ദോഹ: പ്രകൃതി ദുരന്തങ്ങളും സംഘർഷങ്ങളും അഭയാർഥികളാക്കിയ മനുഷ്യരിലേക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെ അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭ അഭയാർഥി ഹൈകമീഷനുമായി (യു.എൻ.എച്ച്.സി.ആർ) കൈകോർത്ത് ഖത്തർ എയർവേസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് സൗജന്യമായി സഹായങ്ങളെത്തിക്കുന്നതിനാണ് ഖത്തർ എയർവേസ് സന്നദ്ധമായത്. കഴിഞ്ഞദിവസം ഒപ്പുവെച്ച കരാർ പ്രകാരം 2025 വരെ കാലയളവിൽ 400 ടൺ സൗജന്യ സഹായം യു.എൻ.എച്ച്.സി.ആറിനായി ഖത്തർ എയർവേസ് നൽകും. ദോഹയിൽ ഞായറാഴ്ച നടന്ന ഔദ്യോഗിക ചടങ്ങിലാണ് കരാർ ഒപ്പുവെച്ചത്.കോവിഡ് മഹാമാരിക്കിടയിൽ 2020ലാണ് ആദ്യമായി യു.എൻ.എച്ച്.സി.ആർ ഖത്തർ എയർവേസുമായി കരാർ ഒപ്പുവെക്കുന്നത്. അഭയാർഥികളെ സഹായിക്കുന്നതിനായുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായി ഇത് മൂന്നാം തവണയാണ് ഇരുവരും കരാർ നീട്ടുന്നത്. ചടങ്ങിൽ ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജിനീയർ ബദർ മുഹമ്മദ് അൽ മീറും യു.എൻ.എച്ച്.സി.ആർ തലവൻ ഫിലിപ്പോ ഗ്രാൻഡിയും പങ്കെടുത്തു. പിറന്ന മണ്ണിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട്, വിവിധയിടങ്ങളിൽ അഭയം തേടിയ സമൂഹങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിന് വെള്ളം, വൈദ്യ ചികിത്സ, ശുചിത്വ സാമഗ്രികൾ എന്നിവയുൾപ്പെടെയുള്ള ജീവൻ രക്ഷാ പിന്തുണ നൽകാൻ യു.എൻ ഏജൻസിക്ക് വിശാലമായ സാധ്യതകളാണുള്ളതെന്ന് എൻജി. അൽമീർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആഗോള എയർ കാർഗോ ഓപറേറ്റർമാരിലൊന്നായ ഖത്തർ എയർവേസ് കാർഗോ ഡിവിഷനിൽ 28 ചരക്ക് വിമാനങ്ങളും 200ലധികം യാത്രാ വിമാനങ്ങളുമുണ്ടെന്നും അൽമീർ കൂട്ടിച്ചേർത്തു.
70 നഗരങ്ങളിലേക്കുള്ള ചരക്ക് നീക്കവും 170ലധികം ബെല്ലിഹോൾഡ് ഡെസ്റ്റിനേഷനുകളും ഉൾക്കൊള്ളുന്ന വലിയ ശൃംഖലയാണ് ഖത്തർ എയർവേസിനുള്ളതെന്നും സി.ഇ.ഒ ചൂണ്ടിക്കാട്ടി. ലോകത്തെ അഭയാർഥികളുടെ എണ്ണം 114 ദശലക്ഷം കവിഞ്ഞെന്ന് യു.എൻ അഭയാർഥി തലവൻ പറഞ്ഞു. ഖത്തറിന്റേത് വിലമതിക്കാനാവാത്ത പിന്തുണയാണെന്നും ഈ പങ്കാളിത്തം അതുല്യമാണെന്നും ലോകത്തിന്റെ മറ്റുഭാഗത്തുള്ള എയർലൈനുകളൊന്നും ഖത്തർ എയർവേസ് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ നൽകുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.