങ്ങൾ സ്വീകരിച്ച് ഖത്തറിനെ ലോകോത്തര സ്മാർട്ട് സിറ്റിയാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സ്മാർട്ട് ബിന്നുകൾ വിന്യസിച്ചിരിക്കുന്നത്.
രാജ്യത്ത് മാലിന്യശേഖരണം വേഗത്തിലാക്കുന്നതിന് 7000 ബിന്നുകളിലും, 1000 വാഹനങ്ങളിലും ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിച്ചതായി മന്ത്രാലയത്തിലെ പ്രോജക്ട് ആൻഡ് ഡെവലപ്മെന്റ് വകുപ്പ് മേധാവി സുലൈമാൻ അൽ അബ്ദുല്ല പറഞ്ഞു. കണ്ടെയ്നറുകൾ, ക്ലീനിങ് വാഹനങ്ങൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവ ട്രാക്ക് ചെയ്യുന്നതിനുള്ള പദ്ധതി മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായും അൽ അബ്ദുല്ല കൂട്ടിച്ചേർത്തു. വാഹനങ്ങളിലും ബിന്നുകളിലും സ്ഥാപിച്ച സെൻസറുകൾ മാലിന്യ പാത്രങ്ങളുടെ അളവ് ശേഖരിക്കുകയും മാലിന്യത്തിന്റെ അളവും അവസാന ശേഖരണവും സംബന്ധിച്ച വിവരങ്ങൾ ഡേറ്റ മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് അയക്കുകയും ചെയ്യും. പൂർണമായതോ കാലാവധി തികഞ്ഞതോ ആയ കണ്ടെയ്നറുകൾ മാത്രമെ വാഹനങ്ങൾ ശേഖരിക്കുകയുള്ളൂ.
മുനിസിപ്പാലിറ്റി മന്ത്രിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ എക്സലൻസ് കമ്മിറ്റി രൂപവത്കരിച്ച് മന്ത്രാലയം ഡിജിറ്റൽ മാറ്റങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ഖത്തർ ടി.വിയുമായി സംസാരിക്കവെ അൽ അബ്ദുല്ല പറഞ്ഞു. പൊതുജനങ്ങൾക്കും എല്ലാ മേഖലകളിലെയും ഗുണഭോക്താക്കൾക്കും ക്രിയാത്മകമായ സ്മാർട്ട് വ്യക്തിഗത സേവനങ്ങൾ നൽകുന്നതിന് ഡിജിറ്റൽ മാറ്റങ്ങളിലൂടെ നാനൂറോളം സേവനങ്ങൾ വികസിപ്പിക്കുകയെന്നതാണ് മന്ത്രാലയത്തിന്റെ മറ്റൊരു പ്രധാന പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ 65 സേവനങ്ങളാണ് ഒൺലൈൻ വഴിയാക്കിയിട്ടുള്ളതെന്നും, ബാക്കിയുള്ളവ 2024ൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദോഹ: പൊതു ഇടങ്ങളിൽ മലിന്യം തള്ളുന്നവരും ഉപയോഗിച്ച് പഴകിയതും കേടുപാടുള്ളതുമായ വാഹനങ്ങൾ ഉപക്ഷേിക്കുന്നവരും സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് കനത്ത പിഴയായിരിക്കുമെന്ന് ഓർമപ്പെടുത്തി ഖത്തർ നഗരസഭ മന്ത്രാലയം. പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയാൽ 10,000 റിയാല്‍ വരെ പിഴ ചുമത്തും. പൊതു ഇടങ്ങളില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് 25000 റിയാല്‍ വരെ പിഴയും ചുമത്തും. പൊതു ശുചിത്വനിയമത്തിന്റെ ഭാഗമായി കുറ്റം ചെയ്തവരിൽ നിന്നും ഈ തുക ഈടാക്കും. ദീര്‍ഘകാലം പൊതുസ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോയാലും പിടിവീഴും. റോഡുകളിലും സ്ട്രീറ്റുകളിലുമെല്ലാം മാലിന്യം തള്ളിയാലും സമാന ശിക്ഷയുണ്ട്. ഇതോടൊപ്പം തന്നെ പൊളിഞ്ഞ് വീണ മതിലുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവക്കും വന്‍പിഴ ചുമത്തുമെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മുന്നറിയിപ്പ് നല്കി. ഉപയോഗിക്കാത്തതും ഉപേക്ഷിച്ചതുമായ കെട്ടിടങ്ങൾക്കും ഉപയോഗിക്കാത്ത ഭൂമിയും വേലികെട്ടി സംരക്ഷിച്ചില്ലെങ്കിലും പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 25,000 റിയാലാണ് പിഴ.
പൊതു ശുചിത്വവും നഗര സൗന്ദര്യവും നിലനിർത്തുന്നതിന്റെ ഭാഗമായി മന്ത്രാലയം നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.