ദോഹ: അമേരിക്ക ആസ്ഥാനമായുള്ള ലഗേജ് സ്റ്റോറേജ് കമ്പനിയായ ബൗൺസിന്റെ 2023ലെ എയർലൈൻ സൂചികയിൽ ഖത്തർ എയർവേസിന് മികച്ച റാങ്ക്. സൂചികയിൽ 7.50 സ്കോർ നേടി ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത് എയർലൈനായാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ലോകത്തിലെ 50 അന്താരാഷ്ട്ര എയർലൈൻ കമ്പനികൾക്കിടയിലാണ് മികച്ച റാങ്ക് നേടി ഖത്തർ എയർവേസ് വീണ്ടും മികച്ച എയർലൈനുകളുടെ നിരയിൽ സ്ഥാനം പിടിച്ചത്. ഇതോടൊപ്പം അമേരിക്കയിലെ ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കായുള്ള ഏറ്റവും മികച്ചതും മോശമായതുമായ എയർലൈൻ കമ്പനികളെയും ബൗൺസ് പുറത്തുവിട്ടിട്ടുണ്ട്.
2022ൽ 7.03 പോയന്റായിരുന്നു ഖത്തർ എയർവേസിന് ലഭിച്ചിരുന്നതെങ്കിൽ പുതിയ റാങ്കിങ്ങിൽ 0.47 വർധിച്ച് 7.50 ആയിട്ടുണ്ട്. വിമാനത്തിലെ വിനോദം, ഭക്ഷണം, സീറ്റ് സൗകര്യങ്ങൾ, ജീവനക്കാരുടെ സേവനം എന്നിവയിൽ അഞ്ചിൽ നാല് പോയന്റ് നേടാനും കഴിഞ്ഞു. യാത്ര റദ്ദാക്കാതെ സർവിസ് നടത്തുന്നതിലും ഖത്തർ എയർവേസാണ് മുന്നിൽ.
കേവലം 0.33 ശതമാനം മാത്രമാണ് ഖത്തറിന്റെ റദ്ദാക്കൽ നിരക്ക്.
ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 90ലധികം രാജ്യങ്ങളിലേക്കാണ് ഖത്തർ എയർവേസ് പറന്നുകൊണ്ടിരിക്കുന്നത്. ദോഹയിൽനിന്ന് ലണ്ടനിലെ ഹീത്രു ആണ് മുൻനിര റൂട്ട്. എന്നിരുന്നാലും അമേരിക്കയിലെ ഷികാഗോയും ന്യൂയോർക്കും ഡള്ളാസുമുൾപ്പെടെയുള്ള വിമാനത്താവളങ്ങളും പ്രധാന റൂട്ടുകളാണ്.
വിമാനങ്ങളുടെ കൃത്യസമയത്തെ എത്തിച്ചേരൽ, ഫ്ലൈറ്റ് കാറ്ററിങ്, പുറപ്പെടൽ സമയത്തെ കൃത്യത, ഫ്ലൈറ്റ് റദ്ദാക്കൽ തുടങ്ങി വിവിധ ഘടകങ്ങളാണ് ബൗൺസ് വിശകലനം ചെയ്തത്. വിമാനങ്ങളുടെ ഒാൺടൈം അറൈവലും റദ്ദാക്കലുകളും OAG.comൽനിന്നാണ് എടുത്തതെന്ന് ബൗൺസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.