ദോഹ: മലബാര്‍ മേഖലയിലെ എല്ലാ ഹൈസ്കൂളും ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്ത് പത്താം ക്ലാസ് ജയിക്കുന്നവർക്ക് തുടർപഠനത്തിന് അവസരം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ദോഹയിൽ ചേർന്ന പ്രവാസിസംഗമം ആവശ്യപ്പെട്ടു. താൽക്കാലിക സീറ്റ് വർധനയിലൂടെ മേഖലയിലെ പ്ലസ് വൺ ക്ലാസ് മുറികളെ വെറും ആൾക്കൂട്ട കേന്ദ്രമാക്കി മാറ്റരുതെന്നും മലബാറിനോടുള്ള വിദ്യാഭ്യാസ മേഖലയിലെ അവഗണനക്കെതിരെ ‘ജയിച്ചിട്ടും സീറ്റില്ലാത്ത മലബാര്‍’ എന്ന തലക്കെട്ടില്‍ കള്‍ചറല്‍ ഫോറം സംഘടിപ്പിച്ച പ്രവാസി സദസ്സ് ആവശ്യപ്പെട്ടു.
ഉന്നത വിജയം നേടിയാലും മലബാറിലെ വലിയൊരു ശതമാനം കുട്ടികള്‍ പൊതു വിദ്യാഭ്യാസ സംവിധാനത്തിന് പുറത്താവുകയാണ്. അതേസമയം കേരളത്തിന്റെ ഒരു ഭാഗത്ത് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. വര്‍ഷങ്ങളായി ഇതിന് പരിഹാരം കാണണമെന്ന മുറവിളി ഉയര്‍ന്നിട്ടും സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സര്‍ക്കാറുകള്‍ മുടക്ക് ന്യായം പറയുകയാണ്.
ഈ വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കാർത്തികേയൻ നായർ കമീഷന് റിപ്പോർട്ട് നിർദേശിച്ച കൂടുതൽ ബാച്ചുകൾ അനുവദിക്കുക എന്ന പരിഹാരം ഉടൻ നടപ്പാക്കണമെന്നും പ്രവാസി സംഗമം ആവശ്യപ്പെട്ടു. അധ്യയന വര്‍ഷാരംഭത്തില്‍ പ്രതിഷേധങ്ങൾ ഉയരുമ്പോള്‍ ഏതാനും സീറ്റുകള്‍ വർധിപ്പിക്കുക എന്ന കണ്ണില്‍ പൊടിയിടല്‍ ഇത്തവണയും തുടര്‍ന്നിരിക്കുകയാണ്. 40 പേർ ഇരിക്കേണ്ട ക്ലാസിൽ മലബാര്‍ മേഖലയിലെ പല സ്കൂളുകളിലും ഇതിനോടകംതന്നെ 65 വിദ്യാർഥികളായി. തിങ്ങിനിറഞ്ഞ് ആള്‍ക്കൂട്ടമായി മാറിയ ക്ലാസ് റൂമിൽ അധ്യാപകന് കുട്ടികളെ ശ്രദ്ധിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല. സംസ്ഥാനത്തിന്റെ ജനസംഖ്യയിൽ നല്ല ശതമാനവും മുഖ്യ വരുമാന സ്രോതസ്സുകളിലൊന്നായ ഗള്‍ഫ് പണത്തിന്റെ ഏറിയ പങ്കും തരുന്ന മലബാറിനോടുള്ള ഈ അവഗണന അവസാനിപ്പിക്കേണ്ടതുണ്ട് -സംഗമത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. ഫോറം കോഴിക്കോട് ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു. സിജി ഖത്തര്‍ പ്രതിനിധി എ.കെ. ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി.
ഡോം ഖത്തര്‍ ചീഫ് കോഓഡിനേറ്റർ ഉസ്മാന് കല്ലന്, കള്‍ചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റിയംഗം സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, സഹീർ റഹ്മാൻ പൊന്നാനി തുടങ്ങിയവര്‍ സംസാരിച്ചു. ഫോറം സംസ്ഥാന പ്രസിഡന്റ് എ.സി മുനീഷ് സമാപന പ്രസംഗം നടത്തി. കണ്ണൂര്‍ ജില്ല പ്രസിഡന്റ് ഷുഐബ് അബ്ദുറഹ്മാന് സ്വാഗതവും മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ആരിഫ് പൊന്നാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.