ദോഹ: ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കരട് നിർദേശത്തിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭ യോഗം. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗമാണ് നിർദേശത്തിന് അംഗീകാരം നൽകിയത്.
കാർഷിക പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുമായി രജിസ്റ്റർ ചെയ്ത ഫാമുകളിൽ ടൂറിസം പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതാണ് മന്ത്രാലയത്തിന്റെ നിർദേശം.
ഇത് കാർഷിക വൃത്തി പുതുതലമുറക്ക് പരിചയം നൽകാനും ഒപ്പം അവരെ ആകർഷിക്കാനും സഹായിക്കും. ഇതിനു പുറമെ കാർഷിക ഫാമുകൾക്ക് അധിക വരുമാനത്തിനുള്ള സാധ്യതകൂടി ഫാം ടൂറിസം നൽകുമെന്ന പ്രത്യേകതയുമുണ്ട്.
ഖത്തറിൽ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം ക്രമീകരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ കരട് നിർദേശത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സമാന സ്വഭാവമുള്ള വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെയും തെരുവോര കച്ചവടങ്ങളുടെയും പ്രവർത്തനം സംബന്ധിച്ച 2015ലെ നിയമത്തെ അടിസ്ഥാനമാക്കിയാണ് മന്ത്രാലയം പുതിയ കരട് നിർദേശം തയാറാക്കിയത്.
സേവനങ്ങളുടെയും ഉൽപന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കാനും തൊഴിൽ-പ്രവൃത്തി സമയം ക്രമീകരിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ചട്ടക്കൂട് തയാറാക്കുന്നത്.
ഇത് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും സ്ഥാപനങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും സാധ്യമാക്കാനും, അന്യായമായ മത്സരം തടയാനും, സമ്മർദ തൊഴിൽ സാഹചര്യങ്ങളെ ഒഴിവാക്കാനും വഴിയൊരുക്കും. തൊഴിൽ കാര്യക്ഷമത മെച്ചപ്പെടുത്തുക, ഉൽപാദനക്ഷമത വർധിപ്പിക്കുക എന്നിവയും സമയക്രമീകരണത്തിന്റെ ലക്ഷ്യമാണെന്ന് മന്ത്രിസഭാ നിർദേശത്തിൽ വ്യക്തമാക്കുന്നു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ ഇറ്റലി, ജർമനി രാജ്യങ്ങളിലെ സന്ദർശനത്തെ മന്ത്രിസഭാ യോഗം അഭിനന്ദിച്ചു.
ഇരു രാജ്യങ്ങളിലെയും തലവന്മാരുമായുള്ള അമീറിന്റെ കൂടിക്കാഴ്ചകൾ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രിസഭ, വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച കരാറുകളും ധാരണകളും സൗഹൃദവും നയതന്ത്ര ബന്ധവും ശക്തമാക്കുന്നതിൽ നിർണായകമാവുമെന്നും പറഞ്ഞു. മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിൽ നിർണായകമായിരുന്നു കൂടിക്കാഴ്ചകളെന്നും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.