ദോഹ: 'സ്പോർട് ഈസ് ലൈഫ്' എന്ന സന്ദേശവുമായി ഖത്തറിന് കായിക ദിനാഘോഷം. നല്ല ജീവിതത്തിന് നല്ല ആരോഗ്യം, നല്ല ആരോഗ്യം വ്യായാമത്തിലൂടെ എന്ന സന്ദേശവുമായി സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള സമൂഹം കായിക ദിനാഘോഷത്തിന്‍റെ ഭാഗമായി. പൊതു അവധി ദിനമായി പ്രഖ്യാപിച്ച ചൊവ്വാഴ്ച കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും വിവിധ പരിപാടികളോടെ രാജ്യം കായിക ദിനത്തിന്‍റെ സന്ദേശം ഗൗരവത്തോടെ ഏറ്റെടുത്തു.
പൊതുജനങ്ങളിൽ അവബോധം നൽകുന്നതിനായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സ്പോർട്സ് ഡേ പരിപാടികളിൽ പങ്കാളിയായി. അൽബെയ്ത് സ്റ്റേഡിയം പാർക്കിലെ നടപ്പാതയിലൂടെ സ്കൂൾ വിദ്യാർഥികൾക്കൊപ്പം നടന്നുകൊണ്ടായിരുന്നു അമീർ പങ്കാളിയായത്.
യുവജനങ്ങളിലും പുതു തലമുറയിലും കായികപരിശീലനത്തിന്റെയും വ്യായാമത്തിന്‍റെയും സന്ദേശം പകരുകയായിരുന്നു അമീർ. ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടന വേദികൂടിയായ അൽബെയ്ത് സ്റ്റേഡിയത്തിന്റെ ചുറ്റിലുമായി തയാറാക്കിയ വിശാലമായ പാർക്കിലായിരുന്നു അമീർ ദേശീയ കായിക ദിനത്തിൽ പങ്കാളിയായത്.
പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ലുസൈൽ മറീനയിൽ കായിക ദിന സന്ദേശവുമായി പ്രഭാതസവാരിയിൽ പങ്കെടുത്തു. ഖത്തറിൽ സന്ദർശനം നടത്തുന്ന മൊറോക്കോ പ്രധാനമന്ത്രി അസീസ് അക്നോഷും പ്രധാനമന്ത്രിക്കൊപ്പം ലുസൈൽ അറീനയിൽ നടക്കാനെത്തി.
ദേശീയ കായിക ദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ സർക്കാർ വിഭാഗങ്ങളും ഇന്ത്യൻ സമൂഹവും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.