ദോഹ: ഗോളശാസ്ത്ര രഹസ്യങ്ങളും ശാസ്ത്ര കുതിപ്പുകളുമായി ഭാവിയിലെ ശാസ്ത്രകാരന്മാർ അണിനിരന്ന വേറിട്ട പ്രദർശനം. മാപ്സ് ഇന്റർനാഷനലും കതാറ കൾചറൽ വില്ലേജും ചേർന്ന് കതാറയിലെ അൽ തുറായ പ്ലാനറ്റോറിയത്തിൽ സംഘടിപ്പിച്ച കതാറ ആസ്ട്രോണമി പ്രദർശനം രാജ്യത്തെ യുവതലമുറയുടെ ബഹിരാകാശ ശാസ്ത്ര ചിന്തകളുടെ സാക്ഷ്യമായി മാറി.
രാജ്യത്തെ സ്കൂൾ, സർവകലാശാല വിദ്യാർഥികൾ തയാറാക്കിയ ശാസ്ത്ര മാതൃകകളും കണ്ടെത്തലുകളും മനുഷ്യന്റെ പദ്ധതികളുമെല്ലാം സന്ദർശകർക്കായി പ്രദർശിപ്പിക്കുന്നതായിരുന്നു കതാറ അസ്ട്രോണമി എക്സിബിഷൻ. ‘ശാസ്ത്രവും കണ്ടുപിടുത്തവും; ആശയത്തിൽ നിന്നും സർഗാത്മകതയിലേക്ക് ഭാവി രൂപപ്പെടുത്തുന്നു’ എന്ന തലക്കെട്ടിൽ കതാറ ബഹിരാകാശ ശാസ്ത്ര പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം ശനിയാഴ്ച സമാപിച്ചു.
ബഹിരാകാശ പര്യവേക്ഷണം, നിർമിതബുദ്ധി (എ.ഐ), റോബോട്ടിക്സ്, മെഷീൻ ലേണിങ്, പ്ലാനറ്ററി സിസ്റ്റങ്ങൾ, ബഹിരാകാശ യാത്ര തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ പ്രവണതകളുമായി ഇടപഴകാനും, യുവ ശാസ്ത്രജ്ഞർക്ക് അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാനും വേദിയൊരുക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രദർശനം സംഘടിപ്പിച്ചത്.
പ്രദർശനത്തിൽ പങ്കെടുക്കുന്നവർക്ക് ആശയങ്ങൾ പരസ്പരം കൈമാറാനും ബഹിരാകാശത്തെയും ജ്യോതിശാസ്ത്രത്തെയും കുറിച്ച് അവരിൽ കൂടുതൽ ആവേശം ജ്വലിപ്പിക്കാനും പ്രദർശനം അവസരം നൽകി. ഹോം സ്റ്റഡി വിദ്യാർഥിയായ അനുഷ്ക മഹാജൻ പൂച്ചകൾക്കായി സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ വേനൽക്കാല അഭയകേന്ദ്രമാണ് പ്രദർശനങ്ങളിൽ ശ്രദ്ധേയമായ ഒരു മോഡൽ.
മികച്ച ശാസ്ത്രീയ മോഡൽ, നൂതനമായ ഡിസൈൻ, സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗം തുടങ്ങി വിവിധ മേഖലകളിൽ മത്സരവും പുരസ്കാര പ്രഖ്യാപനവും പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
വിധികർത്താക്കളുടെ പാനലാണ് വിജയികളെ തിരഞ്ഞെടുക്കുക. വിജയികൾക്ക് ഗിഫ്റ്റ് കാർഡുകളും സയൻസ് കിറ്റുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. പങ്കെടുക്കുന്നവർക്കെല്ലാം പ്രശംസാപത്രവും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.