ദോഹ: 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന ഖത്തർ റണ്ണിനൊരുങ്ങുന്ന ഓട്ടക്കാർക്ക് ഫിറ്റ്നസ് ടിപ്സും വിജയാശംസയും നേർന്ന് ഇന്ത്യയുടെ മുൻനിര മാരത്തൺ ഓട്ടക്കാരൻ ഒളിമ്പ്യൻ ടി. ഗോപി. 'കോവിഡ് മഹാമാരിയിൽനിന്ന് ലോകം മുക്തരായി സാധാരണനിലയിലേക്ക് തിരികെയെത്തുേമ്പാൾ പുത്തനുണർവാകുന്നതാണ് ഇത്തരം കായിക മത്സരങ്ങൾ. ലോകകപ്പിന് വേദിയാവുന്ന ഖത്തർ നേരത്തെതന്നെ സാധാരണനിലയിലെത്തുന്നത് ആശ്വാസകരമാണ്. ഒക്ടോബർ 15ന് രാവിലെ 6.30ന് ആസ്പയർ പാർക്കിൽ ആരംഭിക്കുന്ന ഖത്തർ റണ്ണിനും മത്സരാർഥികൾക്കും വിജയാശംസകൾ നേരുന്നു' -ഒളിമ്പ്യൻ ടി. ഗോപി പറഞ്ഞു.'കോവിഡ് മഹാമാരി കാരണം കാര്യമായ വ്യായാമങ്ങളും പരിശീലനങ്ങളുമില്ലാതെയാവും പലരും ഓട്ടത്തിനിറങ്ങുന്നത്. ഫിറ്റ്നസ് ലെവൽ ഒരുപാട് മോശമായ സമയം കൂടിയാണിത്. എല്ലാവരും ഏറെ ശ്രദ്ധയോടെ വേണം ദീർഘദൂര ഓട്ടത്തിൽ പങ്കെടുക്കേണ്ടത്. ശരീരത്തിൽ നിർജലീകരണം ഇല്ലാതിരിക്കാൻ സൂക്ഷിക്കണം. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചും നന്നായി വെള്ളം കുടിച്ചും നേരത്തെതന്നെ ഓട്ടത്തിനായി ഒരുങ്ങുക' -ഗോപി പറഞ്ഞു.
2016 റിയോ ഒളിമ്പിക്സിലും 2017 ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്ത ടി. ഗോപി ഇന്ത്യയുടെ മുൻനിര മാരത്തൺ ഓട്ടക്കാരനാണ്. 2016 മുംബൈ മാരത്തണിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സൗത്ത് ഏഷ്യൻ ഗെയിംസിൽ 10,000 മീറ്ററിൽ സ്വർണവും 2017 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായ ടി. ഗോപി വയനാട് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.