ദോഹ: സൗദി, യു.എ.ഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ആകാശ അതിർത്തിയടക്കം അടക്കുകയും ചെയ്ത സാഹചര്യത്തിൽ ഖത്തറിൽ നിന്നുള്ള വിമാനങ്ങൾ സഞ്ചാരപാത മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടെ ജെറ്റ് എയർവേസ് ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്രാപാത മാറ്റി.
സാധാരണ ദോഹയിൽനിന്നുള്ള വിമാനങ്ങൾ യു.എ.ഇ വ്യോമാതിർത്തിയിലൂടെയും അറേബ്യൻ കടലിന് മുകളിലൂടെയുമാണ് ഇന്ത്യയിലേക്ക് സഞ്ചരിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒമാൻ അതിർത്തിയായ അറേബ്യൻ കടലിന് മുകളിലൂടെ സഞ്ചരിച്ച് ഇറാൻ വഴി പാകിസ്താൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് എത്തുന്ന റൂട്ടാണ് ജെറ്റ് എയർവേസ് ഉപയോഗിക്കുന്നത്. ഇൗ റൂട്ടിൽ 45 മിനിറ്റ് അധികമെടുക്കുമെന്ന് ജെറ്റ് എയർവേസ് ഖത്തർ അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മറ്റു വിമാന കമ്പനികളും ഉപയോഗിക്കാൻ സാധ്യതയുള്ളത് ഇൗ റൂട്ടാണ്.
പുതിയ സാഹചര്യങ്ങൾമൂലം ഖത്തറിൽനിന്ന് ആളുകൾ സ്വേദശത്തേക്ക് മടങ്ങാൻ വൻതോതിൽ ടിക്കറ്റ് ബുക്കിങ് നടത്തുന്നതായി അനുഭവപ്പെട്ടില്ലെന്നും ജെറ്റ് അധികൃതർ പറഞ്ഞു. എമിറേറ്റ്സ്, ഗൾഫ് എയർ തുടങ്ങിയ കമ്പനികൾ ഖത്തർ വഴിയുളള സർവിസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ ആ വിമാനങ്ങളിലെ നിരവധി യാത്രക്കാർ തങ്ങളെ സമീപിക്കുന്നുണ്ട്. എന്നാൽ, നിരക്ക്് വർധിപ്പിച്ചിട്ടില്ലെന്ന് ജെറ്റ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.