ദോഹ: ലഭ്യമായ സീറ്റ് കിലോമീറ്ററിെൻറ (എ.എസ്.കെ) കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈനായി ഖത്തര്‍ എയര്‍വേസ്. മറ്റു എയര്‍ലൈനുകളേക്കാള്‍ യാത്രക്കാര്‍ക്ക് ആഗോള കണക്ടിവിറ്റി നൽകുന്ന വിമാനക്കമ്പനിയായി ഖത്തര്‍ എയര്‍വേസ് മാറി. വിമാന സർവിസ് മേഖലയിലെ പുതുവിവരങ്ങൾ നൽകുന്ന ആഗോള ട്രാവൽ ടെക് കമ്പനിയായ ഒ.എ.ജിയുടെ പുതിയ റിപ്പോർട്ടിലാണ് ഖത്തർ എയർവേസ് നേട്ടമുണ്ടാക്കിയത്. പ്രതിവാരം ആയിരത്തിലധികം സര്‍വിസുകളാണ് 130 ലക്ഷ്യങ്ങളിലേക്ക് കമ്പനി പറത്തുന്നത്.
ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം 260 കോടി സീറ്റ് കിലോമീറ്ററുകളാണ് നൽകിയത്. അന്താരാഷ്ട്ര തലത്തിലുള്ള ലക്ഷ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ പറത്തുന്നതും ഖത്തര്‍ എയർവേസാണ്. കോവിഡ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിലും ആളുകളെ സുരക്ഷിതമായും വിശ്വസനീയമായും ഓരോ നാട്ടിലുമെത്തിക്കാന് മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.
കഴിഞ്ഞ 12 മാസത്തിനിടെ ഏഴ് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കൂടി ഖത്തര്‍ എയര്‍വേസ് തങ്ങളുടെ സര്‍വിസില്‍ കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. യു.എസിലെ സാന്‍ഫ്രാന്‍സിസ്കോ, സിയാറ്റില്‍, ആഫ്രിക്കയിലെ അബുജ, അക്ര, ലുവാണ്ട, ഏഷ്യാ പസഫിക്കിലെ ബ്രിസ്ബന്‍, സിബു എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ ആരംഭിച്ചത്.
കോവിഡ് ആരംഭിച്ചതോടെ യാത്രക്കാര്‍ക്കും വ്യാപാര പങ്കാളികള്‍ക്കും കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്കുമായി മികച്ച സേവനമാണ് നൽകുന്നതെന്ന് ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ്പ് ചീഫ് എക്സിക്യൂട്ടിവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഏറ്റവും ഉയര്‍ന്ന ശുചിത്വവും ജൈവസുരക്ഷ മാനദണ്ഡങ്ങളുമാണ് കമ്പനി ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര വിമാന ഗതാഗതത്തിന് ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈന്‍ എന്ന നിലയില്‍ ഏറ്റവും സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകള്‍ നൽകുന്നത് തുടരുമെന്നും ഇതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് റേറ്റിങ് ഓര്‍ഗനൈസേഷനായ സ്കൈട്രാക്സ് ഫൈവ് സ്റ്റാര്‍ കോവിഡ് എയര്‍ലൈന്‍ റേറ്റിങ് നേടിയ ലോകത്തിലെ ആദ്യത്തെ ആഗോള എയര്‍ലൈനാണ് ഖത്തര്‍ എയർവേസ്. മിഡില്ലീസ്റ്റിലേയും ഏഷ്യയിലേയും സ്കൈട്രാക്സ് ഫൈവ് സ്റ്റാര്‍ കോവിഡ് എയര്‍പോര്‍ട്ട് സേഫ്ടി റേറ്റിങ് ലഭിച്ച ആദ്യത്തെ വിമാനത്താവളമാണ് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. 2021 ഏപ്രില്‍ 30ന് മുമ്പ് വിതരണം ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ഖത്തര്‍ എയര്‍വേസ് പരിധിയില്ലാത്ത തീയതി മാറ്റങ്ങളും ഫീസ് രഹിത റീഫണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിലും യാത്രക്കാര്‍ക്ക് മനസ്സമാധാനത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങിയത്.
അവെയ്ലബിൾ സീറ്റ് കിലോമീറ്റർ (എ.എസ്.കെ)
നിശ്ചിത കിലോമീറ്റർ യാത്രയിൽ വിമാനക്കമ്പനി അനുവദിക്കുന്ന ആകെ യാത്രാസീറ്റുകൾക്കാണ് അവെയ്ലബിൾ സീറ്റ് കിലോമീറ്റേഴ്സ് (എ.എസ്.കെ) എന്ന് പറയുന്നത്. വിമാനം സഞ്ചരിക്കുന്ന കിലോമീറ്ററിനെ സീറ്റുകളുടെ എണ്ണം കൊണ്ട് ഗുണിച്ചാണ് ഇത് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.