ദോഹ: ലണ്ടനിൽ നടന്ന ഇന്റർനാഷനൽ ബ്രില്യൻസ് അവാർഡിൽ രണ്ട് ഹ്യൂമൻ റിസോഴ്സ് (എച്ച്.ആർ) അംഗീകാരങ്ങളുമായി ഖത്തർ എയർവേസ്. ആഭ്യന്തര കമ്യൂണിക്കേഷനിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ഗോൾഡ് അവാർഡ്, ജീവനക്കാരുടെ ഇടപഴകലിനുള്ള ബ്രില്യൻസ് അവാർഡ് എന്നീ വിഭാഗങ്ങളിലാണ് ഖത്തർ എയർവേസിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുന്നത്.
ബ്രിട്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷനൽ ബ്രില്യൻസ് അവാർഡുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്റേണൽ കമ്യൂണിക്കേഷൻ വിഭാഗത്തിലും മാനവ വിഭവശേഷി വിഭാഗത്തിലും മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കുമുള്ള സുപ്രധാന അംഗീകാരങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.
ഓരോ വർഷവും നൂതനമായി രൂപകൽപന ചെയ്ത് നടപ്പാക്കിയ ഇന്റേണൽ കമ്യൂണിക്കഷനുകളുടെയും മാനവ വിഭവശേഷി തന്ത്രങ്ങളുടെയും മികച്ച സംഭാവനകളെ ഇന്റർനാഷനൽ ബ്രില്യൻസ് അവാർഡുകൾ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.
ഡെലോയിറ്റ്, ഡിയാജിയോ, ലിങ്ക്ഡ്ഇൻ എന്നിവയുൾപ്പെടുന്ന ആഗോള ബിസിനസ് രംഗത്തെ വിദഗ്ധരുടെയും മാനവ വിഭവശേഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പാനലാണ് ഫലങ്ങൾ നിർണയിക്കുന്നത്. കൂടാതെ നൂതനപ്രവർത്തനാന്തരീക്ഷം സൃഷ്ടിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലുമുള്ള ഖത്തർ എയർവേസിന്റെ ശ്രമങ്ങൾക്കും പ്രത്യേക അംഗീകാരം ലഭിച്ചു.
തങ്ങളുടെ ജീവനക്കാർക്കായി പീപ്ൾ എക്സ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഖത്തർ എയർവേസ് ഈയിടെ പുറത്തിറക്കിയിരുന്നു. എച്ച്.ആർ എംപ്ലോയി പരിചയ സമ്പത്തും ഐ.ടി ടീമുകളും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് പീപ്ൾ എക്സ്. ജീവനക്കാർക്കാവശ്യമായ ഉപകരണങ്ങളിലേക്കും വിഭവങ്ങളിലേക്കും സൗകര്യപ്രദമായ പ്രവേശനം നൽകുന്നതിന് ഉപയോക്തൃ സൗഹൃദ ഡിജിറ്റൽ ഗേറ്റ് വേ ആയി ആപ് പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.