ദോഹ: യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് കാണാതായ കുട്ടികളുടെയും സൈനികരുടെയും മോചനത്തിനുള്ള വഴികള്‍ തേടി യുക്രെയ്നിയന്‍ സംഘം ഖത്തറിലെത്തി. മനുഷ്യാവകാശത്തിനുള്ള യുക്രെയ്ൻ പാര്‍ലമെന്റ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഖത്തര്‍ അന്താരാഷ്ട്ര സഹകരണ മന്ത്രി ലുല്‍വ അല്‍ ഖാതറുമായി ചര്‍ച്ച നടത്തി.
അധിനിവേശത്തിനു പിന്നാലെ 20,000ത്തിലേറെ കുട്ടികളെ റഷ്യ കസ്റ്റഡിയില്‍ എടുത്തതായാണ് യുക്രെയ്നിന്റെ ആരോപണം. എന്നാല്‍, ഇവരെ യുദ്ധ മേഖലയില്‍നിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്ന് റഷ്യ വിശദീകരിക്കുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ നിരവധി പേരെ ഇതിനകം റഷ്യ കൈമാറിയിരുന്നു.
മധ്യസ്ഥ ഇടപെടലിനും പ്രശ്ന പരിഹാരത്തിനുമായാണ് യുക്രെയ്ൻ പാർലമെന്റ് മനുഷ്യാവകാശ കമീഷണർ ദിമിത്രോ ലുബിനറ്റ്സിന്റെ നേതൃത്വത്തിലുള്ള സംഘം ഖത്തറിലെത്തിയത്. മാനുഷിക പ്രശ്ന പരിഹാരത്തിനായുള്ള ചർച്ചകൾക്ക് നിഷ്പക്ഷ വേദി നൽകാൻ ഖത്തർ സന്നദ്ധമാണെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാശിദ് അൽഖാതിർ പറഞ്ഞു.
നിലവിലെ പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന സിവിലിയന്മാരുടെ പ്രയാസങ്ങൾ ലഘൂകരിക്കാൻ കാര്യക്ഷമമായ മാനുഷിക ഇടപെടലുകൾക്കായുള്ള ഖത്തറിന്റെ ശ്രമങ്ങളെ മന്ത്രി പ്രത്യേകം ചൂണ്ടിക്കാട്ടി.കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികളുടെ രേഖകൾ കണ്ടെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും, കാണാതായ സൈനികരുടെ പട്ടിക കൈമാറ്റവും ഉൾപ്പെടെയുള്ള വിഷയങ്ങളും ഖത്തർ-യുക്രെയ്ൻ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങളിലും മാനുഷിക തത്ത്വങ്ങളിലും വേരൂന്നിയ സമാധാനപരമായ പ്രമേയങ്ങളോടുള്ള ഖത്തറിന്റെ ശ്രമങ്ങൾ ചൂണ്ടിക്കാട്ടിയ ലുൽവ അൽ ഖാതിർ, ചർച്ചകളിലെ ക്രിയാത്മക പങ്കാളിത്തത്തിന് എല്ലാ കക്ഷികൾക്കും നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.