ദോഹ: കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കും വിധം രാജ്യത്തിന്റെ നയങ്ങൾ വികസിപ്പിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി. ശൂറാ കൗൺസിലിന്റെ 53ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.
വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശക്തവും വൈവിധ്യപൂർണവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മാറ്റങ്ങൾക്കും നവീകരണത്തിനും പിന്തുണ നൽകുന്നതുമായിരുന്നു അമീറിന്റെ വാക്കുകളെന്ന് ‘ഖത്തർ ടെലിവിഷന്’ നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
2022 ഫിഫ ലോകകപ്പ് ഫുട്ബാളിന് വിജയകരമായി ആതിഥ്യമൊരുക്കിയ ഖത്തറിന് അതിനായി വിവിധ മേഖലകളിൽ നടത്തിയ നിക്ഷേപങ്ങളിൽനിന്ന് നേട്ടങ്ങൾ സ്വന്തമാക്കുന്ന സമയമാണ് ഇപ്പോഴെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്റെ വിദേശനിക്ഷേപ നയങ്ങൾ കൂടുതൽ ആകർഷകമാക്കുകയും സാമ്പത്തികരംഗത്ത് വികസന മാതൃകകൾ പിന്തുടരുകയും ചെയ്യുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘‘നിലവിലെ വിവിധ സർക്കാർ സേവനങ്ങളിലും സൗകര്യങ്ങളിലും പൂർണ തൃപ്തരല്ല. ഓരോ ഘട്ടങ്ങളിലുമായി അവ മെച്ചപ്പെടുത്തുകയാണ്. വ്യവസായിക വിപ്ലവവും നിർമിത ബുദ്ധിയുടെ അനന്തസാധ്യതകളുമുള്ള ലോകത്തെ നയിക്കാൻ പ്രാപ്തമായ തലമുറയെ മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വാർത്തെടുക്കുകയാണ് ഞങ്ങൾ.
രാജ്യത്തിന്റെ ആരോഗ്യ സംവിധാനം ലോകോത്തരമാണ്. ഇനി കൂടുതൽ നിക്ഷേപ അവസരങ്ങൾ സൃഷ്ടിച്ച് സ്വകാര്യ ആരോഗ്യ മേഖലയും ശക്തമാക്കും’’ -പ്രധാനമന്ത്രി അഭിമുഖത്തിനിടെ പറഞ്ഞു. രാജ്യത്തെ തുല്യ നീതിയുടെയും തുല്യ പൗരത്വത്തിന്റെയും അടിസ്ഥാനമാണ് ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് ഭേദഗതിയിലേക്കുള്ള നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
‘‘രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അവകാശങ്ങളിലും കടമകളിലും നിയമത്തിന് മുന്നിൽ തുല്യരാണ്. നീതിയുടെ തത്ത്വമാണ് അമീർ പകർന്നത്. ഒരു വിഭാഗത്തെയും വേർതിരിക്കുന്ന ഒരു നിയമവും ഉണ്ടാകില്ല. എല്ലാവരും രാജ്യത്തിന്റെ തുല്യ പൗരന്മാരാണ്. ഭേദഗതി പാസാക്കിയ ശേഷം നിയമങ്ങൾ ഭരണഘടനക്കനുസൃതമായി മാറും. എതിർപ്പുകൾ ഉയർന്നിട്ടും ഭരണഘടന നിർദേശം നടപ്പാക്കാനായിരുന്നു അമീറിന്റെ നിർദേശം. അതിന്റെ അടിസ്ഥാനത്തിൽ 2021ൽ വോട്ടെടുപ്പിലൂടെ ശൂറാ കൗൺസിൽ മൂന്നിലൊന്ന് വിഭാഗത്തെ തെരഞ്ഞെടുക്കുകയായിരുന്നു. പൗരന്മാരുടെ താൽപര്യത്തിന് മുകളിൽ രാജ്യം ഒരു നടപടിയും സ്വീകരിക്കില്ല. പൗരതാൽപര്യമാണ് എല്ലാത്തിലും പ്രധാനം’’ -അദ്ദേഹം വ്യക്തമാക്കി.
ദേശീയ ഐക്യം, പൗരന്മാർക്കിടയിലെ ഐക്യം, അവകാശങ്ങളിലും കടമകളിലും തുല്യപൗരത്വം, നിയമവാഴ്ച എന്നിവയാണ് ഭരണഘടന ഭേദഗതികളുടെ പ്രധാന ഘടകമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ശൂറാ കൗൺസിലിലേക്ക് യുവാക്കളും മുതിർന്നവരും ഉൾപ്പെടെ ഏത് പ്രായക്കാർക്കും അംഗങ്ങളാകാമെന്നും ചോദ്യത്തിനുത്തരമായി പ്രധാനമന്ത്രി വ്യക്തമാക്കി.
മേഖലയിലെ രാജ്യങ്ങൾക്കെതിരായ ആക്രമണത്തിന് അൽ ഉദൈദ് വ്യോമതാവളം ഉപയോഗിക്കാൻ അനുവദിക്കില്ല
ഗസ്സയിലെയും ലബനാനിലെയും സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ നേതൃത്വത്തിലെ മധ്യസ്ഥ ദൗത്യം തുടരുമെന്നും അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ‘‘കഴിഞ്ഞ ഒരു വർഷമായി ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കാൻ ഖത്തർ ശ്രമിക്കുന്നുണ്ട്. നിർഭാഗ്യകരമെന്ന് പറയാം, ഇരു വിഭാഗങ്ങളും കരാറിൽ എത്തിയിട്ടില്ല. ലബനാനിലെ യുദ്ധം അവസാനിപ്പിക്കാനും ഖത്തർ ശക്തമായി ആവശ്യമുന്നയിക്കുന്നു. ഇതിനകം 12 ലക്ഷത്തോളം പേരാണ് ലബനാനിൽ അഭയാർഥികളാക്കപ്പെട്ടത്.
ഗസ്സയിലെ ചോരപ്പുഴ അവസാനിപ്പിക്കാൻ ആര് ശ്രമിക്കുന്നുവോ, അവർക്ക് ദൈവം വിജയം നൽകട്ടെ. ശ്രമങ്ങൾക്ക് ഫലം കാണുമെന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. കഴിഞ്ഞ നവംബറിൽ താൽക്കാലിക വെടിനിർത്തൽ സാധ്യമാക്കിയിരുന്നെങ്കിലും ഇത് തുടരാൻ സാധിച്ചില്ല’’ -പ്രധാനമന്ത്രി പറഞ്ഞു.
ഖത്തറിലെ അമേരിക്കൻ എയർ ബേസ് ക്യാമ്പായ അൽ ഉദൈദിൽനിന്ന് മേഖലയിലെ ഏതെങ്കിലും രാജ്യത്തിനെതിരെ യുദ്ധമോ ആക്രമണമോ നടത്താൻ ഒരു തരത്തിലും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.