ദോഹ: ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ പ്രാദേശിക എയർലൈനായ എയർലിങ്കിന്റെ ഓഹരി സ്വന്തമാക്കുന്നത് സംബന്ധിച്ച കരാറിൽ ഖത്തർ എയർവസ്സ് ഒപ്പുവെക്കുമെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വരാനിരിക്കുന്ന നിക്ഷേപം സംബന്ധിച്ച വിശദമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായും സ്വകാര്യ വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ഫിനാൻഷ്യൽ ടൈമിന്റെ ചോദ്യത്തിന് മറുപടിയായി, അവസരങ്ങൾക്കായി എപ്പോഴും ചർച്ചകൾ നടക്കുന്നുണ്ടെന്നും, വിവിധ എയർലൈനുകളുമായി ചർച്ച തുടരുകയാണെന്നും എയർലിങ്ക് സി.ഇ.ഒ റോജർ ഫോസ്റ്റർ പറഞ്ഞു.
ആഫ്രിക്കയുടെ തെക്ക് ഭാഗത്ത് ഒരു എയർലൈനിൽ ഖത്തർ എയർവേസ് ഇക്വിറ്റി നിക്ഷേപത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ കഴിഞ്ഞ മേയിൽ വെളിപ്പെടുത്തിയിരുന്നു. നിക്ഷേപം പൂർത്തിയാക്കുന്നതിന്റെ അവസാന ഘട്ടത്തിലെത്തിയെന്നാണ് എഫ്.ടി റിപ്പോർട്ട് ചെയ്യുന്നത്. ആഫ്രിക്കയുടെ തെക്കൻ ഭാഗത്തുള്ള എയർലൈൻ ഭൂഖണ്ഡത്തിൽ പുതിയ ശൃംഖല സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്നും അധിക നഗരങ്ങളെ യാത്രാപരിധിയിലെത്തിക്കുമെന്നും ബ്രിട്ടനിലെ ഒരു ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിലവിൽ ആഫ്രിക്കയിലെ 31 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തർ എയർവേസ് സർവിസ് നടത്തുന്നുണ്ട്. ഖത്തർ എയർവേസിന്റെ ആഫ്രിക്കൻ മേഖലയിലെ ഏറ്റവും പ്രധാന നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് റുവാണ്ട. 2019ൽ ഖത്തർ എർവേസ് റുവാണ്ടയിലെ ബുഗെസര അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 60 ശതമാനം ഓഹരികളും ഏറ്റെടുത്തിരുന്നു. കൂടാതെ റുവാണ്ടയുടെ ദേശീയ വിമാനക്കമ്പനിയിൽ ഖത്തർ എയർവേസ് 49 ശതമാനം ഓഹരിയും ഖത്തർ എയർവേസിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.