ദോഹ: രാജ്യത്ത് പ്രാഥമിക പരിചരണമെത്തിക്കുന്നതിനായുള്ള പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിലെ (പി.എച്ച്.സി.സി) ഫാമിലി മെഡിസിൻ മാതൃക വിജയകരമായി മുന്നേറുന്നു. 2018ൽ പി.എച്ച്.സി.സി അവതരിപ്പിച്ച ഫാമിലി മെഡിസിൻ മോഡൽ കെയർ രോഗപ്രതിരോധത്തിലും ജനസംഖ്യയുടെ ആരോഗ്യ, ക്ഷേമത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിലവിൽ രാജ്യത്തെ 31 ആരോഗ്യ കേന്ദ്രങ്ങളിലാണ് ഫാമിലി മെഡിസിൻ സേവനം ലഭ്യമാക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽനിന്ന് ഫാമിലി മെഡിസിനിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് പി.എച്ച്.സി.സി വ്യക്തമാക്കുന്നു. പി.എച്ച്.സി.സി പുറത്തുവിട്ട കണക്കുപ്രകാരം ഫാമിലി മെഡിസിൻ സേവനത്തിനായെത്തുന്ന വ്യക്തികളുടെ എണ്ണം 2021നെ അപേക്ഷിച്ച് കഴിഞ്ഞവർഷം ഒമ്പത് ശതമാനമായി ഉയർന്നിരുന്നു.
2021ൽ 24,75,235 പേർ ഫാമിലി മെഡിസിനിലെത്തിയപ്പോൾ 2022ൽ സേവനം തേടിയവരുടെ എണ്ണം 27,05,400 ആയി വർധിച്ചു. എല്ലാവിധ ആരോഗ്യ ക്ഷേമ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കുടുംബത്തിന് മികച്ച പരിചരണം നൽകുന്നതിനും പി.എച്ച്.സി.സി ഫാമിലി മെഡിസിൻ ഡോക്ടർമാർ പ്രതിജ്ഞാബദ്ധരാണെന്ന് കോർപറേഷൻ വാഗ്ദാനം ചെയ്യുന്നു. നിരവധി വൈദ്യ പരിരക്ഷ സേവനങ്ങളാണ് ഫാമിലി മെഡിസിൻ വിഭാഗത്തിൽ ഡോക്ടർമാർ നൽകിക്കൊണ്ടിരിക്കുന്നത്.
രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും പുറമെ പതിവ് പരിശോധനകൾ, ആരോഗ്യ-അപകട വിലയിരുത്തലുകൾ, പ്രതിരോധ കുത്തിവെപ്പ്, സ്ക്രീനിങ്, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനുള്ള വ്യക്തിഗത കൗൺസലിങ് എന്നിവയുൾപ്പെടെയുള്ള സേവനങ്ങളെല്ലാം പി.എച്ച്.സി.സി ഫാമിലി മെഡിസിൻ വിഭാഗത്തിൽ ലഭ്യമാണ്. സേവനങ്ങൾക്കായി പി.എച്ച്.സി.സി മൊബൈൽ ആപ്ലിക്കേഷനായ ‘നർആകും’ ഉപയോഗിക്കാം. അറബി, ഇംഗ്ലീഷ് ഭാഷകളിൽ ഈ സൗകര്യം ലഭ്യമാണ്. ഹയ്യാക് സൗകര്യത്തിനായി 107 നമ്പറിൽ ബന്ധപ്പെട്ടും അപ്പോയിൻമെന്റ് തേടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.