ദോഹ: ട്വന്റി20 ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടിൽ ആതിഥേയരായ ഖത്തറിന് തുടർച്ചയായ നാലാം ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ അയൽക്കാരായ ബഹ്റൈനെയാണ് ആവേശകരമായ മത്സരത്തിൽ 13 റൺസിന് തോൽപിച്ചത്. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഖത്തർ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടി. ഓപണർ ഇമാൽ ലിയനാഗെ (78 റൺസ്), മുഹമ്മദ് അഹ്നാഫ് (60 നോട്ടൗട്ട്) എന്നിവരുടെ മികവിലായിരുന്നു ഖത്തറിന്റെ മികച്ച ടോട്ടൽ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഹ്റൈൻ അവസാന ഓവർ വരെ പോരാടിയെങ്കിലും ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നായകൻ ഹൈദർ അലി 68ഉം, റിസ്വാൻ ഭട്ട് 32ഉം റൺസെടുത്തു. മറ്റു മത്സരങ്ങളിൽ സൗദിയും തായ്ലൻഡും ജയിച്ചു. കംബോഡിയക്കെതിരെ അഞ്ചു വിക്കറ്റിനായിരുന്നു സൗദിയുടെ ജയം.
തായ്ലൻഡ് ഏഴ് റൺസിന് ഭൂട്ടാനെയും തോൽപിച്ചു. ചൊവ്വാഴ്ചയാണ് പോയിന്റ് നിലയിൽ ആദ്യ സ്ഥാനങ്ങളിലുള്ള ഖത്തറും യു.എ.ഇയും തമ്മിലെ മത്സരം. ഇരു ടീമുകളും നാല് കളിയിൽ എല്ലാം ജയിച്ച് എട്ട് പോയിന്റുമായി ഒന്നും രണ്ടും സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.