ദോഹ: ഖത്തറിൽ ജനസേവനത്തിന്റെയും കല-സാംസ്കാരിക-കായിക ഇടപെടലുകളുടെയും ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചുള്ള ‘സർവിസ് കാർണിവൽ’ നവംബർ 29ന് നടക്കുന്നു.
റേഡിയോ മലയാളം ഓഫിസിൽ നടന്ന ചടങ്ങിൽ പ്രവാസി വെൽഫെയര്‍ ആക്ടിങ് പ്രസിഡന്റ് റഷീദലി, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന് എന്നിവര്‍ ചേര്‍ന്ന് സർവിസ് കാർണിവൽ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.
സാമ്പത്തികം, നിക്ഷേപം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം ഇങ്ങനെ സർവ മേഖലകളും ചർച്ചചെയ്യുന്ന സർവിസ് കാർണിവൽ ഖത്തറിലെ ഓരോ പ്രവാസിയുടെയും ജീവിതത്തിലെ നാഴികക്കല്ലാവും.
പരമ്പരാഗത ആഘോഷ രീതികളില്‍നിന്ന് വ്യത്യസ്തമായി പ്രവാസത്തിലെ വിവിധ വഴികൾ അറിയാനും പുതിയ ചിന്തകൾക്ക് തുടക്കം കുറിക്കാനും ഈ കാർണിവൽ ഉപകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ മേഖലകളിലെ പ്രമുഖർ നയിക്കുന്ന പഠന ക്ലാസുകളും പ്രവാസികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സർവിസ് കൗണ്ടറുകളുമാണ് സർവിസ് കാർണിവലിന്റെ സവിശേഷത.
സർവിസ് കാർണിവൽ ജനറൽ കൺവീനർ മജീദ് അലി, കോഓഡിനേറ്റർ ലത കൃഷ്ണ എന്നിവർ പരിപാടികൾ വിശദീകരിച്ചു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് നജ്ല നജീബ്, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്, സംസ്ഥാന സെക്രട്ടറിമാരായ ഷരീഫ് ചിറക്കൽ, റഹീം വേങ്ങേരി, റബീഅ് സമാൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.