ദോഹ: കഴിഞ്ഞ നവംബർ- ഡിസംബർ മാസങ്ങളിലായി നടന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി ഖത്തർ എയർവേസിന്റെ വിനോദ സഞ്ചാരവിഭാഗമായ ഖത്തർ എയർവേസ് ഹോളിഡേസ് അവതരിപ്പിച്ച പാക്കേജിന് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് റിപ്പോർട്ട്.
ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റും, ഖത്തറിലെ താമസവും, ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും ദോഹയിലേക്കുള്ള യാത്ര സൗകര്യവും വാഗ്ദാനം ചെയ്തുകൊണ്ട് കഴിഞ്ഞ വർഷാദ്യംതന്നെ അവതരിപ്പിച്ച പാക്കേജ് ഫുട്ബാൾ ആരാധകർ ഏറ്റെടുത്തു.
കളിയും യാത്രയും ആസ്വാദനവുമെല്ലാം ഒന്നിച്ച് വാഗ്ദാനം ചെയ്ത പാക്കേജ് വഴി 5.75 കോടി ഡോളറാണ് നേടിയതെന്ന് ഖത്തർ എയർവേസ് വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലോകകപ്പിന് പുറമെ, വിവിധ അന്താരാഷ്ട്ര കായിക മത്സരങ്ങൾ, ക്ലബുകളുടെ മത്സരങ്ങൾ എന്നിവക്കായി ഹോളിഡേസ് പ്രഖ്യാപിക്കുന്ന പാക്കേജ് ടൂറിസത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പാരിസ് സെന്റ് ജെർമെയ്ൻ, എഫ്.സി ബയേൺ മ്യൂണിക് എന്നീ വമ്പൻ ക്ലബുകളിൽനിന്നുള്ള താരങ്ങളെ കാണുന്നതിന് ഉപഭോക്താക്കൾക്ക് അതുല്യമായ അവസരങ്ങൾ നൽകുന്ന അൾട്ടിമേറ്റ് ഫാൻ എക്സ്പീരിയൻസ് പാക്കേജുകളും ഖത്തർ എയർവേസ് ഹോളിഡേസ് അവതരിപ്പിച്ചിരുന്നു.
ലോകകപ്പ് ഫുട്ബാൾ മാച്ച് ടിക്കറ്റുകൾ ഫിഫ പ്ലാറ്റ്ഫോമിലൂടെ വിൽപന ആരംഭിക്കും മുമ്പേ ഹോളി ഡേസ് പാക്കേജ് ബുക്കിങ് നൽകിത്തുടങ്ങിയിരുന്നു. നിലവിൽ മിഡിലീസ്റ്റ്, യൂറോപ്, ഏഷ്യാ പസഫിക്, അമേരിക്ക എന്നിവിടങ്ങളിലായി ഏകദേശം 50 കേന്ദ്രങ്ങളിൽ ഖത്തർ എയർവേസ് ഹോളിഡേസ് പ്രവർത്തിച്ചു വരുന്നുണ്ട്.
വൈവിധ്യമാർന്ന അവധിക്കാല പാക്കേജുകൾ, ഹോട്ടലുകൾ, ടൂറുകൾ, കായിക ഇവന്റ് പാക്കേജുകൾ, ദോഹ സ്റ്റോപ് ഓവറുകൾ എന്നിവയെല്ലാം ഇവിടെനിന്നും ഓഫർ ചെയ്യുന്നുണ്ട്. ദോഹയെ വിനോദസഞ്ചാരകേന്ദ്രമാക്കി ഉയർത്തുന്നതിലും സ്റ്റോപ് ഓവർ പാക്കേജുകൾ പ്രോത്സാഹിപ്പിക്കുന്നതിലും ഖത്തർ എയർവേസ് ഹോളിഡേസ് വലിയ പങ്ക് വഹിച്ചതായി ഖത്തർ എയർവേസിന്റെ 2022-2023 സാമ്പത്തിക വർഷത്തിലെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഖത്തർ എയർവേസ് ഹോളിഡേസിന്റെ ശ്രമങ്ങളെ പിന്തുണച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനിയും ഖത്തർ ടൂറിസം പങ്കാളിയുമായ ഡിസ്കവർ ഖത്തർ 2023-2024 കാലയളവിൽ സ്റ്റോപ് ഓവർ പ്രോഗ്രാം തിരഞ്ഞെടുക്കുന്ന യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കി.
20,000ലധികം സന്ദർശകരാണ് നാല് രാത്രികൾ വരെ ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റോപ് ഓവർ പ്രോഗ്രാം ഓഫർ ആസ്വദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.