ദോഹ: പറന്നുയർന്നുകഴിഞ്ഞാൽ, ഇനി റേഞ്ചില്ലെന്നും നെറ്റ്വർക് കട്ടാകുമെന്നുമുള്ള ആധിയൊന്നും ഖത്തർ എയർവേസ് യാത്രക്കാർക്കു വേണ്ടതില്ല. ഭൂമിയിലെന്നപോലെ ആകാശത്തും തങ്ങളുടെ ഉപഭോക്താക്കൾക്ക് സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കുന്നതിന് സ്റ്റാർ ലിങ്കുമായി കൈകോർത്ത് ഖത്തർ എയർവേസ്.
പുതിയ വൈ ഫൈ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിനായി സ്പേസ്എക്സ്, സ്റ്റാർലിങ്ക് എന്നിവയുമായി സഹകരിക്കുന്ന മിന (മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക) മേഖലയിലെ ആദ്യ മുൻനിര എയർലൈനായി ഖത്തർ എയർവേസ് മാറിയെന്ന് കമ്പനി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. സൗജന്യ വൈ ഫൈ സേവനം ആകാശത്തും അതിരുകളില്ലാത്ത വിനോദവും ഇന്റർനെറ്റ് ഉപയോഗവുമെല്ലാമാണ് യാത്രക്കാർക്കായി വാഗ്ദാനം ചെയ്യുന്നത്.
ഈ വർഷം അവസാനത്തോടെ ഖത്തർ എർവേസിന്റെ മൂന്ന് ബോയിങ് 777-300 വിമാനങ്ങളിൽ സ്റ്റാർലിങ്കിന്റെ ഗെയിം-ചേഞ്ചിങ്, അൾട്രാ ഹൈ സ്പീഡ്, ലോ-ലേറ്റൻസി വൈ ഫൈ സേവനം സ്ഥാപിക്കുമെന്ന് വിമാന കമ്പനി അറിയിച്ചു. സ്റ്റാർലിങ്കിന്റെ ഈ വൈ ഫൈ സേവനം ഉപയോഗിച്ച് നവീകരിക്കുന്ന ഖത്തർ എയർവേസ് വിമാനങ്ങളിലെ ആദ്യ വിമാനങ്ങളും ഇവയായിരിക്കും.
ഉപഭോക്താക്കളുടെ യാത്രാനുഭവം ഏറ്റവും മികച്ചതാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സ്റ്റാർലിങ്കുമായുള്ള സഹകരണമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. സ്റ്റാർലിങ്ക് വൈ ഫൈ സേവനം സ്ഥാപിക്കുന്നതോടെ യാത്രക്കാർക്ക് സെക്കൻഡിൽ 500 മെഗാബൈറ്റ് വേഗത്തിൽ വരെയുള്ള സൗജന്യ അൾട്രാ ഹൈ സ്പീഡ് ഇന്റർനെറ്റ് ആസ്വദിക്കാനാകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഖത്തർ എയർവേസിന്റെ ഏറ്റവും പുതിയ വിമാനങ്ങളിലെല്ലാം നവീകരണം വ്യാപിപ്പിക്കുന്നതിന്റെ തുടക്കമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.