ദോഹ: പ്രവാസി ജീവിതത്തിൽ ആവശ്യമായതെല്ലാം ഒരു കുടക്കീഴിലൊരുക്കി പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം സംഘടിപ്പിക്കുന്ന ‘സർവിസ് കാർണിവൽ’ നവംബർ 29 വെള്ളിയാഴ്ച. ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കിടയിൽ സാമൂഹിക സേവന പ്രവർത്തനങ്ങളുമായി ശ്രദ്ധേയരായ പ്രവാസി വെൽഫെയറിന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പുതുമയേറിയ പരിപാടികളുമായി വക്റ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ‘സർവിസ് കാർണിവൽ’ അരങ്ങേറുന്നത്.
തൊഴിലാളികൾ മുതൽ കമ്പനി ജീവനക്കാരും, പ്രഫഷനലുകളും, കുടുംബങ്ങളും വരെ എല്ലാ പ്രവാസികൾക്കും ആവശ്യമായ സേവനങ്ങളെല്ലാം വാഗ്ദാനം ചെയ്യുന്ന പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രവാസികളുടെ കാതലായ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന വിധമാണ് ഈ കാർണിവലിനെ സംവിധാനിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസി സാമ്പത്തികം, നിക്ഷേപം, ആരോഗ്യം , തൊഴിൽ നൈപുണ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന കാർണിവൽ, പ്രവാസികൾക്ക് ഉപകരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ, വിവിധ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങൾ എന്നിവയുടെ ആധികാരിക വിവരങ്ങളും സേവനങ്ങളും നൽകുന്ന ഒന്നായിരിക്കും.
ഖത്തറിലെ ഗവൺമെന്റ്-ഗവൺമെന്റേതര സ്ഥാപനങ്ങളുടെ സേവനങ്ങളെ കൂടി പരിചയപ്പെടാൻ ഉപകരിക്കുന്ന കാർണിവൽ, സേവനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുംവിധം വിവിധങ്ങളായ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുമിച്ച് അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം 5.15ന് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ നിർവഹിക്കും.
പ്രത്യേകം സജ്ജീകരിച്ച ടെന്റിൽ 50ഓളം സ്റ്റാളുകളുമായാണ് സർവിസ് കാർണിവൽ ഒരുക്കുന്നത്.
ഉച്ചക്ക് രണ്ട് മുതൽ ഇവ പ്രവർത്തിക്കും. കേരള സർക്കാറിന്റെ നോർക്ക അംഗത്വം, പ്രവാസി പെൻഷൻ, ഐ.സി.ബി.എഫ് ഇൻഷുറൻസ്, കേന്ദ്ര സർക്കാറിന്റെ വിവിധ പ്രവാസി സേവന പരിപാടികൾ എന്നിവയെ കുറിച്ച് അറിയാനും അംഗത്വമെടുക്കാനും കാർണിവലിൽ സൗകര്യം ഉണ്ടാകും. പ്രാഥമിക ആരോഗ്യ പരിശോധന, ഹാർട്ട് ഹോസ്പിറ്റലിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ നയിക്കുന്ന പഠന ക്ലാസും പരിശോധനയും, ഹമദ് മെഡിക്കൽ കോർപറേഷനുമായി ചേർന്നുള്ള രക്തദാനം തുടങ്ങിയ സൗകര്യങ്ങളും കാർണിവലിൽ ഉണ്ടാകും .
സർവിസ് കാർണിവലിന്റെ ഭാഗമായി നടന്ന എം.ഐ.എ ടെസ്റ്റിൽ പങ്കെടുത്ത കുട്ടികളുടെ റിസൽറ്റ് അസസ്മെന്റ് വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ നടക്കും. ഉച്ചക്ക്12.30ന് വിവിധ സംഘടന ഭാരവാഹികളും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും പങ്കെടുക്കുന്ന ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പരിപാടിയിൽ നിഖിൽ ഗോപാലകൃഷ്ണൻ, സി.പി. ഷഫീഖ്, ഹാരിസ് പടിയത്ത് എന്നിവർ സംസാരിക്കും. വൈകുന്നേരം അഞ്ച് മുതൽ നടക്കുന്ന കരിയർ ആൻഡ് എജുക്കേഷൻ സെഷനിൽ എൻ.എം. ഹുസൈൻ, സുലൈമാൻ ഊരകം എന്നിവർ പങ്കെടുക്കും. രാത്രി 7.30ന് നടക്കുന്ന സമാപന പരിപാടിയിൽ അബ്ദുൽ ഹമീദ് വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തും.
ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥർ, അപെക്സ് ബോഡി പ്രസിഡന്റ്മാർ, വിവിധ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്കുള്ള വിവിധ സേവനങ്ങളെ കുറിച്ച് അറിയാൻ സഹായകരമാകുന്ന പ്രവാസി ഡിജിറ്റൽ ആപ് പ്രകാശനവും സമാപന പരിപാടിയിൽ നടക്കും. സർവിസ് കാർണിവലിന്റെ ഭാഗമായ കലാസാംസ്കാരിക പരിപാടികൾ വൈകുന്നേരം നാലിന് ആരംഭിക്കും.
മുട്ടിപ്പാട്ട്, ശിങ്കാരിമേളം, മാജിക് ഷോ, ഇൻസ്ട്രുമെന്റ് മ്യൂസിക്, ഫ്ലാഷ് മോബ്, ഫൺ കാർണിവൽ, ഫേസ് പെയിന്റിങ്, തെരുവ് നാടകം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികൾ നടക്കും. കേരളത്തനിമ വിളിച്ചറിയിക്കുന്ന ഫുഡ് സ്റ്റാൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം, ചെടികളുടെ പ്രദർശനം തുടങ്ങിയ വിവിധ പരിപാടികളും സർവിസ് കാർണിവൽ ഭാഗമായി നടക്കും.
വാർത്തസമ്മേളനത്തിൽ സർവിസ് കാർണിവൽ ചീഫ് പാട്രൺ പി.എൻ. ബാബുരാജൻ, പ്രവാസി വെൽഫെയർ പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. താജ് ആലുവ, റിയാദ മെഡിക്കൽ സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം, ജനറൽ കൺവീനർ മജീദ് അലി, മീഡിയ സെക്രട്ടറി റബീഹ് സമാൻ എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ പത്താം വാർഷിക ആഘോഷത്തിന്റെ ഉപഹാരമായി രണ്ട് പ്രവാസികൾക്ക് വീട് നിർമാണത്തിനുള്ള സാമ്പത്തിക സഹായം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. താഴ്ന്ന വരുമാനക്കാരായ നൂറു പേർക്ക് കാർണിവൽ നഗരിയിൽ സൗജന്യമായി നോർക്ക കാർഡും നൽകും. ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകനായിരുന്ന കെ.സി. അബ്ദുറഹ്മാന്റെ പേരിൽ ഖത്തറിലെ ജീവകരുണ്യ പ്രവർത്തകന് പ്രത്യേക പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.
നോർക്ക ഐ.ഡി കാർഡ്, നോർക്ക ഇൻഷുറൻസ്, പ്രവാസി ക്ഷേമ പെൻഷൻപദ്ധതി, സാന്ത്വന പദ്ധതികൾ, കേന്ദ്ര സർക്കാർ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്ക്, ഓഹരി വിപണി അവസരങ്ങൾ, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് സ്കീം, സമ്പാദ്യപദ്ധതികൾ, പ്രോജക്ട് ഇൻവെസ്റ്റ്മെന്റ്, എത്തിക്കൽ ഇൻവെസ്റ്റ്മെന്റ് സ്കീം, എൻ.ആർ.ഐ അക്കൗണ്ട് സർവിസസ്, സി.വി ക്ലിനിക്ക് ആൻഡ് മോക് ഇന്റർവ്യൂ, മത്സരപരീക്ഷകളും സ്കോളർഷിപ്പുകളും പരിചയപ്പെടുത്തുന്ന കൗണ്ടർ, കരിയർ ഡെസ്ക്, ആരോഗ്യ പരിശോധന, രക്തദാന ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.