ദോഹ: ലയണൽ മെസ്സിയുടെയും നെയ്മറിന്റെയും നേതൃത്വത്തിലുള്ള ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ഖത്തർ പര്യടനം മാറ്റിവെച്ചു. അടുത്തയാഴ്ച ഷെഡ്യൂൾ ചെയ്ത പര്യടനം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചതായി ക്ലബ് അധികൃതർ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ക്ലബ് അധികൃതർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ലോകകപ്പിനെ വരവേൽക്കാനായി ഖത്തർ ഒരുങ്ങുന്ന പുതുവർഷത്തിൽ ആരാധകർ ഏറെ ആവേശത്തോടെയാണ് മെസ്സിയുടെയും സംഘത്തിന്റെയും വരവിനായി കാത്തിരുന്നത്. ജനുവരി 16 ഞായറാഴ്ച ഖത്തറിൽ എത്തിയ ശേഷം മൂന്നു ദിവസം പരിശീലന ക്യാമ്പ് കഴിഞ്ഞ് സൗദി വഴി പാരിസിലേക്ക് മടങ്ങനായിരുന്നു പദ്ധതി.
സൗദിയിൽ 19ന് റിയാദ് കപ്പ് സൗഹൃദ മത്സരത്തിൽ കളിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനിടെയാണ് കോവിഡ് മൂന്നാം തരംഗം വീണ്ടും ലോകത്തെ പിടിച്ചുലച്ചത്. ഇതോടെ കളിക്കാരുടെയും ടീം സ്റ്റാഫിന്റെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഖത്തർ ടൂർ മാറ്റിവെക്കുകയാണെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
ജനുവരി ആദ്യത്തിൽ പി.എസ്.ജി ടീം അംഗങ്ങൾക്കും കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. എയ്ഞ്ചൽ ഡി മരിയ, യൂലിയൻ ഡ്രാക്സ്ലർ എന്നിവർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയിലെ മത്സരങ്ങൾ നഷ്ടമായി. സൂപ്പർ താരം ലയണൽ മെസ്സിയും രണ്ടാഴ്ച മുമ്പ് കോവിഡ് പോസിറ്റീവായി. ഏതാനും ദിവസം മുമ്പാണ് താരം നെഗറ്റീവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.