ദോഹ: തൊഴിൽ മേഖലകളിൽ സ്വദേശി പൗരന്മാർക്ക് കൂടുതൽ അവസരം ഒരുക്കുന്നതിന്‍റെ ഭാഗമായി സ്വദേശി വത്കരണത്തിന്‍റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം.
സ്വകാര്യമേഖലകളിൽ 456 പുതിയ തൊഴിൽ അവസരങ്ങളാണ് പൗരന്മാർക്കായി നീക്കിവെച്ചതെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
ഖത്തർ സ്വദേശികളായ പുരുഷന്മാർക്കും വനിതകൾക്കും, ഖത്തരി വനിതകളുടെ മക്കൾക്കുമായാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത്.
മന്ത്രാലയത്തിനു കീഴിലെ നാഷനൽ എംേപ്ലായ്മെന്‍റ് പ്ലാറ്റ്ഫോമായ 'കവാദർ' വഴി രാജ്യത്തെ പ്രമുഖ കമ്പനികളുടെ തൊഴിൽ അവസരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ തൊഴിൽ ലഭ്യമാക്കും.
വിവര സാങ്കേതിക മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചത്. 271 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. സർവിസ് ആൻഡ് ട്രാൻസ്പോർട്ട് മേഖലയിൽ 88ഉം, ഫിനാൻസ്, ഇന്‍ഷുറൻസ് മേഖലയിൽ 55ഉം, ഊർജ, വ്യവസായിക മേഖലകളിൽ 28ഉം, സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷൻ മേഖലയിൽ 12ഉം, റിയൽ എസ്റ്റേറ്റ് സെക്ടറിൽ രണ്ടും തൊഴിൽ ഒഴിവുകളാണുള്ളത്. സ്വദേശിവത്കരണത്തിന്‍റെ രണ്ടാം ഘട്ടമാണ് ആരംഭിച്ചത്.
ഈ വർഷം ആരംഭിച്ച ശേഷം ഇതുവരെയായി സ്വദേശികൾക്കായി 900 തൊഴിലുകൾ സൃഷ്ടിച്ചു. നിലവിലെ അവസരം പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്നും യോഗ്യരായ ആളുകള്‍ അപേക്ഷ നല്‍കാന്‍ മുന്നോട്ട് വരണമെന്നും തൊഴില്‍ മന്ത്രാലയം ആഹ്വാനം ചെയ്തു.
ഇതുസംബന്ധിച്ച് മന്ത്രാലയവുമായി 40288751/ 40288747/ 40288757/ 40288750 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
സ്വകാര്യ മേഖലകളിലെ തൊഴിൽ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പരാതികൾ ഫോൺ വഴി അധികൃതരുടെ ശ്രദ്ധയിൽ പെടുത്താവുന്നതാണ്.
ഫെബ്രുവരിയിൽ മാത്രം 114 പേർക്കാണ് സ്വകാര്യ മേഖലകളിൽ നിയമനം നൽകിയത്.
ധനകാര്യ, ഇൻഷുറൻസ് മേഖലയിൽ 53 പേർക്കും, ഊർജ-വ്യവസായ മേഖലകളിൽ 28ഉം, സർവിസ്-ട്രാൻസ്പോർട്ട് മേഖലയിൽ 12ഉം, വിവര സാങ്കേതിക മേഖലകളിൽ 11ഉം, സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷൻ മേഖലയിൽആറും, ഹോസ്പിറ്റാലിറ്റി സെക്ടറിൽ ഒന്നും ഒഴിവുകളിലേക്കാണ് ഫെബ്രുവരിയിൽ നിയമനം നൽകിയത്. ഖത്തർ പൗരന്മാർക്ക് തൊഴിൽ കണ്ടെത്തുന്നതിനായി സർക്കാറിന്‍റെ സിവിൽ സർവിസ് ആൻഡ് ഗവ. എംേപ്ലായ്മെന്‍റ് ബ്യൂറോയുടെ നാഷനൽ എംേപ്ലായ്മെന്‍റ് പ്ലാറ്റ്ഫോം 'കവാദർ' വഴി തൊഴിൽ അന്വേഷകർക്ക് അപേക്ഷിക്കാവുന്നതാണ്.
അഞ്ചു പോസ്റ്റുകളിലേക്ക് വരെ ഒരാൾക്ക് അപേക്ഷിക്കാൻ കഴിയും.
ഓൺലൈൻ പ്ലാറ്റ്ഫോം വഴി അപേക്ഷകന് യോഗ്യതയുടെയും താൽപര്യത്തിന്‍റെയും അടിസ്ഥാനത്തിൽ ഏറ്റവും അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ കഴിയുന്നതാണ് സംവിധാനം.
ഉദ്യോഗാർഥിയുടെ യോഗ്യതയും അഭിരുചികളും കഴിവും പരിചയസമ്പത്തും ഉൾപ്പെടെ വിവരങ്ങൾ നൽകിക്കൊണ്ട് അപ്ഡേറ്റ് ചെയ്ത പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവരുടെ അഭിമുഖവും നിയമനവും ഉൾപ്പെടെ നടപടിക്രമങ്ങൾ സിവിൽ സർവിസ് ആൻഡ് ഗവ. എേപ്ലായ്മെന്‍റ് ബ്യൂറോയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.