ദോഹ: ഗസ്സയിലെ ചോരപ്പുഴ തടയാനുള്ള ഖത്തറിന്റെ നേതൃത്വത്തിലെ മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ.10 മാസത്തിലേറെയായി തുടരുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കാനുമായി മധ്യസ്ഥ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാനുള്ള ഖത്തർ, അമേരിക്ക, ഈജിപ്ത് രാജ്യങ്ങളുടെ ശ്രമങ്ങൾക്കാണ് വിവിധ ലോകരാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്. രക്തരൂഷിതമായ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ബന്ദിമോചനവും വെടിനിർത്തലും സാധ്യമാക്കണമെന്നും ഇനി സമയം പാഴാക്കാനാവില്ലെന്നും ഓർമിപ്പിച്ചായിരുന്നു സംയുക്ത പ്രസ്താവന.
ആഗസ്റ്റ് 15ന് ദോഹയിലോ കൈറോയിലോ ഇരു കക്ഷികളെയും പങ്കെടുപ്പിച്ച് ചർച്ച നടത്താമെന്ന ആവശ്യത്തോട് ഇസ്രായേൽ അനുകൂലമായാണ് പ്രതികരിച്ചത്. യു.എ.ഇ, ഒമാൻ, കുവൈത്ത്, ലബനാൻ, ഇറാഖ്, ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ, ഇറ്റലി എന്നിവയും സംയുക്ത ദൗത്യത്തെ സ്വാഗതം ചെയ്തു ഈ നീക്കത്തെ അഭിനന്ദിക്കുന്നതായും വെടിനിർത്തൽ ഒട്ടും കാലതാമസമില്ലാതെ എത്രയും വേഗം സാധ്യമാകൽ അനിവാര്യമാണെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സംയുക്ത ശ്രമം സ്വാഗതാർഹമാണെന്നും വെടിനിർത്തൽ എത്രയും വേഗം സാധ്യമാക്കണമെന്നും ലബനാൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. മൂന്നു രാജ്യങ്ങളുടെയും നേതൃത്വത്തിലുള്ള സംയുക്ത നീക്കം പ്രശംസനീയമാണെന്ന് ലബനാൻ വിദേശകാര്യമന്ത്രി അബ്ദുല്ല ബു ഹബിബ് പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയെ ഫോണിൽ വിളിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.