ദോഹ: ഗസ്സ മുനമ്പിലെ അത്യന്തം ഗുരുതരമായ സാഹചര്യങ്ങളെ ഉത്കണ്ഠയോടെയാണ് വീക്ഷിക്കുന്നതെന്നും എല്ലാ കക്ഷികളും ആക്രമണം അവസാനിപ്പിക്കണമെന്നും സമ്പൂർണ വെടിനിർത്തലിനായി പ്രവർത്തിക്കണമെന്നും ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി ഖത്തർ. എല്ലാ ബന്ദികളെയും പ്രത്യേകിച്ച് സാധാരണക്കാരെ നിരുപാധികം മോചിപ്പിക്കണമെന്നും ഗസ്സ മുനമ്പിലേക്ക് അടിയന്തര മാനുഷിക സഹായം ഉടൻ എത്തിക്കണമെന്നും സഹായമെത്തിക്കാൻ സുരക്ഷിത ഇടനാഴികൾ ഉടൻ തുറക്കാനും ഖത്തർ പ്രതിനിധി ആവശ്യപ്പെട്ടു.
ഫലസ്തീൻ ഉൾപ്പെടുന്ന മിഡിലീസ്റ്റിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സുരക്ഷ സമിതിയുടെ സംവാദത്തോടനുബന്ധിച്ച് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണക്കാർക്കെതിരായ പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും ഗസ്സ മുനമ്പിന് നേരെയായി ഇസ്രായേൽ അധിനിവേശ ഭരണകൂടം ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തെയും അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, ഭക്ഷണം, മരുന്ന്, ഊർജം എന്നിവയുൾപ്പെടെ നിഷേധിക്കുന്ന പ്രവൃത്തികളെയും കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്നും ശൈഖ അൽയാ അഹ്മദ് സൈഫ് ആൽഥാനി വ്യക്തമാക്കി.
നിർബന്ധിത കുടിയിറക്ക്, സിവിലിയന്മാരെ മാറ്റിപ്പാർപ്പിക്കുകയോ അഭയാർഥികളാക്കുകയോ ചെയ്യുന്നതുൾപ്പെടെ സഹോദരങ്ങളായ ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേലിന്റെ കൂട്ടായ ശിക്ഷാ നടപടികൾക്ക് നിലവിലെ സംഘർഷം കാരണമായി ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും, അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും പ്രത്യക്ഷമായ ലംഘനങ്ങളാണിതെന്നും ശൈഖ അൽയാ ഊന്നിപ്പറഞ്ഞു. ആശുപത്രികളെയും സ്കൂളുകൾ, പാർപ്പിട സമുച്ചയങ്ങൾ തുടങ്ങിയ സാധാരണക്കാരുടെ സൗകര്യങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള ഗസ്സയിലെ ഇസ്രായേൽ ആക്രമണം പ്രദേശത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ സർക്കാർ സ്വീകരിച്ചുവരുന്ന നയങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഖത്തർ കഴിഞ്ഞ മാസങ്ങളിൽ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. പുണ്യസ്ഥലങ്ങളുടെ മതപരവും ചരിത്രപരവുമായ പദവിയെ നിരസിക്കാനുള്ള ശ്രമങ്ങൾ, അൽ അഖ്സാ പള്ളിയിലേക്കുള്ള നിരന്തര നുഴഞ്ഞുകയറ്റം, കുടിയേറ്റ നയം വ്യാപിപ്പിക്കുക, ഭൂമി കൈയേറ്റം, ഫലസ്തീൻ തടവുകാർക്കെതിരെ ഏകപക്ഷീയമായ നടപടികൾ എന്നിവയെല്ലാം ഇതിലുൾപ്പെടുമെന്നും അവർ വിശദീകരിച്ചു.
അക്രമം കൂടുതൽ വ്യാപിച്ചാൽ മേഖലയിലെ ജനങ്ങൾ അതിന് വിലയൊടുക്കേണ്ടി വരുമെന്നും, യുദ്ധം ഒഴിവാക്കുന്നതിന് സഹകരണത്തോടെയുള്ള ചർച്ചകൾക്കാണ് ഖത്തർ പ്രാധാന്യം നൽകുന്നതെന്നും അവർ പറഞ്ഞു. ഗസ്സയിലെ ജനങ്ങൾക്ക് നൽകുന്ന മാനുഷിക പിന്തുണയെയും അടിയന്തര സഹായത്തെയും രാഷ്ട്രീയവത്കരിക്കുകയും ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ വസ്തുതകൾക്ക് വിരുദ്ധമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ നടപടിയെ തള്ളിക്കളയുകയാണെന്നും അവർ വ്യക്തമാക്കി. ഗസ്സയിലെ ജനങ്ങൾക്ക് ഖത്തർ നൽകുന്ന പിന്തുണ തീർത്തും മാനുഷികവും വികസനപരവുമാണെന്നും അവർ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.