ദോഹ: ദക്ഷിണ ആഫ്രിക്കൻ മേഖലയിലെ രാജ്യങ്ങളിൽനിന്നുള്ള ഒരു എയർലൈൻ കമ്പനിയിൽ നിക്ഷേപത്തിനൊരുങ്ങി ഖത്തർ എയർവേസ്. ഇതിനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും കഴിഞ്ഞ ദിവസം സമാപിച്ച ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ട് ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. എന്നാൽ, ഖത്തർ എയർവേസ് കുടുംബത്തിൽ ഭാഗമാവാൻ ഒരുങ്ങുന്ന എയർലൈൻ കമ്പനി ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. റുവാണ്ടൻ നഗരമായ കിഗാലിയെ ആഫ്രിക്കയിലെ ഹബ്ബായി സ്ഥാപിക്കാൻ പുതിയ നീക്കം സഹായകമാകുമെന്നും എൻജി. അൽ മീർ പറഞ്ഞു. ഖത്തർ സാമ്പത്തിക ഫോറത്തിൽ ‘കണക്ടിങ് ദി മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക’ എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയർലൈനുമായുള്ള പങ്കാളിത്തം വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഹരി നിക്ഷേപത്തിന്റെ ലക്ഷ്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ദക്ഷിണാഫ്രിക്കയിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്ന രണ്ടോ മൂന്നോ എയർലൈനുകൾ മാത്രമേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി. 30ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്ന എയർലൈന് ആഫ്രിക്കയിൽ വിശാലമായ ശൃംഖലയാണുള്ളതെന്നും അൽ മീർ സൂചിപ്പിച്ചു. മധ്യ ആഫ്രിക്കയിൽ കിഗാലിയെ ഒഴിച്ച് മറ്റൊരു കേന്ദ്രത്തെയും ഹബ്ബായി തിരഞ്ഞെടുക്കാൻ സാധിക്കുകയില്ലെന്നും ആഫ്രിക്കയുടെ മധ്യഭാഗത്ത് ഹബ്ബ് നിർമിക്കുന്നതിനുള്ള ആവശ്യകത നിറവേറ്റാൻ കഴിയുന്ന വിമാനത്താവള അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് റുവാണ്ട് എയറുമായും കിഗാലി സർക്കാറുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.