ദോഹ: 2024ൽ പാരിസ് വേദിയാകുന്ന ഒളിമ്പിക്സ് ആരോഗ്യ കേന്ദ്രീകൃതമാക്കുന്നതിനുള്ള ശ്രമങ്ങളുമായി സംഘാടകർ. ആരോഗ്യ കേന്ദ്രീകൃതമായൊരു ലോകകപ്പ് സംഘടിപ്പിച്ച് വിജയിച്ച ഖത്തറിന്റെ അറിവും വൈദഗ്ധ്യവും മാതൃയാക്കാനാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്.
സംഘാടകർ ഇതിനകം തന്നെ തങ്ങളുടെ പരിചയസമ്പത്തും അറിവും പാരിസ് 2024 ഒളിമ്പിക്സ് സംഘാടകരുമായി പങ്കുവെക്കാൻ ആരംഭിച്ചതായി ഖത്തർ പൊതുജനാരോഗ്യ കാര്യാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് ഡോ. റോബർട്ടോ ബെർട്ടോളിനി പറഞ്ഞു.
പാരിസ് 2024 സംഘാടകരുമായി ഗൾഫ് രാജ്യം സജീവമായ ചർച്ചകളിലാണെന്നും ക്ഷേമത്തിനും സുരക്ഷക്കും മുൻഗണന നൽകുകയായിരുന്നു ഫിഫ ടൂർണമെന്റിന്റെ ലക്ഷ്യമെന്നും ഡോ. ബെർട്ടോളിനി കൂട്ടിച്ചേർത്തു.
2022നു ശേഷവും കായിക മേഖലയിൽ ക്ഷേമവും സുരക്ഷയും ആവർത്തിക്കുന്നതിനും ആരോഗ്യ സുരക്ഷക്ക് മുൻഗണന നൽകുന്നതിനും ഖത്തർ ലോകകപ്പ് മികച്ച പാഠമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്സ് ചർച്ച ചെയ്യുന്നതിന് ഫ്രാൻസുമായി ബന്ധപ്പെട്ടിരുന്നുവെന്നും സ്പോർട്സ് ഇവന്റുകളിലെ ആരോഗ്യകരമായ ഭക്ഷണവും അന്തരീക്ഷവും എന്ന തലക്കെട്ടിലുള്ള ഗൈഡിന്റെ സമാരംഭം പ്രഖ്യാപിക്കുന്ന സെമിനാറിൽ അദ്ദേഹം പറഞ്ഞു.
2022ലെ ഖത്തർ ലോകകപ്പ് വലിയ കായിക മത്സരങ്ങളെക്കുറിച്ച് ധാരണകൾ മാറ്റിമറിച്ചിട്ടുണ്ടെന്നും അവയിൽ ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പ് എങ്ങനെ സംയോജിപ്പിക്കാമെന്ന് മനസ്സിലാക്കിയതായും പ്രധാനപ്പെട്ട കായിക ചാമ്പ്യൻഷിപ്പുകളും മത്സരങ്ങളും ആരോഗ്യകരമായ രീതികളുമായി പൊരുത്തപ്പെടുകയില്ലെന്ന ധാരണയെയാണ് ഖത്തർ മാറ്റിമറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന, ഫിഫ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്.സി) എന്നിവർ തമ്മിൽ 2021ൽ ആരംഭിച്ച സഹകരണമാണ് 2022 ലോകകപ്പ് ആരോഗ്യകരവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തിയത്.
കോവിഡ് വ്യാപനം തടയുന്നത് മുതൽ ആരോഗ്യകരമായ ഭക്ഷണ മെനു തിരഞ്ഞെടുക്കുന്നതു വരെ ഈ സഹകരണത്തിലുൾപ്പെട്ടിരുന്നു. സ്റ്റേഡിയങ്ങൾക്കുള്ളിലെ സമ്പൂർണ പുകയില നിരോധനവും ആരോഗ്യകരമായ ഭക്ഷണ വിതരണവും ചെറിയ ഉദാഹരണങ്ങൾ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.