ദോഹ: യാത്രക്കാർക്ക് അതിവേഗ സൗജന്യ ഇന്റർനെറ്റ് വൈഫൈ ലഭ്യമാക്കുന്നതിന് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി കൈകോർത്ത് ഖത്തർ എയർവേസ്. തെരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളിലും റൂട്ടുകളിലുമായി യാത്രക്കാർക്ക് ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാർലിങ്കുമായുള്ള കരാറിലൂടെ. ഖത്തർ എയർവേസിന്റെ പഞ്ചനക്ഷത്ര യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സ്റ്റാർലിങ്കിന്റെ സേവനം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗജന്യ ഇന്റർനെറ്റ് സേവനം സജീവമാകുന്നതോടെ ആകാശ സഞ്ചാരത്തിനിടെ യാത്രക്കാർക്ക് സെക്കൻഡിൽ 350 എം.ബി (മെഗാബൈറ്റ്) വരെ അതിവേഗ വൈഫൈ സ്പീഡ് ആസ്വദിക്കാനാകും. യാത്രക്കാർക്ക് ഇതിലൂടെ വിനോദ, വിജ്ഞാന പരിപാടികൾ ആസ്വദിക്കാനും ഇഷ്ട കായിക മത്സരങ്ങളുടെ വിഡിയോ കാണുന്നതിനും തത്സമയ സംപ്രേഷണം, ഗെയിമിങ് തുടങ്ങിയ സേവനങ്ങൾക്കായും ഉപയോഗപ്പെടുത്താം.
ലോകത്തിലെ ഏറ്റവും മികച്ച യാത്രാവിമാനമെന്ന നിലയിൽ മികച്ച അനുഭവം വാഗ്ദാനം ചെയ്യാൻ ഖത്തർ എയർവേസ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽബാകിർ പറഞ്ഞു. സ്പേസ് എക്സിനു കീഴിലുള്ള സ്റ്റാർലിങ്കിന്റെ ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന അഞ്ചാമത്തെ എയർലൈൻ കമ്പനിയായി മാറുകയാണ് ഖത്തർ എയർവേസ്. നേരത്തേ ജെ .എസ്.എക്സ്, ഹവയാൻ എയർലൈൻസ്, എയർ ബാൾടിക്, സിപ്എയർ എന്നിവയാണ് സ്റ്റാർലിങ്കുമായി കൈകോർത്തത്. സ്റ്റാർലിങ്കുമായുള്ള കരാറിലൂടെ യാത്രക്കാർക്ക് ഒറ്റ ക്ലിക്കിലൂടെ തടസ്സങ്ങളില്ലാത്ത വൈഫൈ ഇന്റർനെറ്റ് സേവനം ആസ്വദിക്കാൻ സാധിക്കും.
ഉയർന്ന വേഗവും താമസമില്ലാത്ത സേവനവുമാണ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ നൽകുന്നത്. ആഗോള യാത്രക്കാർക്ക് തടസ്സമില്ലാത്തതും സൗജന്യവുമായ വൈഫൈ സേവനം നൽകുന്നതിന് സ്റ്റാർലിങ്കുമായുള്ള കരാർ പ്രഖ്യാപിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്നും ഖത്തർ എയർവേസിന്റെ ഇൻ ൈഫ്ലറ്റ് അനുഭവത്തിലേക്കുള്ള ഏറ്റവും നൂതനമായ ചുവടുവെപ്പ് യാത്രക്കാർക്ക് വലിയ പ്രയോജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽബാകിർ പറഞ്ഞു.ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് അതിവേഗ, ലോ ലേറ്റൻസി ഇന്റർനെറ്റാണ് സ്റ്റാർലിങ്ക് ലഭ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.