അബു സംറ അതിർത്തി
ദോഹ: പെരുന്നാൾ അവധി ആഘോഷത്തിനായി വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നു ഖത്തറിലെത്തുന്ന യാത്രക്കാർക്ക് അതിർത്തിയിലെ തിരക്ക് ഒഴിവാക്കാൻ ക്രമീകരണങ്ങൾ. ഖത്തർ-സൗദി അറേബ്യ അതിർത്തി കടക്കുന്ന യാത്രക്കാർക്ക് പുതുതായി തുറന്ന പാതയിലൂടെ പ്രവേശിക്കുന്നതിന് വാഹനങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം തുടങ്ങി.
റമദാൻ തുടക്കത്തിൽ അനുഭവപ്പെട്ട തിരക്ക് സംബന്ധിച്ച് ഉയർന്ന പരാതികളെത്തുടർന്നാണ് അധികൃതരുടെ പുതിയ നീക്കം.
പെരുന്നാൾ ആഘോഷങ്ങൾക്ക് ദിവസങ്ങൾ മുമ്പുതന്നെ അബൂസംറ അതിർത്തി കടക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കായി ഒരു പുതിയ പാത തുറന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരുന്നു.
മെട്രാഷ് രണ്ട് ആപ് വഴി പൗരന്മാർക്കും താമസക്കാർക്കും രജിസ്റ്റർ ചെയ്യാമെന്നും എന്നാൽ ഇത് നിർബന്ധമില്ലെന്നും ട്വിറ്ററിലൂടെ അറിയിച്ച മന്ത്രാലയം, മുൻകൂർ രജിസ്ട്രേഷൻ കാത്തിരിപ്പ് സമയം കുറക്കുമെന്നും വാഹനങ്ങളുടെ നീണ്ടനിരയിലുള്ള ക്യൂ ഒഴിവാക്കാൻ സഹായിക്കുമെന്നും വ്യക്തമാക്കി.
ഖത്തരി പൗരന്മാർക്കും താമസക്കാർക്കും അബൂസംറ അതിർത്തി കടക്കുന്നതിന് മെട്രാഷ് രണ്ടിലെ പ്രീ-രജിസ്ട്രേഷൻ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. മറ്റു പാതകൾ പതിവുപോലെ പ്രവർത്തിക്കും.
ലോഗിൻ ചെയ്ത് ട്രാവൽ സർവിസസ് തിരഞ്ഞെടുത്തതിനു ശേഷം ബൂസംറ ബോർഡർ ക്രോസിങ്ങിനായുള്ള ‘പ്രീ രജിസ്ട്രേഷൻ’ ഒാപ്ഷൻ തിരഞ്ഞെടുക്കണം. പിന്നീട് വാഹനം, ഡ്രൈവർ, യാത്രക്കാർ എന്നിവരെക്കുറിച്ച വിവരങ്ങൾ നൽകി ഈ സേവനം ആക്സസ് ചെയ്യാൻ സാധിക്കും. അപേക്ഷ സ്ഥിരീകരിക്കുന്നതിനായി ഉപയോക്താവിന് ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള മൊബൈൽ സന്ദേശവും ലഭിക്കുന്നതോടെ പ്രീ-രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും.
അതേസമയം, അബൂസംറ അതിർത്തിയിലെ നിയുക്ത പാതയിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ഉപയോക്താക്കൾ ആവശ്യമായ വിവരങ്ങൾ നൽകുകയും പ്രീ-രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായെന്ന സ്ഥിരീകരണം ലഭിക്കുകയും ചെയ്യണം. 36 ചെക്ക്പോസ്റ്റുകളും 24 പാസ്പോർട്ട് ഓഫിസുകളുമടങ്ങുന്ന റെഗുലർ ബോർഡർ ക്രോസിങ് പതിവുപോലെ പ്രവർത്തിക്കും.
പെരുന്നാൾ ദിവസം അതിർത്തിയിലെത്തുന്ന സന്ദർശകർക്ക് പ്രത്യേക ഈദിയ്യ സമ്മാനങ്ങൾ ലഭ്യമാക്കും. ഹമദ് വിമാനത്താവളമുൾപ്പെടെയുള്ള മാർഗങ്ങളിലൂടെ രാജ്യത്ത് പെരുന്നാൾ ദിവസം പ്രവേശിക്കുന്നവർക്ക് ഈദിയ്യ സമ്മാനം നൽകുമെന്ന് ഖത്തർ ടൂറിസം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തേ റമദാൻ തുടക്കത്തിൽ സൗദി അറേബ്യയിലേക്കു കടക്കാനായി അതിർത്തിയിലെത്തിയ നൂറുകണക്കിന് യാത്രക്കാർ തിരക്ക് കാരണം മണിക്കൂറുകളോളം പ്രയാസമനുഭവിച്ചിരുന്നു. കഴിഞ്ഞ വർഷം പെരുന്നാൾ അവധിക്കാലത്ത് 62,628 വാഹനങ്ങളാണ് അബൂ സംറ അതിർത്തി വഴി ഖത്തറിലെത്തിയതും പുറത്തുകടന്നതുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.