ദോഹ: വർഷങ്ങളുടെ ഇടവേളക്കു ശേഷം ഖത്തറും ബഹ്റൈനും തമ്മിലെ നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നു. ബുധനാഴ്ച റിയാദിലെ ജി.സി.സി കൗൺസിൽ ആസ്ഥാനത്ത് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് 2017 ഗൾഫ് ഉപരോധത്തോടെ നിലച്ച നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ തീരുമാനമായത്.
ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയും, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലിഫയും യോഗത്തിൽ പങ്കെടുത്തു. ഐക്യരാഷ്ട്രസഭാ ചാർട്ടർ 1961ലെ നയതന്ത്രബന്ധം സംബന്ധിച്ച വിയന്ന വ്യവസ്ഥകളും അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ യോഗത്തിൽ തീരുമാനമായതായി ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
2017ൽ യു.എ.ഇ, ബഹ്റൈൻ, സൗദി, ഈജിപ്ത് എന്നീ നാല് രാജ്യങ്ങൾ പ്രഖ്യാപിച്ച ഗൾഫ് ഉപരോധത്തിനു പിന്നാലെയാണ് നയതന്ത്ര ബന്ധങ്ങൾ മുറിഞ്ഞത്. എന്നാൽ, 2021 ജനുവരിയിലെ അൽ ഉല ഉച്ചകോടിക്കു പിന്നാലെ മറ്റു മൂന്നു രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധ പുനസ്ഥാപിച്ചിരുന്നു. സൗദിയും ഈജിപ്തും ഖത്തറിൽ എംബസിയും ആരംഭിച്ചു.
ഇതിനിടയിലും, ബഹ്റൈനും ഖത്തറും തമ്മിലെ അഭിപ്രായ ഭിന്നതകൾ തുടരുകയായിരുന്നു. ഇതാണ് ജി.സി.സി ആസ്ഥാനത്ത് ചേർന്ന ഫോളോഅപ്പ് കമ്മിറ്റിയുടെ രണ്ടാം ഘട്ട യോഗത്തിനു പിന്നാലെ പരിഹരിക്കപ്പെട്ടത്.
കഴിഞ്ഞ ജനുവരിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും അബുദബിയിൽ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.