ദോഹ: ഖത്തർ ബലൂൺ ഫെസ്റ്റിവൽ വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നു. ദോഹ തുറമുഖത്തിന്റെ ഗ്രാൻഡ് ടെർമിനലിൽ വർണാഭമായതും ഭീമാകാരവുമായ ഹോട്ട് എയർ ബലൂണുകൾ രാത്രി ലൈറ്റ് ബൾബുകൾ പോലെ തിളങ്ങിനിന്ന ‘നൈറ്റ് ഗ്ലോ’ കാഴ്ചകൾക്ക് സാക്ഷികളാകാൻ നൂറുകണക്കിന് ആസ്വാദകരാണെത്തിയത്. ബലൂൺ ഫെസ്റ്റിവലിൽ ഒഴുകിപ്പരന്ന പശ്ചാത്തല സംഗീതത്തിനൊപ്പം ഇരുട്ടിൽ തിളങ്ങുന്ന വൈവിധ്യമാർന്ന ബലൂണുകൾ അടുക്കിവെച്ചത് അവിസ്മരണീയ കാഴ്ചയായിരുന്നു.
17 വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള ഹോട്ട് എയർ ബലൂണുകളാണ് ജനുവരി 28 വരെ നീളുന്ന ഫെസ്റ്റിവലിന്റെ ആകാശത്ത് വിസ്മയം വിതറുന്നത്. ഓൾഡ് ദോഹ പോർട്ടിൽ ഗ്രാൻഡ് ക്രൂസ് ടെർമിനലിന് പിന്നിലായാണ് ബലൂൺ ഫെസ്റ്റിവൽ അരങ്ങേറുന്നത്. വൈകീട്ട് നാലു മുതൽ രാത്രി പത്തുവരെ ആകാശത്ത് ഇവ അതിശയം വിതറും.
സ്ട്രോബറി, സൺഫ്ലവർ, യക്ഷി, അന്യഗ്രഹജീവി, ഹൃദയം, പക്ഷി തുടങ്ങി വ്യത്യസ്ത രൂപത്തിലും ആകൃതിയിലും വലുപ്പത്തിലുമൊക്കെയുള്ള 50ലേറെ ബലൂണുകളാണ് ഇക്കുറി ഫെസ്റ്റിവലിൽ അണിനിരക്കുന്നത്. ‘ലോകകപ്പിന് ശേഷം ഇത്തരമൊരു പരിപാടി വിരുന്നെത്തിയതിൽ സന്തോഷമുണ്ട്. ഗ്രാൻഡ് ടെർമിനലിൽ ഈ കാഴ്ചകൾ കാണാനെത്തിയ എന്റെ കുടുംബം വളരെ സന്തുഷ്ടരാണ്. നൈറ്റ് ഗ്ലോ ഷോകൾ ഏറെ മനോഹരമായിരിക്കുന്നു. ഇവിടെയുള്ള ബലൂണുകളൊക്കെ അതിശയം ജനിപ്പിക്കുന്നവയാണ്. എല്ലാ രാത്രിയിലും കുടുംബത്തെ ഇവിടെ കൊണ്ടുവരാൻ കഴിഞ്ഞെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എല്ലാവരെയും ആകർഷിക്കുന്ന മനോഹരവും തിളങ്ങുന്നതുമായ ഈ ഫെസ്റ്റിവൽ ഒരുക്കി താമസക്കാർക്കും സന്ദർശകർക്കും അസുലഭാവസരം നൽകിയ സംഘാടകർക്ക് നന്ദി’ -വർണബലൂണുകളുടെ ദൃശ്യം പകർത്തിക്കൊണ്ടിരുന്ന പ്രവാസി ഇന്ത്യക്കാരനായ സചിൻ പറഞ്ഞു. ഖത്തർ ടൂറിസവും ഖത്തർ എയർവേസും ചേർന്ന് വ്യാഴാഴ്ച മിനാ ഡിസ്ട്രിക്റ്റിൽ ആരംഭിച്ച ‘ഫീൽ വിന്റർ ഇൻ ഖത്തർ’ കാമ്പയിനിന്റെ ഭാഗമാണ് ഖത്തർ ബലൂൺ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ്. ഇവന്റിന്റെ പ്രധാന ആകർഷണങ്ങളായ ഹോട്ട് എയർ ബലൂണുകൾ, നൈറ്റ് ഗ്ലോ, ഭീമാകാരമായ തിളങ്ങുന്ന പട്ടങ്ങൾ എന്നിവക്ക് പുറമെ, തത്സമയ സ്റ്റേജ് പ്രകടനങ്ങൾ, ഡാൻസ് ഷോകൾ, ഡി.ജെ മ്യൂസിക്, മാജിക് ആൻഡ് ബബിൾ ഷോ, കാർണിവൽ ഗെയിമുകൾ, റോവിങ് മാസ്‌കറ്റുകൾ, വാക്കിങ് പരേഡ്, ഹ്യൂമൻ ബലൂൺ ഷോ, ക്ലൗൺ ഡ്രംസ് ഷോ തുടങ്ങിയവ ആളുകൾക്ക് പ്രിയമേറിയവയായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.