ദോഹ: ചൈന ആസ്ഥാനമായുള്ള സ്റ്റാർഹീർ ടെക്‌നോളജി നിർമിതബുദ്ധിയുടെ പിൻബലത്തോടെ നിർമിച്ച പരസ്യചിത്രങ്ങളിൽ നിറഞ്ഞ് ഖത്തറിന്റെ കാഴ്ചകൾ. ഖത്തറിന്റെ ദേശീയ വസ്ത്രത്തമണിഞ്ഞ് എത്തിയ മിസ്റ്റർ മെറ്റയാണ് പരസ്യത്തിലെ പ്രധാനതാരം. ഖത്തറിലെ ലുസൈൽ വാൽഡോർഫ് അസ്‌റ്റോറിയ ഹോട്ടലിന് മുന്നിൽ പോസ് ചെയ്യുന്നതിനിടെ ഖത്തറിലേക്ക് സ്വാഗതം എന്നർഥം വരുന്ന ചൈനീസ് മൻഡാരിൻ ഭാഷയിൽ ഹുവാനിംഗ് ലൈഡാവോ ഖത്തർ എന്ന് പരസ്യത്തിൽ പറയുന്നുണ്ട്. കോർണിഷിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിനും കതാറയിലെ ഓപ്പൺ തിയറ്റിനും ചുറ്റും മിസ്റ്റർ മെറ്റ നടന്നു നീങ്ങുന്നതും പരസ്യ ദൃശ്യങ്ങളിൽ കാണാം.
നിർമിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച കഥാപാത്രം ഖത്തരി തോബും ഗുത്രയും (ശിരോവസ്ത്രം) ധരിക്കുന്നതും ഒട്ടകത്തെ അനുഗമിക്കുന്നതുമെല്ലാമായി അറബ് ലോകത്തെ പുതുമയോടെ അവതരിപ്പിക്കുന്നു.
നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ച കഥാപാത്രങ്ങൾക്കെല്ലാം വ്യത്യസ്ത പേരുകളും വ്യക്തിത്വവും പിന്നാമ്പുറ കഥകളുമുണ്ടെന്ന് സ്റ്റാർഹീർ സി.ഇ.ഒ ടോഡ് ജിയാങ് അൽ ജസീറക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരാൾ ജനപ്രിയ സംഗീതത്തിനൊപ്പമാണ്. മറ്റൊരാൾ ഒരു പെൺകുട്ടിയാണ്. പുതിയ സാങ്കേതികവിദ്യയോടൊപ്പം നടക്കുന്ന ഒരാളും പിന്നെ ഒരു ബ്ലോഗറും വേറെയുണ്ട് -അദ്ദേഹം പറഞ്ഞു.
പരസ്യ ആവശ്യങ്ങൾക്കായി മനുഷ്യനെ സ്വാധീനിക്കുന്നവരെ അകറ്റി കമ്പ്യൂട്ടർ ജനറേറ്റഡ് പ്രതീകങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന ഒരു പ്രവണത ചൈനയിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.കമ്പനികളെ അവരുടെ ബ്രാൻഡ് നിയന്ത്രിക്കാനും സെലിബ്രിറ്റി അഴിമതികളും കുറ്റകൃത്യങ്ങളും പോലുള്ള കാര്യങ്ങളിൽ നിന്ന് ബ്രാൻഡ് പ്രതിഛായക്ക് മങ്ങലേൽക്കുന്ന കാര്യങ്ങളിൽ നിന്ന് അകന്ന് നിൽക്കാനും സഹായിക്കും.
റെഡി, വില, വിൻസെ, നാമി, മിസ്റ്റർ മെറ്റ തുടങ്ങി അഞ്ച് വെർച്വൽ ഡിജിറ്റൽ വ്യക്തിത്വങ്ങളെയാണ് സ്റ്റാർഹീർ 2021 ജൂൺ മുതൽ അവതരിപ്പിച്ചിരിക്കുന്നത്. വെയ്‌ബോ പോലുള്ള ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷത്തിലധികം ആരാധകരും ഫോളോവേഴ്‌സും ഇവർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.