ദോഹ: എം.ആർ.ഐ പരിശോധനാസമയത്തെ രോഗികളുടെ ആശങ്കയും ഭയവും മറികടക്കാൻ വിനോദ സാങ്കേതികവിദ്യയുടെ കൂട്ട്. ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്.എം.സി) ക്ലിനിക്കൽ ഇമേജിങ് സർവിസാണ് എം.ആർ.ഐ ഉപകരണത്തിന്റെ സങ്കുചിതത്വത്തെക്കുറിച്ചോ പരിശോധനയുടെ സമയദൈർഘ്യത്തെക്കുറിച്ചോ ഉള്ള ആശങ്കകളെയും ഭീതിയെയും മറികടക്കാൻ വിനോദങ്ങളെ കൂട്ടുപിടിച്ചുള്ള പരീക്ഷണം നടത്തുന്നത്.
എം.ആർ.ഐ അനായാസമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യ സഹായകമാകും. അനസ്തേഷ്യയുടെ സഹായത്താൽ എം.ആർ.ഐ പരിശോധന തിരഞ്ഞെടുക്കുന്ന രോഗികളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായിക്കും. മെഡിക്കൽ നടപടിക്രമങ്ങളിൽ വിനോദം അവതരിപ്പിക്കുന്നതിനുള്ള നൂതന പരിഹാരമാണ് ഈ സാങ്കേതികവിദ്യയെന്നും മേഖലയിൽ ഏറ്റവും പുതിയതായാണ് രീതി കണക്കാക്കുന്നതെന്നും എച്ച്.എം.സിയിലെ ക്ലിനിക്കൽ ഇമേജിങ് സർവിസസ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ മശായേൽ അൽ അജീൽ പറഞ്ഞു.
പരിശോധനാവേളയിൽ രോഗിക്ക് അവരുടെ പ്രിയപ്പെട്ട പ്രോഗ്രാം കാണാനോ സംഗീതം കേൾക്കാനോ കഴിയുന്നരീതിയിൽ എം.ആർ.ഐ മെഷീനിൽ സ്ക്രീൻ സംയോജിപ്പിച്ചാണ് പുതിയ സാങ്കേതികവിദ്യ ഒരുക്കുന്നത്. ഉപകരണത്തിന്റെ ശബ്ദം കുറയ്ക്കാൻ അവർക്ക് പ്രത്യേക ഹെഡ്ഫോണുകൾ ഉപയോഗിക്കാം. അതോടൊപ്പംതന്നെ, പരിശോധനക്കിടെ എം.ആർ.ഐ ടെക്നീഷ്യനിൽനിന്നുള്ള നിർദേശങ്ങൾ വ്യക്തമായി സ്വീകരിക്കാനും അത് രോഗിയെ അനുവദിക്കുന്നു.
ഏറ്റവും പുതിയ സാങ്കേതിക പരിഹാരങ്ങൾ ഉപയോഗിക്കുകയും ഞങ്ങളുടെ രോഗികൾക്ക് അവ ലഭ്യമാക്കുന്നതും എപ്പോഴും മുൻഗണന നൽകുന്ന കാര്യമാണ്. എം.ആർ.ഐ സമയത്ത് വിനോദപരിപാടികൾ അവതരിപ്പിക്കുന്നതിലൂടെ രോഗികളുടെ അനുഭവം മെച്ചപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അൽ അജീൽ കൂട്ടിച്ചേർത്തു. എച്ച്.എം.സിയുടെ ആംബുലേറ്ററി കെയർ സെന്റർ, അൽ വക്റ ഹോസ്പിറ്റൽ, അൽ ഖോർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ എം.ആർ.ഐ ഉപകരണങ്ങളിൽ പുതിയ വിനോദ സാങ്കേതികവിദ്യ അവതരിപ്പിച്ചതായി എച്ച്.എം.സിയിലെ എം.ആർ.ഐ ഓപറേഷൻസ് മാനേജർ അസ്മ അൽ ഹദ്റമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.