ദോഹ: ഖത്തർ നാഷനൽ ലൈബ്രറി മൊബൈൽ ആപ്പിന് ഉപയോക്താക്കളിൽനിന്ന് മികച്ച പ്രതികരണം. ഇതിനകംതന്നെ 37,500ലധികം ഉപയോക്താക്കളാണ് ആപ്പിനുള്ളതെന്നും ലൈബ്രറിയുടെ സേവനങ്ങളും അമൂല്യമായ ശേഖരങ്ങളും സംബന്ധിച്ച വിവരങ്ങളിലേക്ക് വേഗത്തിലും എളുപ്പത്തിലും എത്താൻ ഇത് സഹായിക്കുന്നുവെന്നും ക്യു.എൻ.എൽ ഐ.ടി ഓപറേഷൻസ് ആൻഡ് ഇൻഫ്രാസ്ട്രെക്ചർ മേധാവി നാസർ അൽ അൻസാരി പറഞ്ഞു.
ആപ് പുറത്തിറക്കി രണ്ടാഴ്ചക്കുള്ളിൽതന്നെ 14,000 പേർ ഡൗൺലോഡ് ചെയ്തതായും ഇന്ന് ആപ്പിന് 15220ലധികം ഐ.ഒ.എസ് ഉപയോക്താക്കളും 22539 ആൻഡ്രോയിഡ് ഉപയോക്താക്കളുമുണ്ടെന്നും അൽ അൻസാരി വിശദീകരിച്ചു.
ഇ-പുസ്തകങ്ങൾ കടമെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ ക്രമാനുഗതമായി വർധിച്ചുവരുന്ന ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് ആപ്പിന്റെ ജനപ്രീതി നിർണയിക്കുന്നതെന്നും ഓഡിയോ, ഇലക്ട്രോണിക് പുസ്തകങ്ങളിലേക്ക് ഉപയോക്താക്കൾക്ക് വേഗത്തിൽ പ്രവേശനം നൽകാൻ ആപ് സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവ വായനക്കാർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും ഇത് പ്രാപ്തമാക്കുന്നുവെന്നും അൽ അൻസാരി സൂചിപ്പിച്ചു.ആപ്പിലെ ഫീച്ചറുകൾ ഉപയോക്താവിനെ ആകർഷിക്കും വിധത്തിലാണ് തയാറാക്കിയിരിക്കുന്നത്. ഇ-ബുക്കുകളും ഓഡിയോ ബുക്കുകളും ഡിജിറ്റൽ വായനക്കും ശ്രവണാനുഭവത്തിലൂടെ ആസ്വദിക്കാനും ആപ്പിലെ ഫീച്ചറുകൾക്ക് സാധിക്കുന്നു -അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ മാഗസിനുകളും പത്രങ്ങളും ബ്രൗസ് ചെയ്യാൻ സാധിക്കുന്നതോടൊപ്പം വൈവിധ്യമാർന്ന വായന സാധ്യമാക്കുകയും ചെയ്യുന്നു. ലൈബ്രറിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സേവനം ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമായിട്ടുണ്ട്.
പഠനമുറികൾ ബുക്ക് ചെയ്യൽ, ലൈബ്രറി കാറ്റലോഗ്, ഒാൺലൈൻ റിസോഴ്സ്, ഖത്തർ ഡിജിറ്റൽ ലൈബ്രറി, ക്യു.എൻ.എൽ ഡിജിറ്റൽ ശേഖരം എന്നിവ ആക്സസ് ചെയ്യുന്നതിനുള്ള ഫീച്ചറുകളും ആപ്പിനെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.ആപ്പിൽ ക്യു.എൻ.എൽ ആർ.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) സാങ്കേതികവിദ്യയും സംവിധാനിച്ചിരിക്കുന്നുവെന്നും വളരെ വേഗത്തിൽ തടസ്സങ്ങളില്ലാതെ ചെക്കൗട്ട് നടത്താൻ ഇത് അധികാരികളെ സഹായിക്കുന്നുവെന്നും ഇതിലൂടെ വിലപ്പെട്ട സമയം ലാഭിക്കാൻ സാധിക്കുമെന്നും അൽ അൻസാരി ചൂണ്ടിക്കാട്ടി.
ഇൻ-ആപ് പുതുക്കലും സ്റ്റോക്ക്മാപ്പ് അപ്ഡേറ്റും (ഇൻഡോർ മാപ്പിങ്ങിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം), ഫിക്ഷൻ പുസ്തകങ്ങളുടെ ലൊക്കേഷൻ തിരുത്തലുമാണ് ആപ്പിന്റെ പുതിയ രണ്ട് നൂതന സവിശേഷതകൾ.കടമെടുത്ത പുസ്തകങ്ങൾ ആപ്പിൽനിന്നുതന്നെ നേരിട്ട് പുതുക്കാൻ സാധിക്കുമെന്നും ഒറ്റ ക്ലിക്കിൽ തടസ്സങ്ങളില്ലാതെ പുതുക്കാൻ സാധിക്കുന്നതിലൂടെ അവരുടെ വായന നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.