ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ് പ്രദർശനമായ മിലിപോൾ ഖത്തറിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷ ഉദ്യോഗസ്ഥർ, മന്ത്രിമാർ, വിദഗ്ധർ, സുരക്ഷ മേഖലയിലെ കമ്പനികൾ, പ്രതിനിധികൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
‘സുരക്ഷ സേവനത്തിൽ സാങ്കേതികത’ എന്ന പ്രമേയത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ഇത്തവണ അന്താരാഷ്ട്ര പ്രദർശനം നടക്കുന്നതെന്ന് മിലിപോൾ ഖത്തർ കമ്മിറ്റി ചെയർമാൻ മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽ ഥാനി പറഞ്ഞു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് പ്രദർശനം.
15ാമത്തെ മിലിപോൾ പ്രദർശനത്തിനാണ് രാജ്യം വേദിയൊരുക്കുന്നത്. ഓരോ പതിപ്പിലുമായി ലോകത്തെത്തന്നെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷ, പ്രതിരോധ, സിവിൽ ഡിഫൻസ് പ്രദർശനമായി മാറുന്ന മിലിപോളിൽ ഇത്തവണ പ്രാദേശികവും, അന്തർദേശീയവുമായ 250ഓളം കമ്പനികൾ പങ്കെടുക്കും. പ്രതിരോധ, സുരക്ഷ മേഖലകളിലെ പ്രമുഖ കമ്പനികളാണ് പങ്കെടുക്കുന്നത്. ആറ് അന്താരാഷ്ട്ര പവലിയനാണ് ഇത്തവണ പ്രദർശനത്തിന്റെ ശ്രദ്ധാ കേന്ദ്രം. 23,000 ചതുരശ്ര മീറ്ററിലാണ് പ്രദർശന വേദി സജ്ജീകരിച്ചത്.
ഇതിനു പുറമെ, ആഭ്യന്തര മന്ത്രാലയത്തിന്റെ വാഹന വ്യൂഹങ്ങളുടെ പ്രദർശനവുമുണ്ടാവും. മാറുന്ന ലോകത്തെ വർധിച്ചുവരുന്ന സുരക്ഷ വെല്ലുവിളികൾ നേരിടുന്നതിനും രാജ്യത്തിന്റെ സുരക്ഷ ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി സാങ്കേതിക മികവുകൾ വികസിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രദർശനമെന്ന് മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽഥാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഫ്രഞ്ച് കമ്പനിയായ ‘കോമെക്സ്പോസിയ’വുമായി ചേർന്ന് സുരക്ഷ മേഖലയിലെ നൂതന സാങ്കേതിക കണ്ടുപിടിത്തങ്ങളും സാധ്യതകളും പ്രദർശിപ്പിക്കും. സുരക്ഷ വിഷയങ്ങളിലെ സെമിനാർ, സൈബർ സെക്യൂരിറ്റി, സിവിൽ ഡിഫൻസ്, എയർപോർട്ട് -അതിർത്തി സുരക്ഷ തുടങ്ങിയ 15ഓളം സെമിനാറുകളും മൂന്നു ദിവസങ്ങളിലായി അരങ്ങേറും.
350ഓളം ഔദ്യോഗിക പ്രതിനിധികൾ ഇത്തവണ മിലിപോളിൽ പങ്കെടുക്കുന്നതായി ചെയർമാൻ അറിയിച്ചു. സൈനിക, സുരക്ഷ മേഖലകളിലെ ഉന്നതരുമായി ചർച്ചകളും കൂടിക്കാഴ്ചകളുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. കമ്പനികൾ, സർക്കാർ പ്രതിനിധികൾ എന്നിവരുമായി കരാറുകൾക്കും സാക്ഷ്യം വഹിക്കും.
വാർത്തസമ്മേളനത്തിനു പിന്നാലെ ഖത്തർ നാഷനൽ ബാങ്ക്, ബർസാൻ ഹോൾഡിങ് ഉൾപ്പെടെ വിവിധ പങ്കാളികളുമായി കരാറിൽ ഒപ്പുവെച്ചു.
പ്രദർശനത്തിന്റെ ഭാഗമായി ‘ആഭ്യന്തര സുരക്ഷയിലെ നിർമിത ബുദ്ധി’ എന്ന വിഷയത്തിൽ രണ്ടു ദിവസങ്ങളിലായി സമ്മേളനവും ഡി.ഇ.സി.സിയിൽ നടക്കും. അന്താരാഷ്ട്ര തലത്തിലെ പ്രമുഖർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. എ.ഐ ആൻഡ് സ്മാർട്ട് ടെക്നോളജി, സുരക്ഷ പ്രവൃത്തിയിൽ എ.ഐ, എ.ഐ എത്തിക്സ്, എ.ഐ ഉയർത്തുന്ന സുരക്ഷ വെല്ലുവിളികളും അവസരങ്ങളും തുടങ്ങിയ നാല് വിഷയങ്ങളിലായാണ് സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.