ദോഹ: രണ്ടു ബോക്സോഫിസ് ഹിറ്റുകളുടെ തുടക്കവും ഒടുക്കവുമായിരുന്നു അന്ന് ലുസൈൽ സ്റ്റേഡിയത്തിൽ. ഒന്ന് കളിയാണെങ്കിൽ മറ്റൊന്ന് കല. ലോകഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തേയും സൂപ്പർ ഡ്യൂപ്പർ ഹിറ്റായ വിശ്വമേളയുടെ സമാപനമായിരുന്നു ഡിസംബർ 18ന് ലുസൈലിൽ. ലയണൽ ആന്ദ്രേസ് മെസ്സിയെന്ന ഇതിഹാസതാരം വിശ്വവിജയത്തിന്റെ സുവർണമുദ്രയിൽ മുത്തമിടുന്ന നേരത്ത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ബോക്സോഫീസ് ഹിറ്റുകളിലൊന്നിലേക്ക് ‘ബോളിവുഡിന്റെ ബാദ്ഷാ’ ആഘോഷമായ പ്രൊമോഷന് തുടക്കമിട്ടുകഴിഞ്ഞിരുന്നു. ‘പത്താൻ‘ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ ടെലിവിഷൻ പ്രൊമോഷന്റെ ഏക വേദി കൂടിയായിരുന്നു ലോകകപ്പ് ഫൈനൽ. ആയിരം കോടിയിലെത്തി നിൽക്കുന്ന അഭൂതപൂർവമായ കുതിപ്പിലേക്ക് ആദ്യ ഊർജവും ആവേശവും പകർന്നുനൽകിയ കളിത്തട്ടായി ഖത്തറിനെ അടയാളപ്പെടുത്തുമ്പോൾ പത്താനും ലോകകപ്പും പരസ്പര പൂരകങ്ങളാവുകയായിരുന്നു.
ഇന്ത്യയിലും ലോകമെമ്പാടുമുള്ള അഭ്രപാളികളിൽ ‘പത്താൻ’ തരംഗമായി മാറിയതിനുപിന്നിൽ ലോകകപ്പ് ഫൈനൽ വേദിയിൽ ഷാറൂഖ് ഖാന്റെ നേതൃത്വത്തിൽ നടത്തിയ പ്രൊമോഷൻ വലിയ പങ്കാണ് വഹിച്ചത്. ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച വയകോം18 പ്രീ മാച്ച് ഷോയിൽ മാത്രമാണ് സിനിമക്കുവേണ്ടി ബ്രോഡ്കാസ്റ്റ് പ്രൊമോഷൻ നടത്തിയത്. ‘ഫീൽഡ് പർ മെസ്സി ഓർ എംബാപ്പെ...സ്റ്റുഡിയോ മേം വെയ്ൻ റൂണി ഓർ മേം’ (കളത്തിൽ മെസ്സിയും എംബാപ്പെയും..സ്റ്റുഡിയോയിൽ ഞാനും വെയ്ൻ റൂണിയും..’)കലാശപ്പോരാട്ടത്തിന്റെ ആവേശനിമിഷങ്ങളിലേക്ക് കൺപാർത്ത ആസ്വാദകർക്കു മുന്നിലേക്ക് അഭ്രപാളികളിൽ വിസ്മയം വിതറുന്ന പത്താന്റെ കാഴ്ചകളിലേക്കുകൂടി ഷാറൂഖ് ആരാധകരെ ക്ഷണിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ വിഖ്യാത ഫുട്ബാളർ റൂണിക്കൊപ്പം ഷാറൂഖ് രസകരമായ നിമിഷങ്ങളൊരുക്കിയ പ്രൊമോഷൻ കാഴ്ചകൾ ജിയോ സിനിമയും സ്പോർട്സ് 18ഉം പ്രേക്ഷകരിലെത്തിച്ചു. 3.2 കോടി ആളുകളാണ് ജിയോ സിനിമയിൽ ആ പ്രൊമോഷനും ഫിഫ ലോകകപ്പ് ഫൈനലും കണ്ടത്.
ഐ.പി.എല്ലും ദേശീയ ക്രിക്കറ്റ് ടീമിന്റെ സുപ്രധാന മത്സരങ്ങളുമല്ലാത്തൊരു അരങ്ങിൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ദർശിച്ച തത്സമയ പരിപാടിയായി അത് മാറുകയായിരുന്നു. ഇന്ത്യയുടെ പങ്കാളിത്തമില്ലാത്ത ഒരു പരിപാടിയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെത്തിയതിന്റെ റെക്കോർഡും ആ ലോകകപ്പ് ഫൈനൽ സ്വന്തമാക്കി. ഫുട്ബാളിനോട് അത്രയേറെ താൽപര്യമില്ലാതിരുന്നിട്ടും പ്രൊമോഷൻ പരിപാടികൾ കാണാനായി എത്തിയ ലക്ഷക്കണക്കിനാളുകളുടെ പങ്കാളിത്തം അതിന് ആക്കംകൂട്ടി. ബോളിവുഡിലെ പതിവ് പ്രൊമോഷൻ ചിട്ടവട്ടങ്ങളെ പൊളിച്ചെഴുതിയ ‘പത്താൻ’ സ്റ്റൈൽ ലോകകപ്പിനുപിന്നാലെ മറ്റൊരു വമ്പൻ വിജയമായി മാറുകയായിരുന്നു. പത്താനിലെ നായിക ദീപിക പദുകോണിനെ ഫൈനൽ വേദിയിൽ ലോകകപ്പ് അനാച്ഛാദനം ചെയ്യാൻ ഫിഫ ക്ഷണിച്ചത് സിനിമയുടെ പ്രമോഷൻ ദിനത്തിൽ ഇരട്ടിമധുരമായി.
യു.എസ്.എ, ആസ്ട്രേലിയ എന്നിവിടങ്ങളിലൊക്കെ കലക്ഷനിൽ പുതിയ റെക്കോർഡിട്ട പത്താൻ, ഗൾഫ് മേഖലയിലും പുതിയ റെക്കോർഡിട്ടു. 11 ദശലക്ഷം ബോക്സ് ഓഫിസ് കളക്ഷൻ നേടിയ ചിത്രം സൽമാൻ ഖാന്റെ ‘ബജ്റംഗീ ഭായിജാന്റെ’ റെക്കോർഡാണ് തകർത്തത്. യു.എ.ഇയിൽ സിനിമ റിലീസ് ചെയ്ത് ദിവസങ്ങൾക്കകം കളക്ഷനിൽ റെക്കോർഡിട്ടിരുന്നു. ഖത്തറിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി പത്താൻ മാറി. കഴിഞ്ഞ ദിവസം ആയിരം കോടി പിന്നിട്ട സിനിമ ഇന്ത്യയിൽ 632കോടിയും വിദേശത്ത് 377കോടിയുമാണ് കളക്ഷൻ നേടിയത്. ആയിരം കോടി പിന്നിടുന്ന ചരിത്രത്തിലെ അഞ്ചാമത്തെ ഇന്ത്യൻ സിനിമയാണ് പത്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.