ദോഹ: ലോകത്തെ ഏറ്റവും മികച്ച എയർലൈൻസ് എന്ന നേട്ടവുമായി ഖത്തർ എയർവേസ്. അന്താരാഷ്ട്ര പ്രശസ്തമായ എയർലൈൻ റേറ്റിങ്സ് ഡോട് കോമിന്റെ പുതിയ റിപ്പോർട്ടിലാണ് മുൻ വർഷങ്ങളിലെ ഒന്നാം സ്ഥാനക്കാരായ എയർ ന്യൂസിലൻഡ്, കൊറിയൻ എയർ, കാതേ പസഫിക് എയർവേസ്, എമിറേറ്റ്സ് എന്നിവയെ പിന്തള്ളി ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ് ഒന്നാമതെത്തിയത്. ഏറ്റവും മികച്ച എയർലൈൻസ്, ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് കാറ്ററിങ് പുരസ്കാരങ്ങൾ ഖത്തർ എയർവേസ് സ്വന്തമാക്കി. തുടർച്ചയായി അഞ്ചാം തവണയാണ് ഖത്തർ എയർവേസ് ഏറ്റവും മികച്ച ബിസിനസ് ക്ലാസ് പുരസ്കാരം നേടുന്നത്.
യാത്രക്കാരുടെ റിവ്യൂ, സുരക്ഷ സൗകര്യങ്ങൾ, ഏറ്റവും നൂതനമായ സംവിധാനങ്ങൾ, വിമാനങ്ങളുടെ പുതുമ, സേവനം തുടങ്ങി 12ഓളം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വ്യോമയാന രംഗത്തെ പരിചയ സമ്പന്നരായ ജൂറിയുടെ നേതൃത്വത്തിലാണ് ‘എയർലൈൻ റേറ്റിങ് ഡോട്കോം’ സ്ഥാനം നിർണയിക്കുന്നത്. തങ്ങളുടെ വിവിധ മേഖലകളിലെ വിശകലനത്തിൽ ഖത്തർ എയർവേസ് പല പ്രധാന മേഖലകളിലും ഒന്നാം സ്ഥാനത്തെത്തിയതായി എയർലൈൻ റേറ്റിങ് ഡോട് കോം എഡിറ്റർ ഇൻ ചീഫ് ജെഫ്രി തോമസ് പറഞ്ഞു. യാത്രക്കാരുടെ റിവ്യൂവിൽ വിവിധ മേഖലകളിലായി ഖത്തർ എയർവേസിന്റെ സേവനങ്ങൾ മികച്ചുനിൽക്കും. സ്ഥിരതയും നൽകുന്ന സേവനങ്ങളിൽ യാത്രക്കാർക്കുള്ള മികച്ച മതിപ്പും ശ്രദ്ധേയമായിരുന്നു -ജെഫ്രി തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.