ദോഹ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാത്രിയോടെ ദോഹയിലെത്തി. ദുബൈയിലും അബൂദബിയിലുമായി വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് നരേന്ദ്ര മോദി നേരെ ഖത്തറിലേക്ക് പറന്നത്. എട്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശനം.
ബുധനാഴ്ച രാത്രിയിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി ദോഹയിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. തുടർന്ന് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര പ്രമുഖരും, പ്രവാസി നേതാക്കളും ഉൾപ്പെടെയുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസങ്ങളിലായി രണ്ടു രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം വൈകുന്നേരത്തോടെ ഇന്ത്യയിലേക്ക് മടങ്ങും. നേരത്തെ പ്രഖ്യാപിച്ച യു.എ.ഇ സന്ദർശനത്തിനിടയിൽ അപ്രതീക്ഷിതമായാണ് ഖത്തറിലേക്കുള്ള യാത്ര പ്രഖ്യാപിക്കുന്നത്. ഇന്ത്യ-ഖത്തർ വ്യാപാര, നിക്ഷേപ മേഖലകളിലും നയതന്ത്ര സൗഹൃദത്തിലും നിർണായകമാവുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
പ്രധാനമന്ത്രിയായിരിക്കെ 2016 ജൂണിൽ ആദ്യമായി ഖത്തറിലെത്തിയ മോദി അതിനു ശേഷം ആദ്യമായാണ് ദോഹയിലെത്തുന്നത്. ഇതിനിടയിൽ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ലോകകപ്പ് ഫുട്ബാൾ വേളയിൽ നിലവിലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ഖത്തർ സന്ദർശനത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.