ദോഹ: ആറു മാസമായി തുടരുന്ന ദുരിതാശ്വാസ സഹായങ്ങളുടെ തുടർച്ചയായി ഖത്തറിന്റെയും തുർക്കിയയുടെയും നേതൃത്വത്തിൽ ഒരു കപ്പൽ നിറയെ മരുന്നും ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും ഗസ്സയിലേക്ക്. ‘ഗസ്സ ഗുഡ്നെസ് ഷിപ്’എന്ന പേരിലാണ് തുർക്കിയയിലെ മെർസിൻ അന്താരാഷ്ട്ര തുറമുഖത്തുനിന്നും കഴിഞ്ഞ ദിവസം സഹായക്കപ്പൽ യാത്ര തുടങ്ങിയത്. 1900ത്തിലധികം ടൺ മാനുഷിക സഹായവുമായി ഈജിപ്തിലെ അൽ അരീഷ് തുറമുഖം ലക്ഷ്യമാക്കിയാണ് കപ്പൽ നീങ്ങിയത്.
ഖത്തർ ഡെവലപ്മെന്റ് ഫണ്ട് (ക്യു.എഫ്.എഫ്.ഡി) നൽകുന്ന 1358 ടൺ സഹായവും തുർക്കിയയുടെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് പ്രസിഡൻസി (എ.എഫ്.എ.ഡി) നൽകുന്ന 550 ടൺ സഹായ സാമഗ്രികളും കപ്പലിലുണ്ട്. മെർസിൻ തുറമുഖത്ത് നിന്നും കപ്പൽ പുറപ്പെടുന്ന ചടങ്ങിൽ ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പങ്കെടുത്തു. ഖത്തറും തുർക്കിയയും തമ്മിലെ സൗഹൃദത്തിന്റെ അടയാളം കൂടിയായാണ് ഈ സഹായ പ്രവാഹമെന്നും മാനുഷിക സഹായം വിതരണം ചെയ്യുന്നത് തുടരുമെന്നും ലുൽവ അൽ ഖാതിർ പറഞ്ഞു. ഇസ്രായേൽ യുദ്ധത്തിനും ഉപരോധത്തിനും കീഴിലുള്ള ഗസ്സയിലെ 20 ലക്ഷത്തിലധികം വരുന്ന ജനതയുടെ പോരാട്ടവും നിശ്ചയദാർഢ്യവും ഖത്തർ മന്ത്രി ചൂണ്ടിക്കാട്ടി.
നാലാം ജനീവ കൺവെൻഷൻ പ്രകാരം അധിനിവേശ സേനയുടെ മേലുള്ള നിയമപരമായ ബാധ്യതകൾ ചൂണ്ടിക്കാട്ടിയ അവർ, ഗസ്സ മുനമ്പിലേക്ക് സുസ്ഥിരവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായത്തിന്റെ ഒഴുക്ക് നമ്മുടെ കടമയാണെന്നും പറഞ്ഞു.റഫ അതിർത്തിക്ക് നേരെയുള്ള ഇസ്രായേലിന്റെ പുതിയ ആക്രമണ നീക്കം സഹായവിതരണം തടസ്സപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി. ഗസ്സക്കാർക്കുവേണ്ടിയുള്ള ഖത്തറിന്റെ സഹായ ശ്രമങ്ങളിൽ മുൻപന്തിയിലുള്ള വ്യക്തിയാണ് ലുൽവ അൽ ഖാതിർ. നവംബറിൽ റഫ സന്ദർശിച്ചതോടെ ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ പ്രവേശിക്കുന്ന ആദ്യ ഉന്നത അറബ് ഉദ്യോഗസ്ഥയായി അവർ മാറുകയും ചെയ്തിരുന്നു.ഗസ്സയിൽ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര നടപടിയുടെ അനിവാര്യത അവർ ഊന്നിപ്പറയുകയും അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അടിസ്ഥാന വിഭവങ്ങളുടെയും സഹായത്തിന്റെയും അഭാവത്തിൽ കടുത്ത പോഷകാഹാരക്കുറവും നിർജലീകരണവും മൂലം 31 കുട്ടികൾ ഗസ്സയിൽ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.